കെഎംസിസി പെൻഷൻ വിതരണ ഉദ്ഘാടനവും കൗൺസിലർമാർക്ക് സ്വീകരണവും സംഘടിപ്പിച്ചു
ജിദ്ദ: കോട്ടക്കൽ മുനിസിപ്പൽ കെഎംസിസി നടത്തി വരുന്ന 'സ്നേഹ സാന്ത്വനം' പെൻഷൻ പദ്ധതിയുടെ 2021 ലെ വിതരണത്തിന്റെയും മുനിസിപ്പൽ കൗൺസിലർമാർക്കുള്ള സ്വീകരണ പരിപാടിയുടെയും ഉദ്ഘാടനം കോട്ടക്കൽ മണ്ഡലം എം.എൽ. എ പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾ നിർവഹിച്ചു. പെൻഷൻ വിതരണം കോട്ടക്കൽ മുനിസിപ്പൽ ചെയർ പേഴ്‌സൺ ബുഷ്‌റ ഷബീറിന് തുക കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്. ജാതി - മത ഭേദമന്യേ കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽപ്പെട്ട ദരിദ്രരും നിരാലംബരുമായ അമ്പതിലധികം കുടുംബങ്ങൾക്ക് കഴിഞ്ഞ അഞ്ചു വർഷമായി ജിദ്ദ - കോട്ടക്കൽ മുനിസിപ്പൽ കെഎംസിസി പ്രതിമാസ പെൻഷൻ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.
കെഎംസിസി നടത്തി വരുന്ന പെൻഷൻ പദ്ധതി മാതൃകാപരമായ ജീവ കാരുണ്യ പ്രവർത്തനമാണെന്നും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന കെഎംസിസി പ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നവരാണെന്നും ആബിദ് ഹുസ്സൈൻ തങ്ങൾ എം എൽ എ പറഞ്ഞു. കോട്ടക്കൽ മുനിസിപ്പൽ മുസ്‌ലിം ലീഗ് ഓഫീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ജിദ്ദ- കോട്ടക്കൽ മുനിസിപ്പൽ കെഎംസിസി പ്രസിഡന്റ് കാലൊടി മൂസ ഹാജി അധ്യക്ഷത വഹിച്ചു. മജീദ് കോട്ടീരി മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ വെച്ച് കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ 21 യു ഡി എഫ് കൗൺസിലർമാർക്കും സ്വീകരണം നൽകി. ഇതോടൊപ്പം കോട്ടക്കലിലെ മുസ്ലിം ലീഗ് നേതാക്കളായ ഇല്ലിക്കോട്ടിൽ കുഞ്ഞലവി ഹാജി, പരവക്കൽ ഉസ്മാൻ കുട്ടി, കെ. കെ നാസർ, സാജിദ് മങ്ങാട്ടിൽ, പാറോളി മൂസക്കുട്ടി ഹാജി തുടങ്ങിയവരെ ആബിദ് ഹുസ്സൈൻ തങ്ങൾ എം എൽ എ ആദരിച്ചു. കെ. എം ഖലീൽ നാസർ തയ്യിൽ, ജുനൈദ് പരവക്കൽ, കുഞ്ഞിപ്പ തയ്യിൽ, ഷൗക്കത്ത് പൂക്കയിൽ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. ആലിത്തൊടി അബ്ദുറഹ്മാൻ ഹാജി (കുഞ്ഞിപ്പ) സ്വാഗതവും അഷ്‌റഫ് മേലേതിൽ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."