HOME
DETAILS

മൗലികാവകാശ ലംഘനമാവുന്ന ശിരോവസ്ത്ര വിലക്ക്

  
backup
January 22 2022 | 04:01 AM

4563-5163-21-2022

ഉമങ് പോദ്ദാർ


കർണാടകയിലെ ഉഡുപ്പി ജില്ലയിൽ സർക്കാർ നടത്തുന്ന ഒരു പ്രി-യൂനിവേഴ്‌സിറ്റി വനിതാ കോളജിൽ ആറ് മുസ്‌ലിം വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ചതിന്റെ പേരിൽ കഴിഞ്ഞ മൂന്നാഴ്ചയായി ക്ലാസുകളിൽ പ്രവേശനം നിഷേധിച്ചിരിക്കുന്നു. ശിരോവസ്ത്രം സ്ഥാപനത്തിന്റെ ഡ്രസ് കോഡ് ലംഘിക്കുന്നതാണെന്നാണ് കോളജിന്റെ വാദം. ക്ലാസിൽ പ്രവേശിക്കണമെങ്കിൽ ഹിജാബ് ധരിക്കുന്നത് ഒഴിവാക്കാൻ പെൺകുട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നടപടിക്കെതിരേ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് തങ്ങളുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നാണ് ഇവരുടെ വാദം. ചില നിയന്ത്രണങ്ങൾക്ക് വിധേയമായി ഒരു വ്യക്തിക്ക് അവരുടെ മതം അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം മൗലികാവകാശമായി ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന പരിരക്ഷയുടെ പരിധിയിൽ വരുമെന്ന് മുൻകാലങ്ങളിൽ കോടതികൾ അഭിപ്രായപ്പെട്ടിരുന്നു.


സമാന വിഷയങ്ങളിൽ തീരുമാനമെടുക്കുമ്പോൾ കോടതികൾ പറഞ്ഞ ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു. ഭരണഘടനയുടെ എസൻഷ്യൽ റിലീജിയസ് പ്രാക്ടീസസ് ടെസ്റ്റ് ആർട്ടിക്കിൾ 25(1) 'ബോധങ്ങളുടെ സ്വാതന്ത്ര്യവും മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും' ഉറപ്പുനൽകുന്നു. എന്നിരുന്നാലും എല്ലാ മൗലികാവകാശങ്ങളെയും പോലെ ഇത് കേവലമല്ല. പൊതുക്രമം, ധാർമികത, ആരോഗ്യം, ഭരണഘടനയുടെ മൗലികാവകാശ അധ്യായത്തിലെ മറ്റു വ്യവസ്ഥകൾ എന്നിവയുടെ അടിസ്ഥാനത്തിൽ സർക്കാരിന് ഇത് നിയന്ത്രിക്കാനാകും. ഭരണഘടനാപരമായ 'അത്യാവശ്യ മതപരമായ ആചാരങ്ങൾ' മാത്രമേ സംരക്ഷിക്കൂ എന്ന് സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്. മതഗ്രന്ഥങ്ങൾ പരിശോധിച്ചും വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷവുമാണ് ആചാരം ഒരു മതത്തിന് അത്യന്താപേക്ഷിതമാണോ അവിഭാജ്യമാണോ എന്ന് കോടതികൾ നിർണയിക്കുന്നത്. അതിനാൽ, ഭരണഘടനാപരമായ സംരക്ഷണം ആവശ്യമാണ്.


ഹിജാബ് ഇസ്‌ലാമിന്
അനിവാര്യമാണോ?


