സുരക്ഷയില്ലാതെ മെഡിക്കല്‍ കോളജ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനികളുടെ ഹോസ്റ്റല്‍ ഒരു മിനുട്ട് പോലും ഇവര്‍ സുരക്ഷിതരല്ല !
കോഴിക്കോട്: മതിയായ സുരക്ഷാ സംവിധാനമില്ലാതെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന ഹോസ്റ്റല്‍. നൂറില്‍പ്പരം വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരോ ജീവനക്കാരോ ഇല്ല. അടിസ്ഥാന ആവശ്യങ്ങളായ വെള്ളം, വൈദ്യുതി, കാന്റീന്‍ സൗകര്യങ്ങള്‍ എന്നിവയല്ലാം പേരിനു മാത്രമാണ്. രണ്ട് സുരക്ഷാ ജീവനക്കാര്‍ ഉണ്ടാകണമെന്ന വ്യവസ്ഥയുണ്ടെങ്കിലും ഒരാള്‍ മാത്രമാണ് നിലവിലുള്ളത്. നിലവിലുള്ള ഒരാള്‍ ഡ്യൂട്ടി കഴിഞ്ഞു പോയാല്‍ സുരക്ഷാ ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണ്. ഇതോടെ ആര്‍ക്കും ഏതുസമയവും ഹോസ്റ്റല്‍ ഗ്രൗണ്ടില്‍ പ്രവേശിക്കാം.
രാത്രിയായാല്‍ സാമൂഹ്യവിരുദ്ധരുടെ താവളമായും പരിസരം മാറുന്നുണ്ടെന്നും വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും പറയുന്നു. രാത്രിയില്‍ ഹോസ്റ്റലിന്റെ ഭാഗങ്ങളില്‍ വൈദ്യുതിയില്ലാത്തതും ഇവര്‍ക്ക് ഗുണകരമാകുന്നുണ്ട്. രണ്ടേക്കറോളം വരുന്ന സമീപത്തെ പാര്‍ക്കിനായി ഒരുക്കിയ സ്ഥലം കാടുപിടിച്ചു കിടക്കുന്നതും ഇത്തരക്കാര്‍ക്ക് താവളമുണ്ടാക്കാന്‍ സഹായകമാകുന്നു. ഹോസ്റ്റലിന്റെ ഇരുഭാഗങ്ങളിലായി ആശുപത്രി കക്കൂസ് മാലിന്യങ്ങള്‍ പൊട്ടിയൊഴുകുന്നത് മൂലമുള്ള പകര്‍ച്ചവ്യാധി ഭീഷണിയും വിദ്യാര്‍ഥികള്‍ക്ക് പ്രയാസമാകുന്നുണ്ട്. രാത്രിയായാല്‍ കൊതുകു വലയ്ക്കുള്ളില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കഴിയണമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. കൂടാതെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ പ്രധാന ഭാഗങ്ങളില്‍ കാടുപിടിച്ച് ചെടികള്‍ വളരുന്നത് കെട്ടിടത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുകയാണ്. ഹോസ്റ്റലിന് പുറത്തായി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യമുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. ഹോസ്റ്റലിനുള്ളില്‍ സ്ഥാപിച്ച മാര്‍ബിള്‍ പൊട്ടിപ്പൊളിഞ്ഞത് വിദ്യാര്‍ഥികള്‍ക്ക് അപകട ഭീഷണിയുയര്‍ത്തുന്നുമുണ്ട്. എന്നാല്‍ നിലവിലെ ഹോസ്റ്റല്‍ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും അധികൃതര്‍ക്ക് പരാതി നല്‍കിയില്ലെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."