നൊന്തുപെറ്റവളോട് അരുതേ ഈ ക്രൂരത...
വീണ്ടുവിചാരം
എ. സജീവൻ
8589984450
1980ൽ കേരളത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ച അരുംകൊലയായിരുന്നു കരിക്കൻവില്ല ഇരട്ടക്കൊല. മക്കളില്ലാത്ത വൃദ്ധദമ്പതിമാർ സ്വന്തം വീട്ടിൽ കൊലചെയ്യപ്പെട്ടു എന്നതിനേക്കാൾ നാടിനെ നടുക്കിയത് ആ പൈശാചിക കൃത്യം നടത്താൻ നേതൃത്വം കൊടുത്തത് അവർ സ്വന്തം മകനെപ്പോലെ സ്നേഹിച്ച ബന്ധുവായ യുവായായിരുന്നു എന്നതാണ്. ആ ദമ്പതിമാർ അവനെ വാത്സല്യത്തോടെ വിളിച്ച 'മദ്രാസിലെ മോൻ' എന്ന ഓമനപ്പേര് പിൽക്കാലത്ത് കൊടുംക്രൂരതയുടെ പര്യായമായി.
അന്നു പലരും നെടുവീർപ്പോടെ പറഞ്ഞത് ഓർക്കുന്നു, 'എത്രയായാലും പെറ്റ മകനല്ലല്ലോ. പെറ്റ മക്കൾക്ക് മാതാപിതാക്കളോട് ഇത്ര നിഷ്ഠൂരരാകാൻ കഴിയില്ല'. ഇന്ന് അങ്ങനെ പറയാനാകുമോ? തീർച്ചയായും ഇല്ല. കാരണം, നൊന്തുപെറ്റ മാതാവിനോടും ജന്മം നൽകിയ പിതാവിനോടും മക്കൾ, ആൺപെൺ ഭേദമില്ലാതെ കണ്ണിൽച്ചോരയില്ലായ്മ കാണിക്കുന്ന വാർത്തകളാൽ നിറഞ്ഞിരിക്കുന്നു മാധ്യമങ്ങൾ. എങ്ങോട്ടാണ് ഈ നാടിന്റെ പോക്ക് ?
ഇക്കഴിഞ്ഞ മൂന്നുദിവസങ്ങളിൽ, മൂന്നു 'മക്കൾ ക്രൂരത'കൾ മാധ്യമങ്ങളിലൂടെ കണ്ടും വായിച്ചും പതറിപ്പോയ മനസ്സുമായാണ് ഈ കുറിപ്പെഴുതുന്നത്. മനസ്സിൽ കനലുകോരിയിട്ട് ഓരോ വാർത്ത കൺമുന്നിലെത്തിയപ്പോഴും മനസ്സിലുയർന്ന ചോദ്യം 'ഇത്രയൊക്കെ ക്രൂരരാകാൻ മക്കൾക്കു കഴിയുമോ' എന്നാണ്.
പാലക്കാട്ട് റെയിൽവേ കോളനിയിൽ വയോധികരായ മാതാപിതാക്കളെ തലങ്ങും വിലങ്ങും വെട്ടിക്കൊന്ന മകൻ കുളിച്ചു വസ്ത്രം മാറി വന്ന ശേഷം പെറ്റമ്മയുടെ ചേതനയറ്റ ശരീരത്തിനടുത്തിരുന്നു ആപ്പിൾ ആസ്വദിച്ചു ഭക്ഷിച്ചുവെന്ന് ആ നരാധമന്റെ വായിൽനിന്നു തന്നെ കേൾക്കേണ്ടി വന്നവരെല്ലാം ഞെട്ടിത്തരിച്ചിരിക്കില്ലേ?
എന്തായിരുന്നു ആ പൈശാചികതയ്ക്കു പ്രേരകമായത് ? അതുകേട്ടാൽ നടുക്കം ഇരട്ടിക്കും. വീട്ടിലെ സ്വീകരണമുറിയിൽ ഇരിക്കുകയായിരുന്ന മാതാവ് മകനോട് കുടിക്കാൻ ഇത്തിരി വെള്ളം തരാൻ പറഞ്ഞു. അത് മകന് രസിച്ചില്ല. അവൻ അടുക്കളയിലേയ്ക്കു പോയി, ദാഹനീരെടുക്കാനല്ല, അമ്മയുടെ ജീവനെടുക്കാനുള്ള ആയുധം തേടി.