വിദ്യാർഥികൾ ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് സമാനമായ കേസുകൾ കേരള ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ഇതിനകം വന്നിട്ടുണ്ട്. ഇവ രണ്ടും അഖിലേന്ത്യാ പ്രീ-മെഡിക്കൽ എൻട്രൻസ് ടെസ്റ്റിന്റെ കോഡുമായി ബന്ധപ്പെട്ടതാണ്. ഇത് ഉദ്യോഗാർഥികൾ പഠന സാമഗ്രികൾ മറച്ചുവയ്ക്കുന്നത് തടയുന്നതിന് വഞ്ചന തടയുന്നതിന് ഒരു നിശ്ചിത വസ്ത്രങ്ങൾ നിശ്ചയിച്ചതുമായി ബന്ധപ്പെട്ടായിരുന്നു. മുസ്‌ലിം വിദ്യാർഥികൾക്ക് ഹിജാബുകളോ നീളൻ സ്ലീവ് വസ്ത്രങ്ങളോ ധരിക്കാൻ കഴിയാത്ത അവസ്ഥ ആ നിയന്ത്രണങ്ങളുടെ ഭാഗമായിവന്നിരുന്നു. ഇതിന് പ്രതികരണമായി 2015ലും 2016ലും വിദ്യാർഥികൾ കേരള ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. രണ്ടു തവണയും ഹിജാബ് ധരിച്ച് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കോടതി അനുമതി നൽകുകയും ചെയ്തു.
ഒരു മുസ്‌ലിം സ്ത്രീയുടെ വിശ്വാസത്തിന് ഹിജാബും നീളൻ കൈയുള്ള വസ്ത്രവും ധരിക്കുന്നത് അനിവാര്യമാണോ എന്നത് അറിയുന്നതിനായി 2016ൽ കേരള ഹൈക്കോടതി ഖുർആനും ഹദീസും (മുഹമ്മദ് നബിയുടെ അധ്യാപനങ്ങൾ) പരിശോധിച്ചു. ഈ ഗ്രന്ഥങ്ങളുടെ വിശകലനം തല മറയ്ക്കുന്നതും നീളൻ കൈയുള്ള വസ്ത്രം ധരിക്കുന്നതും മതപരമായ കടമയാണെന്ന് കാണിക്കുന്നു. അല്ലാത്ത തരത്തിൽ ശരീരം തുറന്നുകാട്ടുന്നത് അവയിൽ നിരോധിച്ചിരിക്കുന്നു. അതിനാൽ, ഇത് 'ഇസ്‌ലാം മതത്തിന്റെ അവശ്യഘടകമായി' മാറുന്നു. ഇത്തരത്തിലുള്ള വസ്ത്രധാരണം പൊതുക്രമത്തിനോ ധാർമികതയ്‌ക്കോ ആരോഗ്യത്തിനോ ഭംഗംവരുത്തുന്നില്ലെന്നും ഭരണഘടന ഉറപ്പുനൽകുന്ന മറ്റു മൗലികാവകാശങ്ങളെ തടസപ്പെടുത്തുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


ഇത്തരത്തിലുള്ള വസ്ത്രധാരണത്തിന്റെ ഫലമായി പരീക്ഷയിൽ കബളിപ്പിക്കുമോ എന്ന നിയമപരമായ ആശങ്കകൾ ഉണ്ടാകാമെന്നതിനാൽ ഒരു വനിതാ ഇൻവിജിലേറ്റർക്ക് ഉദ്യോഗാർഥികളെ പരിശോധിക്കാമെന്നും കോടതി കൂട്ടിച്ചേർത്തിരുന്നു. ഇത് സുഗമമാക്കുന്നതിന് ഹിജാബ് ധരിച്ച വിദ്യാർഥികളോട് നിശ്ചിതസമയത്തിന് അര മണിക്കൂർ മുമ്പ് എത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2015ലും കേരള ഹൈക്കോടതി സമാനമായ കേസ് പരിഗണിച്ചിരുന്നു. അതേ നിഗമനത്തിൽ തന്നെയായിരുന്നു അന്നും എത്തിയത്. ഇന്ത്യയെപ്പോലുള്ള വൈവിധ്യമാർന്ന രാജ്യത്ത്, 'ഒരു പ്രത്യേക ഡ്രസ് കോഡ് പിന്തുടരണമെന്ന് നിർബന്ധിക്കാനാവില്ല, അത് പാലിച്ചില്ലെങ്കിൽ ഒരു വിദ്യാർഥിയെ പരീക്ഷ എഴുതുന്നതിൽനിന്ന് വിലക്കാനാവില്ല' എന്ന് അന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.
സുപ്രിംകോടതി വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. ആ വർഷം, എ.ഐ.പി.എം.ടി പരീക്ഷയ്ക്ക് സമാനമായ ഒരു കേസ് തീർപ്പാക്കുമ്പോൾ ഇത് ഒരു ചെറിയ പ്രശ്‌നമാണെന്നും അതിൽ ഇടപെടില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. ശിരോവസ്ത്രം ധരിക്കുന്നത് തങ്ങളുടെ മതത്തിന് അനിവാര്യമാണെന്ന് ഹരജിക്കാരൻ വാദിച്ചപ്പോൾ കോടതി പ്രതികരിച്ചത്, 'നിങ്ങൾക്ക് പരീക്ഷ എഴുതേണ്ട ഒരു ദിവസം, അത് ധരിക്കരുതെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു. ശിരോവസ്ത്രമില്ലാതെ പരീക്ഷ എഴുതിയാൽ നിങ്ങളുടെ വിശ്വാസം ഇല്ലാതാകില്ല'- എന്നാണ്. 'വിശ്വാസം ഒരുതരം തുണി ധരിക്കുന്നതിൽനിന്ന് വ്യത്യസ്തമാണ്' എന്നും കോടതി കൂട്ടിച്ചേർത്തിരുന്നു. ഹരജിക്കാർ പിന്നീട് ഹരജി പിൻവലിച്ചു. എന്നാൽ ഇത് വാക്കാലുള്ള നിരീക്ഷണം മാത്രമാണെന്നും കോടതി വിധി പ്രസ്താവിച്ചിട്ടില്ലെന്നും സുപ്രിംകോടതി കേസിൽ ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ വ്യക്തമാക്കിയിരുന്നു.


