HOME
DETAILS

വാടാതിരിക്കട്ടെ നമ്മുടെ പൂക്കൾ

  
backup
January 13 2022 | 19:01 PM

486523459362-2

വെള്ളിപ്രഭാതം
ടി.എച്ച് ദാരിമി

അല്ലാഹു പറയുന്നു: സൃഷ്ടികര്‍മം നിര്‍വഹിക്കുകയും അത് ദൃഢീകരിച്ച് സംവിധാനിക്കുകയും വ്യവസ്ഥ നിശ്ചയിച്ച് നേര്‍മാര്‍ഗം കാട്ടുകയും ചെയ്ത മഹോന്നതനായ നാഥന്റെ തിരുനാമം വാഴ്ത്തുക (87:1-3). അല്ലാഹുവിന്റെ സൃഷ്ടിപ്പ് കണിശമായ ചില അളവുകളും കണക്കുകളും അടങ്ങുന്ന വ്യവസ്ഥകൾക്ക് വിധേയമാണ് എന്ന് വ്യക്തമാക്കുന്ന ഇത്തരം നിരവധി സൂക്തങ്ങൾ വിശുദ്ധ ഖുർആനിൽ കാണാം. അവ മാനിക്കപ്പെടാതെവന്നാൽ സൃഷ്ടി വേഗം രോഗാതുരമാകും എന്നത് ഇതിൽനിന്ന് പ്രാഥമികമായി തന്നെ മനസിലാക്കാം. കൃത്യമായ അളവിലുള്ള വിശ്രമം, ഉറക്കം, ഭക്ഷണം, രക്തത്തിലെ ഗ്ലൂക്കോസ് മുതൽ അതിന്റെ തുടിപ്പിന്റെ വേഗതയുടെ നിദാനമായ സമ്മർദം വരെയുള്ള കണക്കുകൾ തുടങ്ങി നമ്മുടെ ജീവിതത്തിൽനിന്ന് അനായാസം പെറുക്കിയെടുക്കാവുന്ന ഉദാഹരണങ്ങൾ ഇതിന്‌ നിരവധിയാണ്. ഈ കണക്കുകൾ ആരോഗ്യത്തിനെന്ന പോലെ തന്നെ ഭംഗിയുടെയും സൗകുമാര്യത്തിന്റെയുമെല്ലാം ആശ്രയം തന്നെയാണ്. അതുകൊണ്ടാണ് ഒരു അവയവമോ കൺമണി പോലുമോ പ്രകൃത്യാ ഉണ്ടാവേണ്ടതിനേക്കാൾ ചെറുതാവുകയോ വലുതാവുകയോ ചെയ്യുന്നതോടെ മനുഷ്യന് വൈരൂപ്യമുണ്ടാകുന്നത്. വളർച്ചയ്ക്കുമുണ്ട് ഈ വ്യവസ്ഥ. അതുകൊണ്ടാണ് ഒരു കുഞ്ഞിന് വലിയ ഒരാളുടേതിന് സമാനമായ അവയവങ്ങൾ ഉണ്ടായാലും കൗമാരത്തിൽ വരേണ്ട മീശ പോലുള്ളവ ശൈശവത്തിൽ തന്നെ വന്നാലുമെല്ലാം അതിൽ നാം അസ്വാഭാവികത കാണുന്നത്.


