ലോക്കപ്പുകളിലെ ഒടുങ്ങാത്ത നിലവിളികള്‍
അടിയന്തരാവസ്ഥക്കാലത്തെ പ്രേതം കേരള പൊലിസിനെ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ലെന്ന് ചില ലോക്കപ്പ് മുറികളിലെയും രഹസ്യ ഇടിമുറികളിലെയും നിലയ്ക്കാത്ത നിലവിളികളും പിടയലുകളും ഇപ്പോഴും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ലാത്തിയിലും ബൂട്ടിലും മുറിവേല്‍ക്കപ്പെടുന്ന മനുഷ്യാവകാശങ്ങളുടെ ചോരയുറയുന്ന കഥകള്‍ പലതും പുറംലോകം അറിയാറില്ല. ജീവന്‍ കാക്കാന്‍ ചുമതലപ്പെട്ടവര്‍ സമാനതയില്ലാത്ത ക്രൂരതയില്‍ ഇഞ്ചിഞ്ചായി പ്രാണന്‍ പറിച്ചെടുക്കുമ്പോള്‍ അതു വാര്‍ത്തയാകും. വിവാദമാകും, അന്വേഷണമാകും. ഇതിലേറെ പേര്‍ ലോക്കപ്പുകള്‍ ഏല്‍പ്പിച്ച മാനസിക, ശാരീരികാസ്വാസ്ഥ്യങ്ങള്‍ പേറി നമുക്കു ചുറ്റും ദുരിത ജീവിതം നയിക്കുന്നുണ്ട്. കേരളത്തിലെ ലോക്കപ്പുകളില്‍ പിടഞ്ഞു മരിച്ചവരുടെ കണക്കുകള്‍ സര്‍ക്കാരിന്റെ പക്കല്‍ പോലുമില്ല. ഈ കണക്കുകള്‍ മൂടിവയ്ക്കപ്പെടേണ്ടതാണെന്ന് ഇടതു സര്‍ക്കാരിനും അറിയാം. ലോക്കപ്പുകളില്‍ തുടരുന്ന ക്രൂരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖിന്റെ മരണം. വയോധികയെ കബളിപ്പിച്ചു പണം തട്ടിയ കേസില്‍ ഇക്കഴിഞ്ഞ ജനുവരി 11 നാണ് ഷഫീഖിനെ ഉദയംപേരൂര്‍ പൊലിസ് അറസ്റ്റു ചെയ്തത്. സബ് ജയിലില്‍ റിമാന്‍ഡിലായ ഷഫീഖിനെ അവിടെ നിന്നു അവശനായ നിലയില്‍ 13ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.
ലക്ഷമണയും പുലിക്കോടന്‍ നാരായണനും ജയറാം പടിക്കലുമൊന്നും കേരള പൊലിസിന്റെ പടിയിറങ്ങിയിട്ടില്ലെന്ന് ഇത്തരം സംഭവങ്ങള്‍ നമ്മെ നിരന്തരം ഓര്‍മപ്പെടുത്തുമ്പോള്‍ പൊലിസ് സംവിധാനത്തെ പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ട ഒരു വിധി കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരി സബ് കോടതിയില്‍ നിന്നുണ്ടായി. മുത്തങ്ങയില്‍ ആദിവാസി ഗോത്രസഭ നടത്തിയ ഭൂസമരവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളില്‍ പ്രതിചേര്‍ക്കുകയും അറസ്റ്റു ചെയ്തു പീഡിപ്പിച്ചശേഷം ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്ത എഴുത്തുകാരനും സുല്‍ത്താന്‍ ബത്തേരി ഡയറ്റ് ലക്ചററുമായിരുന്ന കെ.കെ സുരേന്ദ്രന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് ജഡ്ജി അനീറ്റ് ജോസഫ് വിധിച്ചത്. സുരേന്ദ്രന് നഷ്ടപരിഹാര തുക സര്‍ക്കാര്‍ നല്‍കണമെന്നും ഈ തുക അന്യായമായ അറസ്റ്റിനും മറ്റും കാരണക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്നുമാണ് കോടതി ഉത്തരവിട്ടത്.