സുപ്രിംകോടതിയുടെ നിരീക്ഷണം പി.യു കോളജിലെ നിലവിലെ സാഹചര്യത്തിൽനിന്ന് വ്യത്യസ്തമാണെന്നും ഈ കേസ് ഒരു പരീക്ഷയുടെ പശ്ചാത്തലത്തിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സുപ്രിംകോടതി ഉത്തരവില്ലാത്തതിനാൽ കേരള ഹൈക്കോടതി വിധി ഇപ്പോഴും നിയമമാണ്. 'ഒരു ഹൈക്കോടതി ആഴത്തിൽ ശ്രദ്ധിച്ച്, ഒരു വിധി പുറപ്പെടുവിച്ചു. അത് മറ്റു ഹൈക്കോടതികളെ ബോധ്യപ്പെടുത്താൻ സാധ്യതയുണ്ട്'- ഹെഗ്‌ഡെ പറഞ്ഞു.സുപ്രിംകോടതിയുടെ പരാമർശങ്ങൾക്ക് നിയമത്തിൽ വലിയ പ്രാധാന്യമില്ലെന്ന് കൊൽക്കത്തയിലെ പശ്ചിമ ബംഗാൾ നാഷണൽ യൂനിവേഴ്‌സിറ്റി ഓഫ് ജുറിഡിക്കൽ സയൻസസിലെ നിയമ പ്രൊഫസറായ വിജയ് കിഷോർ തിവാരി പറയുന്നുണ്ട്.
സന്ദർഭത്തിന് അനുസരിച്ച്
മാറുമ്പോൾ
അത്യാവശ്യമായ ഒരു മതപരമായ അനുഷ്ഠാനം എന്താണെന്ന നിർണയവും സന്ദർഭം അനുസരിച്ച് മാറും. വ്യക്തമായ മാർഗനിർദേശങ്ങളൊന്നുമില്ല. 2016ൽ ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിക്കുമ്പോൾ താടിവയ്ക്കാൻ ആഗ്രഹിക്കുന്ന ഒരു മുസ്‌ലിം യുവാവിന്റെ ഹരജി സുപ്രിംകോടതി പരിഗണിച്ചിരുന്നു. സായുധ സേനാംഗങ്ങൾക്ക് മുടി മുറിക്കാനോ ഷേവ് ചെയ്യാനോ അവരുടെ മതം വിലക്കുന്ന സാഹചര്യത്തിൽ അല്ലാതെ താടിയും മീശയും വളർത്താൻ അനുവാദമില്ലെന്നാണ് സർവിസ് ചട്ടങ്ങൾ പറയുന്നത്. തലമുടി വെട്ടുന്നതും മുഖത്തെ രോമം ഷേവ് ചെയ്യുന്നതും ഇസ്‌ലാം വിലക്കുന്നുണ്ടോയെന്ന് മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദിനോട് വാദം കേൾക്കുന്നതിനിടെ കോടതി ചോദിച്ചു. വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ടെന്നും അതിൽ ഒന്നിൽ താടി വയ്ക്കുന്നത് അഭിലഷണീയമാണെന്നും അദ്ദേഹം പറഞ്ഞു.
മതം പ്രകാരം ഷേവ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെന്ന് കാണിക്കാൻ ഒരു തെളിവും തന്റെ മുന്നിൽവച്ചിട്ടില്ലെന്ന് പറഞ്ഞ് കോടതി ആ വ്യക്തിക്ക് താടിവയ്ക്കാൻ അനുമതി നൽകിയില്ല. ഇതുകൂടാതെ, സായുധ സേനയ്ക്ക് ഒഴിച്ചുകൂടാനാവാത്ത 'ഏകരൂപം, കെട്ടുറപ്പ്, അച്ചടക്കം, ക്രമം എന്നിവ ഉറപ്പാക്കുക' എന്നതാണ് വ്യക്തിപരമായ രൂപം നിയന്ത്രിക്കുന്നതിന്റെ ലക്ഷ്യം എന്നും കോടതി നിരീക്ഷിച്ചു. എന്നിരുന്നാലും ഇത് സായുധ സേനയുമായി ബന്ധപ്പെട്ട കാര്യമായിരുന്നു. ആർട്ടിക്കിൾ 33 പ്രകാരം അതിന് ഭരണഘടന ഒരു പ്രത്യേക പരിഗണന നൽകുന്നു. സായുധ സേനയിലെ അംഗങ്ങൾക്ക് അവരുടെ ചുമതലകൾ ശരിയായി നിർവഹിക്കാനും അവർക്കിടയിൽ അച്ചടക്കം പാലിക്കാനും പാർലമെന്റിന് മൗലികാവകാശങ്ങളുടെ പ്രയോഗത്തിൽ മാറ്റം വരുത്താൻ കഴിയുമെന്ന് അതിൽ പറയുന്നു.
സ്‌കൂളുകളിലെ മതം