ഈ വ്യവസ്ഥക്കു വിധേയമായി ക്രമപ്രവൃദ്ധമായ ഒരു വളർച്ചയാണ് മനുഷ്യന് അല്ലാഹു നൽകിയിട്ടുള്ളത്. ആ ക്രമത്തിൽ ചെറുപ്രായത്തിൽ പറ്റുന്നതും പറ്റാത്തതുമായവയുണ്ട്. കുട്ടികളുടെ ബുദ്ധി, ശേഷികൾ, അവയവങ്ങൾ തുടങ്ങിയവയെല്ലാം വളരെ ലോലവും ദുർബലവുമായിരിക്കും. അതിനാൽ ഈ ഘട്ടത്തിൽ മുതിർന്നവരുടേതിന് സമാനമായ ഊർജപ്രയോഗം അവരെയും അവരുടെ ശേഷികളെയും ക്ഷീണിപ്പിക്കും. മാത്രമല്ല, അത് അവരുടെ ജീവിതത്തെ കൊച്ചുനാളിലേ രോഗാതുരമാക്കും. ഗൗരവമായി ചിന്തിക്കുക, തീക്ഷ്ണതയോടെ ശ്രദ്ധിച്ചുനോക്കുകയോ കേൾക്കുകയോ ചെയ്യുക തുടങ്ങിയവയെല്ലാം ഈ പ്രായത്തിൽ അവരുടെ ഇന്ദ്രിയബന്ധിയായ ശാരീരിക ക്ഷമതയെ ദുർബലമാക്കും. ഇത് സംബന്ധമായ ശാസ്ത്രീയ ഗവേഷണങ്ങൾ, ശാരീരിക അനുഭവങ്ങൾ തുടങ്ങിയവയിലേക്കൊന്നും കടക്കാതെ തന്നെ പറയാവുന്നതും മനസിലാക്കാവുന്നതുമായ കാര്യങ്ങളാണിത്. ഇവ്വിഷയകമായ മതപരമായ വായന അതിന്റെ കാരണം പറയുന്നുണ്ട്. അത് സ്രഷ്ടാവിന്റെ സൃഷ്ടിയുക്തിക്ക് വിരുദ്ധമാണ് എന്നതിനാലാണത്. അല്ലാഹുവിന്റെ സൃഷ്ടിവ്യവസ്ഥ പാലിക്കാനും മാനിക്കാനും വിശ്വാസികൾ ബാധ്യസ്ഥരാണ്. അല്ലാഹു പറയുന്നു: അതുകൊണ്ട് താങ്കള്‍ ഋജുമനസ്‌കനായി സ്വന്തത്തെ ദീനിന്നുനേരെ-അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച ശുദ്ധപ്രകൃതത്തില്‍-പ്രതിഷ്ഠിക്കുക. അവന്റെ സൃഷ്ടിവ്യവസ്ഥയ്ക്ക് യാതൊരു ഭേദഗതിയുമുണ്ടാവില്ല. അതത്രേ നേര്‍ക്കുനേരെയുള്ള മതം; പക്ഷേ മിക്കവരും യാഥാര്‍ഥ്യം ഗ്രഹിക്കുന്നില്ല (30:30).


ഇന്ന് ഇത് പറയേണ്ടതും ഉണർത്തേണ്ടതുമായ ഒരു സാഹചര്യം തീർച്ചയായും സംജാതമായിട്ടുണ്ട്. കാരണം, പുതിയ കാലം കുഞ്ഞുങ്ങളുടെ കൈകളിൽനിന്ന് കളിപ്പാട്ടങ്ങളും ഓലപ്പീപ്പികളും വാങ്ങി മാറ്റിവച്ചിരിക്കുകയാണ്. ലോലതാളത്തിലുള്ള താരാട്ടുകൾ പാടുന്ന വായകളെ അടച്ചുപിടിച്ചിരിക്കുകയാണ്. മുറ്റത്തും അടുക്കളത്തോട്ടത്തിലും അവർക്കു മുമ്പിൽ വേലി കെട്ടിയിരിക്കുകയാണ്. പകരം അവരെ ശീതീകരിച്ച മുറിയിൽ ഒരു പാട് പ്ലാസ്റ്റിക്കുകളിൽ കെട്ടിവരിഞ്ഞ് തടഞ്ഞുവച്ചിരിക്കുകയാണ്. എന്നിട്ട് അവരുടെ കൈയിൽ ടാബും മൊബൈലും ടി വിയുടെ റിമോട്ടും കൊടുത്തിരിക്കുകയാണ്. മൂന്ന് മുതൽ പ്രായമുള്ള കുട്ടികളുടെ കളിക്കോപ്പുകൾ ഇപ്പോൾ പൊതുവെ ഇലക്ട്രോണിക് ഡിജിറ്റലൈസ്ഡാണ്. ബസും കാറും വിമാനവുമടങ്ങുന്ന കളിക്കോപ്പുകൾ പോലും അവർക്ക് കൊടുക്കുന്നില്ല, കൊടുത്താൽ തന്നെ കുട്ടികൾക്കത് വേണ്ടതാനും. ഈ കുട്ടികൾ അധികവും ഇത്തരം ഡിജിറ്റൽ കളിക്കോപ്പുകൾ സ്വമേധയാ തെരഞ്ഞെടുക്കുവാൻ തുടക്കത്തിലെങ്കിലും കഴിവുള്ളവരല്ല. അവ മാതാപിതാക്കൾ സ്വമേധയാ നൽകുന്നതാണ്. അവർക്കത് തങ്ങളുടെ വലുപ്പം പ്രകടിപ്പിക്കുവാനുള്ള ഒരു വഴിയുമാണ്.


