അസ്ലംവധം: പ്രതികളെ ഹാജരാക്കാതെ സി.പി.എം നേതൃത്വം പൊലിസിനെ കബളിപ്പിച്ചു
നാദാപുരം: അസ്ലം വധത്തില്‍ പ്രതിയാണെന്നു സംശയിക്കുന്ന ആളെ ഹാജരാക്കാമെന്നു പറഞ്ഞ് സി.പി.എം നേതാക്കള്‍ പൊലിസിനെ കബളിപ്പിച്ചു. കാര്‍ വാടകയ്ക്കെടുത്ത വളയം സ്വദേശിയെ ഹാജരാക്കാമെന്ന് സി.പി.എം നേതൃത്വം നേരത്തെ പൊലിസിനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കുറ്റ്യാടി നാദാപുരം സി.ഐമാര്‍ വളയം പൊലിസ് സ്റ്റേഷനിലെത്തിയിരുന്നു.
രാത്രി ഒന്പതുവരെ പൊലിസ് കാത്തിരുന്നിട്ടും നേതാക്കള്‍ ആരെയും ഹാജരാക്കിയില്ല. വാണിമേല്‍ സ്വദേശിയില്‍ നിന്നു കൊലപാതകത്തിനായി പ്രതികള്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ച കാര്‍ വാടകയ്ക്കെടുത്തത് ഇയാളാണെന്നാണ് പൊലിസിന്റെ നിഗമനം. ഇദ്ദേഹം വാടകക്കെടുത്ത കാറിലാണു കൊലയാളി സംഘം യാത്ര ചെയ്തത്. കൃത്യം നിര്‍വഹിച്ചു പ്രതികള്‍ ഈ വാഹനത്തില്‍ തന്നെ രക്ഷപ്പെടുകയായിരുന്നെന്നാണു വിവരം. സംഭവ സമയത്തു വാഹനം ഓടിച്ചതും ഇയാള്‍ തന്നെയാണെന്നാണു പൊലിസ് നിഗമനം.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് അക്രമിസംഘം അസ്ലമിനെ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. സംഭവം നടന്ന് ആറു ദിവസമായെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം വ്യാപകമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."