കോടതി വിധിയില്‍ സന്തോഷമെന്ന് മന്ത്രി എ.കെ ബാലന്‍
പാലക്കാട്: വാളയാര്‍ കേസില്‍ വിചാരണ കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ സന്തോഷമുണ്ടെന്ന് മന്ത്രി എ.കെ ബാലന്‍. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ച ഹൈക്കോടതി കേസില്‍ പുനര്‍വിചാരണ നടത്തണമെന്നും തുടരന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ക്രിമിനല്‍ നീതിന്യായ നിര്‍വഹണ ചരിത്രത്തിലെ അപൂര്‍വമായ വിധിയാണിത്. കേസില്‍ പൊലിസിനും പ്രോസിക്യൂഷനും വിചാരണക്കോടതിക്കും വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചിരുന്നു. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല. കേസിലെ പ്രധാന സാക്ഷിയായ ഇളയ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കിയില്ല. കേസിലെ സാഹചര്യം മേലധികാരികളെയോ സര്‍ക്കാരിനെയോ അറിയിച്ചില്ല. ഇളയ കുട്ടി മരണപ്പെട്ടതോടെ കേസിലെ പ്രധാന സാക്ഷി തന്നെ ഇല്ലാതായെന്നും ബാലന്‍ പറഞ്ഞു.
പ്രോസിക്യൂഷന്റെ ഭാഗത്ത് ഗുരുതര പിഴവുകളുണ്ടായി. വിചാരണക്കോടതിയുടെ ഭാഗത്തും പിഴവുകള്‍ ഉണ്ടായി. പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ച ഉണ്ടായപ്പോള്‍ വേണ്ട പോലെ ഇടപെടാന്‍ കോടതി തയ്യാറായില്ല. കോടതി അതിന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചില്ല. തെളിവെടുപ്പിനിടെ അനാവശ്യ നിരീക്ഷണങ്ങള്‍ കോടതി നടത്തി. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ വിധിന്യായത്തില്‍ വന്നു. നീതിനിര്‍വഹണത്തില്‍ കോടതി കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കില്‍ കേസിന്റെ വിധി ഇങ്ങനെ ആവുമായിരുന്നില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റമറ്റ രീതിയില്‍ പുനര്‍വിചാരണയും തുടര്‍ അന്വേഷണവും നടത്താനുള്ള എല്ലാ സാഹചര്യങ്ങളും സര്‍ക്കാര്‍ സൃഷ്ടിക്കും. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകും- എ.കെ ബാലന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."