അതൊക്കെ സമൂഹത്തെ പുതിയ കാലം പഠിപ്പിച്ച ശീലങ്ങൾ. ഇങ്ങനെ പറഞ്ഞൊന്നും അതിൽ ഇടപെടാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. നമ്മുടേത് പഠനവും ചിന്തയുമാണ്. അവരുടേതാവട്ടെ വികാരമാണ്. ചിന്തയും വികാരവും ഏറ്റുമുട്ടിയാൽ ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും വിജയിക്കുക വികാരമാണ്. എങ്കിലും ചിന്തിക്കുന്നവരുണ്ടാകും. അവർക്കു വേണ്ടി ഇതിന്റെ ചില അപകടങ്ങൾ പറയാം. മതപരമായി അല്ല, ശാസ്ത്രീയമായി തന്നെ. ടിവി, മൊബൈല്‍, ടാബ്ലറ്റ് പോലുള്ളവയുടെ സ്‌ക്രീനുകളുടെ മുമ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികളില്‍ ഓട്ടിസം എന്ന അവസ്ഥയുടെ ലക്ഷണങ്ങള്‍ കാണപ്പെടുന്നു എന്ന് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഇങ്ങനെയുണ്ടാകുന്ന ഓട്ടിസത്തെ വെര്‍ച്വല്‍ ഓട്ടിസം എന്നാണ് വിളിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ കൂടുതല്‍ സമയം സ്‌ക്രീന്‍ ഉപയോഗിക്കുന്നവരിലാണ് ഇത് പ്രധാനമായും കാണപ്പെടുന്നത് എന്ന് വൈദ്യശാസ്ത്ര രംഗത്തുള്ളവരുടെ അനുഭവങ്ങൾ തെളിയിക്കുന്നു. ഇത് ആദ്യമായി കണ്ടെത്തുന്നത് റൊമാനിയയിലെ ഡോക്ടര്‍ മാരിയസ് സമ്ഫീർ (Dr.Marius Zamfir) എന്ന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്. റൊമാനിയയില്‍ രണ്ടു-മൂന്ന് വയസിനിടയിലുള്ള കുട്ടികളില്‍ ഓട്ടിസം ബാധിച്ചവരായി കണ്ടെത്തിയവരില്‍ 90% പേരും ടെലിവിഷന്‍, മൊബൈല്‍ മറ്റു ഉപകരണങ്ങള്‍ എന്നിവ നിരന്തരമായി വീക്ഷിച്ചിരുന്നതിന്റെ സ്വാധീനം കണ്ടെത്തിയിരുന്നു. കാലം മുന്നോട്ടുപോകുന്നതിനൊപ്പം ഈ പ്രവണത കൂടി വരുന്നതായി അവർ കണ്ടെത്തിയിട്ടുണ്ട്. അവരുടെ നിരീക്ഷണ പ്രകാരം 1975 വരെ 5000 കുട്ടികളില്‍ ഒരു കുട്ടിയാണ് ഈ ഓട്ടിസം ബാധിച്ചതായി കണ്ടെത്തിയിരുന്നതെങ്കില്‍ 2005ല്‍ അത് 500ല്‍ ഒന്നും 2015ല്‍ 68ല്‍ ഒന്നും എന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നു. ഇതിന് പ്രധാനമായും അവര്‍ ചൂണ്ടിക്കാണിക്കുന്ന കാരണം ടിവി, കംപ്യൂട്ടര്‍, ലാപ്‌ടോപ്, മൊബൈല്‍, ടാബ്ലറ്റ് എന്നിവയുടെ വ്യാപനമാണ്.


നാഡീപരമായ തകരാറുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നതുമൂലം ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു രോഗാവസ്ഥയാണ് ഓട്ടിസം. ഈ രോഗം ആദ്യം താളം തെറ്റിക്കുന്നത് സാമൂഹ്യജീവിതത്തെയാണ്. സ്നേഹങ്ങൾ ഏറ്റുവാങ്ങി ഓമനയായി തുള്ളിച്ചാടി വളരേണ്ട കാലത്ത് ഓട്ടിസം ബാധിച്ച കുട്ടികൾ തീര്‍ത്തും സമൂഹത്തില്‍നിന്ന് മാറിനിന്ന് തന്റേതായ ഒരു ലോകത്ത് ജീവിക്കാനാണ് താല്‍പര്യപ്പെടുന്നത്. മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള പ്രയാസം, യാതൊരു പ്രകോപനവുമില്ലാതെ മറ്റുള്ളവരെ ഉപദ്രവിക്കുക, ഒരേ പോയന്റിലേക്ക് ഒരുപാട് നേരം നോക്കിനില്‍ക്കുക, കൈകളും ശരീരഭാഗങ്ങളും പ്രത്യേകരീതിയില്‍ ചലിപ്പിക്കുക, പ്രത്യേകതരം ശബ്ദങ്ങളും പ്രയോഗങ്ങളും ആവര്‍ത്തിക്കുക, അലക്ഷ്യമായി ഇറങ്ങി നടക്കുക, ചില വസ്തുക്കളോടും സാധനങ്ങളോടും പ്രത്യേക ഇഷ്ടം കാണിക്കുക, പ്രായത്തിനനുസൃതമായ സാമൂഹിക ഇടപെടലിനുള്ള ശേഷി കാണിക്കാതിരിക്കുക, പേര് വിളിച്ചാല്‍ ഗൗനിക്കാതിരിക്കുക തുടങ്ങിയവയാണ് ഓട്ടിസത്തിന്റെ പ്രധാന ലക്ഷണങ്ങളായി കണക്കാക്കുന്നത്. മൊത്തത്തിൽ ഒരു മെൻഡൽ ഡിസോർഡറാണ് ഓട്ടിസം. അഥവാ കുട്ടിക്കാലത്തേ ബൗദ്ധികക്രമം താളം തെറ്റുന്നു. ബുദ്ധി, വികാരം, ആസ്വാദനം തുടങ്ങിയവ താളം തെറ്റുന്നത് ശരീരം രോഗതുരമാകുന്നതു പോലെയല്ല, അത് കുട്ടിയുടെ കുലത്തിലെ ഭാവിയെ തന്നെ അവതാളത്തിലാകും. ഫലത്തിൽ കുട്ടിയെ തന്നെ നമുക്ക് നഷ്ടപ്പെടും.


