യു.പി: ബി.ജെ.പിയിൽനിന്ന് എസ്.പിയിലേക്ക് 'മാർച്ച് ' രാജിവച്ച രണ്ടു മന്ത്രിമാരും അഞ്ച് എം.എൽ.എമാരും എസ്.പിയിൽ ചേർന്നു
ലഖ്‌നൗ
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് മന്ത്രിസഭയിൽനിന്നു രാജിവച്ച സ്വാമി പ്രസാദ് മൗര്യയും ധരം സിങ് സൈനിയും സമാജ്‌വാദി പാർട്ടി (എസ്.പി) യിൽ ചേർന്നു. അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു യു.പി മുൻ മന്ത്രിമാരുടെ പാർട്ടി പ്രവേശനം. ഇവർക്കൊപ്പം രാജിവച്ച ബി.ജെ.പി എം.എൽ.എമാരായ റോഷൻലാൽ വർമ, ബ്രിജേഷ് പ്രജാപതി, മുകേഷ് വർമ, വിനയ് ശക്യ, ഭഗവതി സാഗർ എന്നിവരും ബി.ജെ.പിയെ പിന്തുണച്ചിരുന്ന അപ്‌നാ ദൾ പാർട്ടിയിലെ ചൗധരി അമർ സിങ്ങും എസ്.പിയിൽ ചേർന്നു.
ബി.ജെ.പി വിട്ട് എസ്.പിയിൽ ചേർന്ന മുൻ മന്ത്രിമാർ ഒ.ബി.സി വിഭാഗത്തിലെ നേതാക്കളാണ്. അതേസമയം, കഴിഞ്ഞ ദിവസം രിജിവച്ച മന്ത്രി ധാരാ സിങ് ചൗഹാൻ എസ്.പിയിൽ ചേർന്നിട്ടില്ല. രാജ്യത്തെയും സംസ്ഥാനത്തെയും ജനങ്ങളെ ബി.ജെ.പി തെറ്റായ വഴിയിൽ നയിക്കുകയാണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും ഇപ്പോൾ താൻ ആ ബന്ധം ഉപേക്ഷിച്ച് മുക്തനായെന്നും സ്വാമി പ്രസാദ് മൗര്യ പറഞ്ഞു.
നേരത്തെ, മായാവതിയുടെ ബി.എസ്.പിയിലെ അംഗമായിരുന്നു മൗര്യ. ചൊവ്വാഴ്ചയാണ് മൗര്യ യു.പി മന്ത്രിസഭയിൽനിന്നു രാജിവച്ചത്. പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങളോട് ബി.ജെ.പി മൗനം പുലർത്തുന്നുവെന്നാരോപിച്ചായിരുന്നു ഇത്. തന്റെ രാജി ബി.ജെ.പിയിൽ ഭൂചലനം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്വാമി പ്രസാദ് മൗര്യയുടെ രാജിക്ക് പിന്നാലെ മൂന്നു ദിവസത്തിനകം രണ്ടു മന്ത്രിമാർ ഉൾപ്പെടെ 10 എം.എൽ.എമാരാണ് ബി.ജെ.പി വിട്ടത്. മൗര്യക്കൊപ്പം തന്നെ ഭഗവതി സാഗർ, ബ്രിജേഷ് പ്രജാപതി, റൗഷൻ ലാൽ വർമ എന്നിവരും രാജിവച്ചിരുന്നു.
കഴിഞ്ഞ ദിവസം രാജിവച്ച മന്ത്രി ധാരാ സിങ് ചൗഹാനും എം.എൽ.എമാരായ അവതാർ സിങ് ബന്ദാനയും രാഷ്ട്രീയ ലോക് ദളിൽ ചേരുമെന്നാണ് സൂചന. വ്യാഴാഴ്ച ധരം സിങ് സൈനിക്കൊപ്പം രാജിവച്ച എം.എൽ.എമാരായ വിനയ് ശക്യ, മുകേഷ് വർമ, ബാലാ അവസ്തി എന്നിവർ അമർ സിങ്ങിന്റെ അപ്‌നാ ദളിൽ ചേരാനാണ് നീക്കം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."