HOME
DETAILS
MAL
മംഗളൂരുവില്‍നിന്ന് കൂടുതല്‍ ആഭ്യന്തര സര്‍വിസുമായി വിമാനക്കമ്പനികള്‍
backup
January 03 2021 | 03:01 AM
കണ്ണൂര്‍: മംഗളൂരു രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തതോടെ കൂടുതല്‍ ആഭ്യന്തര സര്‍വിസ് മംഗളൂരുവിലേക്കു മാറ്റി വിമാനക്കമ്പനികള്‍.
വിമാനത്താവള നടത്തിപ്പ് കഴിഞ്ഞ ഒക്ടോബര്‍ 31ന് ഏറ്റെടുത്തതോടെയാണ് കൂടുതല്‍ സര്‍വിസുകള്‍ മംഗളൂരുവിലേക്ക് എത്തിക്കാന്‍ അദാനി ഗ്രൂപ്പ് വിമാനക്കമ്പനികളുമായി ചര്‍ച്ച തുടങ്ങിയത്.
കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയതോടെ സര്വിസാകെ മംഗളൂരു വിട്ട് കണ്ണൂരിലേക്കു മാറ്റിയ ഗോ എയറാണു മംഗളൂരു വിമാനത്താവളം അദാനി ഗ്രൂപ്പിനു കീഴിലായതോടെ കൂടുതല്‍ വിമാനസര്‍വിസ് അവിടെ നിന്നു തുടങ്ങിയത്.
മംഗളൂരുവില്‍നിന്ന് അഹമ്മദാബാദ്, പോര്‍ട്ട്ബ്ലെയര്‍, കൊല്‍ക്കൊത്ത, ഡല്‍ഹി, മുംബൈ, ബംഗളൂരു, കൊച്ചി, വാരാണസി, ലക്നോ, റാഞ്ചി, പൂനെ, ഭുവനേശ്വര്‍ എന്നിവിടങ്ങളിലേക്കു ഗോ എയര്‍ നേരിട്ടുള്ള വിമാന സര്‍വിസ് ആരംഭിച്ചുകഴിഞ്ഞു.
ബംഗളൂരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കു മാത്രമാണു നേരത്തെ മംഗളൂരുവില്‍നിന്നു നേരിട്ട് വിമാന സര്‍വിസ് ഉണ്ടായിരുന്നത്. മറ്റൊരു സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ മംഗളൂരുവില്‍ നിന്നുള്ള പുതിയ ഷെഡ്യൂളും വരാനുണ്ട്. നേരത്തെ സര്‍വിസില്ലാത്ത ഒന്പതിടത്തേക്കാണു മംഗളൂരുവില്‍ നിന്നു പുതുതായി ആഭ്യന്തര സര്‍വിസ് തുടങ്ങിയത്.
അതേസമയം കണ്ണൂരില്‍ നിന്നുള്ള ആഭ്യന്തര സര്‍വിസ് വിമാനക്കമ്പനികള്‍ കുറച്ചിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്നു വെട്ടിക്കുറച്ച സര്‍വിസ് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ 14 എണ്ണമുണ്ടായിരുന്ന സര്‍വിസ് നിലവില്‍ നാലെണ്ണമാണുള്ളത്. ബംഗളൂരുവിലേക്ക് ആഴ്ചയില്‍ 21 സര്‍വിസ് ഉണ്ടായിരുന്നത് 14 എണ്ണമാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഹൈദരാബാദിലേക്കു നേരത്തെയുണ്ടായിരുന്ന രണ്ടു വിമാനക്കമ്പനികളുടെ സര്‍വിസ് ഒന്നായി ചുരുങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."