ടിവി, മൊബൈല്‍ പോലോത്തവയോട് കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികളില്‍ ശ്രദ്ധക്കുറവ്, ബുദ്ധിക്കുറവ്, പഠന താല്‍പര്യക്കുറവ്, ഭാഷാ വികസനക്കുറവ്, മാനസിക സന്തുലിതവസ്ഥക്കുറവ്, ഹൈപ്പര്‍ ആക്ടിവിറ്റി (അമിത ചലനാത്മകത) എന്നിവയും കണ്ടുവരുന്നതായി പഠനങ്ങളുണ്ട്. ഇവയെല്ലാം ഓട്ടിസത്തിലും കാണാന്‍ സാധിക്കും. രണ്ടു മണിക്കൂറിലധികം സമയം സ്‌ക്രീന്‍ ഉപയോഗിക്കുന്ന ചെറിയ കുട്ടികളുടെ മസ്തിഷ്‌കത്തില്‍ വെളുത്ത ദ്രവ്യം കുറയുന്നതായി കാണുന്നു. ഇവ ചിന്തയുടെ ഏകോപനത്തിനും സംസ്‌കരണത്തിനും മറ്റു സുപ്രധാന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനും സഹായിക്കുന്നവയാണ്. ഭാഷാപഠനം, സാക്ഷരതാ, ഓര്‍മ എന്നിവ ഉണ്ടാക്കുന്നതിന് തലച്ചോറിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ലൈനുകള്‍ പോലെയുള്ള ട്രാക്കുകളാണിവ. കൂടുതല്‍ സ്‌ക്രീന്‍ സമയമുള്ള കുട്ടികളില്‍ അവികസിതമായാണ് കാണുന്നത്. അതുപോലെ തലച്ചോറിലെ ന്യൂറോ കെമിക്കലുകളുടെ മാറ്റങ്ങള്‍ക്കും കാരണമാകുന്നു. വിവിധ ഹോർമോണുകളുടെ കാര്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഇത്തരം സ്വഭാവ വൈകൃതങ്ങളും എടുത്തുചാട്ടവും മറ്റും കാണിക്കാന്‍ കാരണമാകുന്നത് എന്നാണ് ശാസ്ത്രത്തിന്റെ വിശദീകരണം. കൊച്ചു കുട്ടികളിൽ സ്ക്രീനിൽനിന്ന് വരുന്ന വെളിച്ചത്തിൽ കണ്ണുകളും ഉന്നത ഫ്രീക്വൻസിയിലുള്ള ശബ്ദം കാതുകളിലും ചടുലമായ നീക്കങ്ങളുള്ള രംഗങ്ങൾ തലച്ചോറിലും നിരന്തരം പ്രതിഫലിക്കുമ്പോൾ അതു താങ്ങുവാൻ അവരുടെ ലോലമായ അവയവങ്ങൾ പാകപ്പെട്ടിട്ടില്ല എന്ന തിരിച്ചറിവ് മാത്രം മതി ഇതൊക്കെ മനസിലാകുവാൻ.
പരിഹാരം, കുട്ടിയെ കുട്ടിക്കാലത്തിന് വിട്ടുകൊടുക്കുക എന്നതാണ്. അവൻ അവന്റെ സ്വന്തം പരിസരത്തിലേക്ക് വരട്ടെ. അവിടെ കാറ്റും വെളിച്ചവും പൂക്കളും പൂമ്പാറ്റയും കണ്ടും അനുഭവിച്ചും അവൻ വളരട്ടെ. ഓലപ്പീപ്പിയിൽ ഊതിയും കേട്ടും അവൻ തന്റെ ബാല്യത്തെ അനുഭവിക്കട്ടെ. നമുക്ക് ആ പിഞ്ചുതലയിൽ ഒരു ഭാരവും കയറ്റിവയ്ക്കാതെ കൺകുളിർമയോടെ കണ്ടുനിൽക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago