വീണ്ടും പിടിവിട്ട് കൊവിഡ്; രാജ്യത്ത് പ്രതിദിന കേസുകള്‍ അരലക്ഷം കവിഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വീണ്ടും പിടി വിടുന്നു. 24 മണിക്കൂറിനിടെ 58,097 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം ബാധിച്ചത്. ഇന്നലത്തേതിനേക്കാള്‍ 55 ശതമാനം വര്‍ധനവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 37,379 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
കഴിഞ്ഞ ദിവസം 534 പേര്‍ മഹാമാരി ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 482,551 ആയി. ഇന്ത്യയില്‍ ഇതുവരെ 3.502 കോടി പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. പ്രതിദിന രോഗബാധ 4.18 ശതമാനമായി ഉയര്‍ന്നു.
കഴിഞ്ഞ ദിവസം 15,389 പേര്‍ രോഗമുക്തി നേടി. ഇതുവരെ 3,43,21,803 പേരാണ് രാജ്യത്ത് കൊവിഡ് മുക്തരായത്.
രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം 2135 ആയി ഉയര്‍ന്നു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ളത്. മഹാരാഷ്ട്ര 653 കേസുകളും ഡല്‍ഹി 464 കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്നാം തരംഗത്തെ തുടര്‍ന്ന് ഡല്‍ഹിയും കര്‍ണാടകയും വാരാന്ത്യ കര്‍ഫ്യൂ ഏര്‍പെടുത്തിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ 90 ശതമാനവും ബംഗളൂരുവിലാണെന്നും വ്യാപനത്തിന്റെ പ്രഭവകേന്ദ്രം ബംഗളൂരുവായെന്നും കര്‍ണാടക ആരോഗ്യമന്ത്രി ഡോ.കെ. സുധാകര്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."