അടുക്കളയിൽനിന്നു കൊടുവാളും അരിവാളുമായാണ് മകനെത്തിയത്. പിന്നെ ചോദ്യവും പറച്ചിലുമില്ല, മാതാവിന്റെ മുഖത്തും തലയിലും തുടരെത്തുടരെ വെട്ടി. 33 വെട്ടാണ് ആ മാതാവിന്റെ തലയിലും മുഖത്തും കൈകളിലുമായി കൊണ്ടത്. 'പൊന്നുമോനേ.., എന്നെ കൊല്ലല്ലേ...' എന്നു കേണപേക്ഷിക്കാൻ പോലും ആ മാതാവിന് കഴിഞ്ഞിട്ടുണ്ടാവില്ല. ഉൾക്കൊള്ളാനാവുമോ ഇത്തരമൊരു ക്രൂരത?
മകൻ മാതാവിന്റെ ജീവനെടുക്കുമ്പോൾ തൊട്ടപ്പുറത്തെ കിടപ്പുമുറിയിൽ അവന്റെ അച്ഛനുണ്ട്, തീർത്തും അവശനായി രോഗശയ്യയിൽ. സ്വീകരണമുറിയിലെ അസ്വാഭാവിക ശബ്ദങ്ങൾ കേട്ട് വേവലാതിയോടെ 'എന്താ...അവിടെ ?' എന്നു വിളിച്ചുചോദിച്ചതാണ് പിതാവു ചെയ്ത തെറ്റ്. സംഹാരമൂർത്തിയായ മകൻ കിടപ്പുമുറിയിലേയ്ക്കു കുതിച്ചു പിതാവിനെയും വെട്ടിനുറുക്കി.
തീർന്നില്ല ക്രൂരത. അത്രയും വെട്ടേറ്റിട്ടും ചോരവാർന്നു മരിക്കാതിരുന്നാലോ എന്നു സംശയിച്ച് കീടനാശിനി തേടിപ്പിടിച്ചു മുറിവുകളിലൊഴിച്ചു. അതും പോരാഞ്ഞ് സിറിഞ്ചിൽ കീടനാശിനി നിറച്ചു മാതാവിന്റെ ശരീരത്തിൽ കുത്തിവയ്ക്കാൻ നോക്കി. ചോരത്തളത്തിൽ കാൽവഴുതിവീണു സൂചി ഒടിഞ്ഞതിനാൽ ആ ശ്രമം നടന്നില്ല. ഇതൊക്കെ കഴിഞ്ഞായിരുന്നു കുളിക്കലും വസ്ത്രം മാറലും ആപ്പിൾ ആസ്വദിച്ചു തിന്നു വിശപ്പടക്കലും ഒടുവിൽ ഒന്നും സംഭവിക്കാത്ത പോലെ സ്ഥലം വിടലുമൊക്കെ ഉണ്ടായത്. ഈ ക്രൂരതയ്ക്ക് എന്തു പേരാണ് യോജിക്കുക?
മൂന്ന് ആൺമക്കൾക്കും രണ്ടു പെൺമക്കൾക്കും ജന്മം നൽകിയവരായിരുന്നു ഹരിപ്പാട് സ്വദേശിനി സരസമ്മ. മക്കളെല്ലാം നല്ല നിലയിൽ. എങ്കിലും, സാമ്പത്തികയായി മക്കളെ ആശ്രയിക്കേണ്ട അവസ്ഥ സരസമ്മയ്ക്കുണ്ടായിരുന്നില്ല. ആരോഗ്യവകുപ്പിൽ നഴ്സിങ് അസിസ്റ്റന്റായി വിരമിച്ച അവർക്ക് മോശമല്ലാത്തെ പെൻഷൻ കിട്ടുന്നുണ്ടായിരുന്നു.