മതപരമായ ആചാരങ്ങൾ പാലിച്ചതിന് വിദ്യാർഥികളെ സ്‌കൂളുകളിൽനിന്ന് പുറത്താക്കിയ കേസുകളും കോടതികൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1985ൽ ദേശീയഗാനം ആലപിക്കാൻ വിസമ്മതിച്ചതിന് യഹോവയുടെ സാക്ഷികൾ എന്ന ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട മൂന്ന് വിദ്യാർഥികളെ സ്‌കൂളിൽനിന്ന് പുറത്താക്കിയിരുന്നു. ഇത് തങ്ങളുടെ മതവിശ്വാസത്തിന് എതിരാണെന്ന് അവർ വാദിച്ചിരുന്നു. ദൈവത്തോട് പ്രാർഥിക്കുകയല്ലാതെ ഒരു ആചാരവും പിന്തുടരാൻ തങ്ങളുടെ വിശ്വാസം അനുവദിക്കുന്നില്ലെന്ന് വിദ്യാർഥികൾ വാദിച്ചു. എങ്കിലും ദേശീയഗാനത്തോടുള്ള ആദരവ് പ്രകടിപ്പിക്കാൻ അവർ എഴുന്നേറ്റു.


കോളജിൽനിന്ന് പുറത്താക്കൽ വിദ്യാർഥികളുടെ അഭിപ്രായസ്വാതന്ത്ര്യത്തെയും മതം ആചരിക്കാനുള്ള അവരുടെ അവകാശത്തെയും ഹനിക്കുന്നതാണെന്ന് സുപ്രിംകോടതി വിലയിരുത്തി. യഹോവാ സാക്ഷികളുടെ വിശ്വാസങ്ങൾ അസാധാരണമായതാണെങ്കിലും 'അവരുടെ വിശ്വാസങ്ങളുടെ ആത്മാർഥത ചോദ്യം ചെയ്യാനാകുന്നതില്ല' എന്ന് കോടതി അഭിപ്രായപ്പെട്ടു. ദേശീയഗാനം നിർബന്ധമാക്കുന്ന നിയമമില്ലെന്നും കോടതി പറഞ്ഞു. എല്ലാ ഇന്ത്യൻ പൗരന്മാരും ദേശീയഗാനത്തെ ബഹുമാനിക്കണമെന്ന് ഭരണഘടനയിൽ പരാമർശിക്കുന്നു, വിദ്യാർഥികൾ അതിനുവേണ്ടി എഴുന്നേറ്റുനിന്ന് അത് ചെയ്തു.