ഒരു പൊലിസുകാരന്റെയും ആദിവാസിയുടെയും മരണത്തിന് ഇടയാക്കിയ 2003 ഫെബ്രുവരി 19 ലെ മുത്തങ്ങ വെടിവയ്പ്പുമായി ബന്ധപ്പെട്ടാണ് 22ന് സുരേന്ദ്രനെ ഡയറ്റില്‍ കയറി ബലമായി അറസ്റ്റു ചെയ്തത്. സമരം നടത്തിയ ആദിവാസികള്‍ക്ക് ക്ലാസ് എടുത്തുവെന്നായിരുന്നു ആരോപിച്ച കുറ്റം. സ്‌റ്റേഷനില്‍വച്ചുള്ള ക്രൂരമായ മര്‍ദനത്തില്‍ കര്‍ണപുടം പൊട്ടി അവശനിലയിലായി. 24നാണ് കോടതി റിമാന്‍ഡ് ചെയ്യുന്നത്. ഒരു മാസത്തിനു ശേഷം മാര്‍ച്ച് 30ന് ജാമ്യം ലഭിച്ചു. ഇതിനിടെ സസ്‌പെന്‍ഷനിലുമായി. എന്നാല്‍ സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ സുരേന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. കേസില്‍ നിന്നും ഒഴിവാക്കിയ സുരേന്ദ്രന് സര്‍ക്കാര്‍ ആറു മാസത്തെ ഡ്യൂട്ടി അനുവദിച്ചും കൊടുത്തു. തന്നെ അകാരണമായി അറസ്റ്റു ചെയ്ത പൊലിസിനെതിരേ 2004ല്‍ സുരേന്ദ്രന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനോട് കേരള പൊലിസ് സ്വീകരിച്ച നിലപാട് ഇതാണെങ്കില്‍ പ്രതികളാക്കപ്പെടുന്ന നിരാലംബരായ സാധാരണക്കാരുടെ മനുഷ്യാവകാശം എത്ര നിര്‍ദാക്ഷിണ്യമായിട്ടായിരിക്കും പൊലിസ് ചവിട്ടി അരച്ചിട്ടുണ്ടാകുക. സംശയത്തിന്റെ പേരില്‍ ഒരാളെ പിടികൂടുക, കുറ്റവാളിയാക്കി ശിക്ഷ നടപ്പിലാക്കുക. ഇങ്ങനെ പൊലിസ് സ്വയം ശിക്ഷവിധിച്ചപ്പോള്‍ അഞ്ചു വര്‍ഷത്തിനിടെ ജീവന്‍ നഷ്ടമായത് 22 ഓളം പേരുടേതാണെന്ന കണക്ക് തെല്ലൊന്നുമല്ല ഒരു പരിഷ്‌കൃത സമൂഹത്തെ ആശങ്കപ്പെടുത്തുന്നത്. വധശിക്ഷയുടെ യുക്തിരാഹിത്യത്തെ കുറിച്ചു നിരന്തരം പറയുന്നവര്‍ കാണാതെ പോകരുത് ലോക്കപ്പുകളില്‍ അടിയേറ്റു മരിച്ചവരുടെ ഈ കണക്കുകള്‍. അഞ്ചു വര്‍ഷം ഒരു കാലപരിധിയായി എടുത്തത് മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ലോക്കപ്പ് മര്‍ദനങ്ങളോ കൊലകളോ നടക്കാത്തതിനാലല്ല. അടിയന്തരാവസ്ഥക്കാലത്തെ പൊലിസ് മനസിനും ശരീരത്തിനും ഏല്‍പ്പിച്ച ഉണങ്ങാത്ത മുറിവുകളുമായി ജീവിക്കുന്നവര്‍ നിയന്ത്രിക്കുന്ന പൊലിസ് എത്രമാത്രം മര്‍ദകോപകരണങ്ങളായി തന്നെ തുടരുന്നുവെന്ന ചിത്രം വ്യക്തമാക്കാനാണ്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു നാലു മാസം പിന്നിട്ടപ്പോഴാണ് ഈ ഭരണത്തിലെ ആദ്യ ലോക്കപ്പ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2016 സെപ്റ്റംബര്‍ 16ന് മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ ടയര്‍ മോഷണക്കുറ്റത്തിന് കസ്റ്റഡിയിലെടുത്ത അന്‍പതുവയസുകാരന്‍ അബ്ദുള്‍ ലത്തീഫാണ് ആദ്യ ഭരണകൂട രക്തസാക്ഷി. പൊലിസ് സ്‌റ്റേഷനില്‍ തൂങ്ങി മരിച്ച നിലയിലാണ് അബ്ദുല്‍ ലത്തീഫിനെ കണ്ടെത്തിയത്. താന്‍ ക്രൂരമര്‍ദനത്തിന് ഇരയായെന്ന് തലേ ദിവസം ലത്തീഫ് സ്‌റ്റേഷനിലെത്തിയ മകനോടു പറഞ്ഞിരുന്നു. തുടര്‍ന്നിങ്ങോട്ടു പൊലിസ് തല്ലിയും ഉരുട്ടിയും കൊന്നവരുടെ കണക്ക് സര്‍ക്കാരിന്റെ കൈയില്‍ പോലുമില്ല. ഇതു സംബന്ധിച്ച് നിയമസഭയില്‍ വന്ന ഒരു ചോദ്യത്തിന് കണക്കുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി നല്‍കിയ മറുപടി.
2016 ഒക്‌ടോബര്‍ എട്ടിന് മോഷണക്കുറ്റത്തിന് നാട്ടുകാര്‍ പിടികൂടി തലശേരി പൊലിസിനെ ഏല്‍പ്പിച്ച തമിഴ്‌നാട് സ്വദേശി കാളിമുത്തു, മദ്യപിച്ച് ബൈക്കോടിച്ചതിന് പിഴയടക്കാത്തതിന്റെ പേരില്‍ ഒക്‌ടോബര്‍ 26ന് കൊല്ലം കുണ്ടറയില്‍ കസ്റ്റഡിയിലെടുത്ത കുഞ്ഞുമോന്‍ എന്ന ദലിതന്‍, 2017 ജൂലൈയില്‍ തൃശൂര്‍ പാവറട്ടയില്‍ പെണ്‍കുട്ടിയുമായി സംസാരിച്ചതിന് പൊലിസ് കസ്റ്റഡിയിലെടുക്കുകയും ക്രൂരമായ അക്രമത്തിനും വംശീയ അധിക്ഷേപത്തിനും ഇരയാകുകയും പിന്നെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയും ചെയ്ത വിനായകന്‍ എന്ന ദലിത് യുവാവ് അങ്ങനെ നീളുകയാണ് സര്‍ക്കാരിന്റെ കൈയിലില്ലാത്തവരുടെ ആ പട്ടിക.
ഇതു കൂടാതെ നാലര വര്‍ഷത്തിനിടെ എട്ട് മാവോയിസ്റ്റുകള്‍ പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 2016 നവംബര്‍ 24ന് നിലമ്പൂര്‍ കരുളായി വനത്തില്‍ വെടിയേറ്റു മരിച്ച അജിത, കുപ്പു ദേവരാജ്, 2019 മാര്‍ച്ച് ഏഴിന് വയനാട്ടിലെ ഉപവന്‍ റിസോര്‍ട്ടില്‍ പൊലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട സി.പി ജലീല്‍, ഒക്‌ടോബര്‍ 28, 29 തിയതികളില്‍ അട്ടപ്പാടി മഞ്ചക്കണ്ടി ഊരിനു സമീപം പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മണിവാസകം, ശ്രീനിവാസന്‍, അജിത, കാര്‍ത്തിക്. 2020 നവംബറില്‍ വയനാട് മീന്‍മുട്ടിയില്‍ പൊലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍മുരുകനില്‍ എത്തിനില്‍ക്കുന്നു ആ പട്ടിക.
ഇക്കാലയളവില്‍ വാഹന പരിശോധനയുടെ പേരില്‍ 'കൊല'ചെയ്യപ്പെട്ടത് മൂന്നു പേരാണ്. 2017 സെപ്റ്റംബര്‍ മൂന്നിന് നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്‍ന്ന പൊലിസ് സംഘം ബൈക്ക് യാത്രക്കാരന്റെ കോളറിനു പിടിച്ചപ്പോള്‍ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് തല്‍ക്ഷണം മരിച്ച മുന്‍ പട്ടാള ഉദ്യോഗസ്ഥനായ തിരുവനന്തപുരം മാരനല്ലൂര്‍ സ്വദേശി വിക്രമന്‍, 2018 മാര്‍ച്ച് 11ന് വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്കിനെ പൊലിസ് പിന്തുടര്‍ന്നപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞു ആലപ്പുഴ കഞ്ഞിക്കുഴിയില്‍ മരിച്ച കുഞ്ഞിക്കുഴി സ്വദേശിനി സുമി, പാതിരപ്പള്ളി സ്വദേശി ബിച്ചു.
ഒരു ചെറിയ വിഭാഗത്തിന്റെ കാടത്ത മനസാണ് സേനയുടെ മനുഷ്യത്വ മുഖം വികൃതമാക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഈ ചെറിയ ശതമാനം എല്ലാ ഉദ്യോഗസ്ഥ തലത്തിലുമില്ലേയെന്ന മറുചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. കാരണം ഒരു ജീവന്‍ പോലും ഇല്ലാതാക്കാന്‍ മനുഷ്യന് അര്‍ഹതയില്ലെന്ന മാനവിക കാഴ്ചപ്പാടില്‍ നമ്മള്‍ സംസാരിക്കുമ്പോള്‍ ആ ചെറിയ ശതമാനത്തിന്റെ പ്രവൃത്തികളെ ഒറ്റപ്പെട്ടതായി കാണാനാവില്ല.
ഏറ്റവും അവസാനം വന്ന കണക്കുപ്രകാരം പൊലിസില്‍ 10 ഡിവൈ.എസ്.പിമാര്‍ ഉള്‍പ്പെടെ 1129 ക്രിമിനലുകള്‍ ഉണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും തയാറാക്കുന്ന കണക്കു പ്രകാരം 2018ല്‍ പുറത്തു വന്ന കണക്കാണിത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ഈ കണക്കെടുപ്പ് നടത്തിയത്. 2015ല്‍ 654 പേര്‍ ആയിരുന്നു സേനയ്ക്കുള്ളില്‍ ക്രമിനല്‍ കേസുകളില്‍ പെട്ടവര്‍ എങ്കില്‍ മൂന്നു വര്‍ഷം കൊണ്ട് ഇത് 1129 ആയി ഉയര്‍ന്നു.
മുത്തങ്ങയിലെ സുരേന്ദ്രന്‍ കേസിലെ വിധി നമ്മുടെ പൊലിസ് സംവിധാനത്തിന്റെ കണ്ണു തുറപ്പിക്കുമൊന്നും ആരും കരുതുന്നില്ല. കാരണം ലോക്കപ്പ് മര്‍ദനത്തിന്റെ പേരില്‍ ഈയടുത്ത് രണ്ടു പൊലിസ് ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധിച്ച നാടാണിത്. ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ 2018 ജൂലൈ മാസത്തിലാണ് കോടതി കുറ്റക്കാരായ രണ്ടു പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചത്. എന്നാല്‍ ഇതിനു ശേഷവും കേരളത്തിലെ ലോക്കപ്പുകളില്‍ അരഡസനോളം പേര്‍ക്ക് ഉരുട്ടിയും ഉരുട്ടാതെയും ജീവന്‍ നഷ്ടമായി. ഉദയകുമാര്‍ വിധിയില്‍ ചവിട്ടി നിന്നാണ് നെടുങ്കണ്ടത്തെ രാജ്കുമാറിനെ ക്രൂരമായി ഉരുട്ടിക്കൊന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."