ഒരു വർഷം മുമ്പ് ഭർത്താവ് മരിച്ചതോടെ, ശിഷ്ടകാലം മക്കളോടൊപ്പം ജീവിക്കണമെന്ന് ആ മാതാവ് മോഹിച്ചു. എന്നാൽ, സ്വത്തെല്ലാം വീതിച്ചുകിട്ടിയ മക്കൾക്ക് അമ്മ ഭാരമായി. അവരെല്ലാം നിഷ്കരുണം കൈയൊഴിഞ്ഞു. കലശലായ രോഗം ബാധിച്ച അവരെ സർക്കാരാശുപത്രിയിൽ നടതള്ളി. പൊലിസും ആർ.ഡി.ഒയും നിരന്തരം അഭ്യർഥിച്ചിട്ടും സ്വന്തം മാതാവിനെ പരിപാലിക്കാൻ അവർ തയാറായില്ല. ഒടുവിൽ അറസ്റ്റിലായപ്പോൾ നിർബന്ധത്തിനു വഴങ്ങി മൂന്നുമാസം വീതം മാതാവിനെ പരിപാലിക്കാമെന്നു സമ്മതിക്കുകയായിരുന്നു. 'ഞാൻ നോക്കിക്കൊള്ളാം എന്റെ അമ്മയെ' എന്നു പറയാൻ മക്കളിലാരും അപ്പോഴും തയാറായില്ല. പക്ഷേ, ആ ക്രൂരമായ ഔദാര്യത്തിന് സരസമ്മയെ ഇരയാക്കാൻ കരുണാനിധിയായ ദൈവം തയാറായില്ല. അമ്മയുടെ അടുത്തേയ്ക്കു മക്കളെത്തും മുൻപ് 'മക്കൾക്രൂരത' നിറഞ്ഞ ലോകത്തുനിന്ന് അവരെ ദൈവം രക്ഷിച്ചു.
മദ്യപിച്ചു ലക്കുകെട്ട മകൻ വൃദ്ധമാതാവിനെ തലകീഴായി എടുത്തുയർത്തി നിലത്തടിക്കുന്ന ദൃശ്യം കണ്ടു തളർന്ന മനസ്സുമായി കഴിഞ്ഞ ദിവസം പ്രിയസുഹൃത്ത് ഒ.പി അഷ്റഫ് ഫോണിൽ ഒരു സന്ദേശമയച്ചു. 'എങ്ങനെ മക്കൾക്കിങ്ങനെ ചെയ്യാൻ തോന്നുന്നു'. അദ്ദേഹത്തിന്റെ സന്ദേശം കണ്ടശേഷമാണ് ആ ക്രൂരതയുടെ വിഡിയോ ദൃശ്യം കണ്ടത്.
സത്യം പറയട്ടെ, അതു കാണേണ്ടിയിരുന്നില്ല എന്നിപ്പോഴും തോന്നുന്നു. അത്രയും ക്രൂരമായാണ് പട്ടാളക്കാരനായ ഹരിപ്പാട് മുട്ടം സ്വദേശി സ്വന്തം മാതാവിനോടു പെരുമാറിയത്. ദിവസങ്ങളേ ആയുള്ളൂ അയാൾ അവധിക്കു വന്നിട്ട്. രാവിലെ മുതൽ മദ്യപാനം. ലഹരി കയറിയാൽ, നിത്യശത്രുവായ സ്വന്തം സഹോദരനു നേരേ പോർവിളിയും കൈയേറ്റവും. മക്കൾ തമ്മിലുള്ള പോരു തടയാൻ ശ്രമിച്ച അമ്മയ്ക്കു നേരേയായി പിന്നെ പൈശാചികത മുഴുവനും. കൊന്നില്ലെന്നേയുള്ളൂ.
മാതൃഹൃദയത്തിന്റെ മഹത്വത്തിനു മുന്നിൽ നമിച്ചുപോയ കാഴ്ചകൂടി അതിനോടനുബന്ധമായി കാണാനായി. അമ്മയെ കൊല്ലാക്കൊല ചെയ്ത മകനെ പൊലിസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ ആ മാതാവ് കരഞ്ഞപേക്ഷിച്ചത് ഇങ്ങനെ: 'സാറേ.., എന്റെ മോൻ തെറ്റൊന്നും ചെയ്തിട്ടില്ല. അവനെ കൊണ്ടുപോകല്ലേ. അവന്റെ പണി കളയല്ലേ'. നരാധമന്മാരേ.., മാതൃഹൃദയത്തിന്റെ വിശാലതയും അലിവും എന്നാണു നിങ്ങൾ തിരിച്ചറിയുക?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."