പഴങ്ങളുടെ പേരിലും കൈവെച്ച് ബി.ജെ.പി; ഡ്രാഗണ്‍ ഫ്രൂട്ട് ഇനി 'കമലം', പേരിട്ടത് ഗുജറാത്ത് സര്‍ക്കാര്‍
അഹമ്മദാബാദ്: നാടും സ്ഥാപനങ്ങളുമെല്ലാം കഴിഞ്ഞ് ഇപ്പോള്‍ പഴങ്ങളുടെ മേലും പേരുമാറ്റല്‍ പരീക്ഷണവുമായി കൈവെച്ചിരിക്കുകയാണ് ബി.ജെ.പി. ഏറെ ഇഷ്ടക്കാരുള്ള ഡ്രാഗണ്‍ ഫ്രൂട്ടാണ് പേരുമാറ്റലിന്റെ അടുത്ത ഇര. കമലം എന്നാണ് ഫ്രൂട്ടിനിട്ടിരിക്കുന്ന പുതിയ പേര്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി തന്നെയാണ് പേരുമാറ്റലിന്റെ കാര്യം അറിയിച്ചത്. ഡ്രഗണ്‍ എന്ന പേര് ചൈനയുമായി ബന്ധപ്പെട്ടതാണത്രെ.
താമരയുടെ ആകൃതിയെ സൂചിപ്പിക്കുന്ന ഫലമായതിനാലാണ് കമലം എന്ന പേര് നല്‍കിയിരിക്കുന്നതെന്ന് വിജയ് രൂപാണി പറയുന്നത്. 'ഡ്രാഗണ്‍' എന്ന പദം ഒരു ഫലത്തിന് അനുയോജ്യമല്ലെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറയുന്നു. ഗുജറാത്തില്‍ ഇനി മുതല്‍ കമലം എന്നായിരിക്കും ഫ്രൂട്ട് അറിയപ്പെടുക.
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് 'കമലം' എന്നു മാറ്റുന്നതിനായി പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചീഫ് മിനിസ്റ്റര്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഡെവലപ്‌മെന്റ് മിഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടെയാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. 'ഡ്രാഗണ്‍ ഫ്രൂട്ട് എന്നാണറിയപ്പെടുന്നതെങ്കിലും ആ പേര് ഒട്ടും ഉചിതമായി തോന്നുന്നില്ല. കമലം എന്നത് ഒരു സംസ്‌കൃത പദമാണ്. ആ ഫലത്തിന് താമരയുടെ ആകൃതിയുമുണ്ട്. അതുകൊണ്ടാണ് അതിനെ കമലം എന്നു വിളിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയവും ഇല്ല' രൂപാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."