മതേതരത്വത്തിന്റെ
ഫ്രഞ്ച്, ഇന്ത്യൻ മാതൃകകൾ


പൊതുസ്ഥലത്ത് ഹിജാബ് ധരിക്കുന്നത് മറ്റ് രാജ്യങ്ങളിൽ പ്രത്യേകിച്ച് ഫ്രാൻസിൽ തർക്കവിഷയമാണ്. കാരണം, പൊതുജീവിതത്തിൽനിന്ന് മതത്തെ തുടച്ചുനീക്കാൻ ശ്രമിക്കുന്ന മതേതരത്വത്തിന്റെ കർശനമായ മാതൃകയാണ് ഫ്രാൻസ് പിന്തുടരുന്നത്. 2004ൽ ഹിജാബ് ഉൾപ്പെടെയുള്ള മതചിഹ്നങ്ങൾ സ്‌കൂളുകളിൽനിന്ന് നിരോധിച്ചു. 2011ൽ പൊതു ഇടങ്ങളിൽ മുഖം മൂടുന്നത് നിരോധിച്ചു. അതായത് മുസ്‌ലിം സ്ത്രീകൾക്ക് ബുർഖ ധരിക്കാൻ കഴിയാത്ത വിധത്തിൽ. എന്നിരുന്നാലും മതേതരത്വത്തിന്റെ ഇന്ത്യൻ മാതൃക വ്യത്യസ്തമാണ്.
പൊതു ഇടങ്ങളിൽനിന്ന് മതത്തെ തുടച്ചുനീക്കുന്നതിന് പകരം എല്ലാ വിശ്വാസങ്ങളെയും തുല്യമായി ബഹുമാനിക്കാൻ അത് ശ്രമിക്കുന്നു. അതിനാൽ, ഹിജാബ് നിരോധിക്കാനുള്ള പി.യു കോളജിന്റെ നീക്കം, മറ്റ് മതചിഹ്നങ്ങൾ സമാനമായി നിരോധിച്ചിട്ടില്ല എന്നതിനാൽ ഇന്ത്യൻ നിയമപ്രകാരം ദുർബലമായ കാരണങ്ങൾ പ്രകാരമായിരിക്കാം. 'ഇത് ഫ്രാൻസ് അല്ല. ഇത് ഇന്ത്യയാണ്'- ജിൻഡാൽ ഗ്ലോബൽ ലോ സ്‌കൂളിലെ നിയമ പ്രൊഫസറായ അനുജ് ഭുവാനിയ 'സ്‌ക്രോളി'നോട് പറഞ്ഞു. 'സിഖ് പട്ക, മംഗൾസൂത്ര അല്ലെങ്കിൽ വിശുദ്ധ കുരിശ് പോലെയുള്ള മറ്റ് മതപരമായ ചിഹ്നങ്ങൾക്ക് ഇത് സംഭവിക്കുമെന്ന് സങ്കൽപ്പിക്കാൻ കഴിയില്ല. പ്രത്യേകിച്ച് ഒരു പൊതുവിദ്യാലയത്തിൽ ഇത് തുടരാൻ കഴിയുന്നതിന്റെ അടിസ്ഥാനം എനിക്ക് ഊഹിക്കാനാവില്ല'- അദ്ദേഹം പറഞ്ഞു.
ഹിന്ദുമതം പോലുള്ള മറ്റ് മതങ്ങളിൽനിന്നുള്ള ആളുകൾക്ക് ബിന്ദിയും വളയും ധരിക്കാൻ അനുവാദമുണ്ടെന്ന് പി.യു കോളജിലെ വിദ്യാർഥികൾ അവകാശപ്പെടുന്നു. അതിനാൽ, ഹിജാബ് അനുവദിക്കാത്തത് മുസ്‌ലിംകളെ ലക്ഷ്യംവച്ചുള്ളതാണെന്നും അവർ പറയുന്നു.

(കടപ്പാട്: scroll.in)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago