HOME
DETAILS
MAL
ഇടതു സ്വതന്ത്രരാകാം! കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഓഫറുമായി എല്‍.ഡി.എഫ്
backup
January 20 2021 | 19:01 PM
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ഇടതുമുന്നണി മാസ്റ്റര്‍പ്ലാന്‍ തയാറാക്കി. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു വരുന്ന മുതിര്‍ന്ന നേതാക്കളെ സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിപ്പിക്കാനാണ് ഇടതു മുന്നണിയുടെ തീരുമാനം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്ന കെ.വി തോമസ് ഈ നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും പരിഗണിക്കപ്പെടും എന്ന ധാരണയിലായിരുന്നു. അത്തരമൊരു സാധ്യതയ്ക്കു മങ്ങലേറ്റ സാഹചര്യത്തില്‍ ബി.ജെ.പിയിലേക്ക് അടുക്കുന്നുവെന്ന് കണ്ട ഇടത് നേതാക്കള്‍ തോമസിനെ ഇടതുസ്വതന്ത്രനായി മത്സരിപ്പിക്കാമെന്ന് അറിയിക്കുകയായിരുന്നു. സി.പി.എം സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന്‍ നേരിട്ടാണ് കെ.വി തോമസുമായി ആശയവിനിമയം നടത്തുന്നത്. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയ ടോം വടക്കന്റെ അവസ്ഥ വരുത്തേണ്ടെന്നും ഇടതു സ്വതന്ത്രനായി സജീവ രാഷ്ട്രീയത്തില്‍ തുടരാമെന്നുമാണ് ഓഫര്‍. ഭരണത്തുടര്‍ച്ചയുണ്ടായാല്‍ ഭരണത്തില്‍ മാന്യമായ സ്ഥാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ടുവന്നാലുടന്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കുന്ന പ്രവണത മുന്നണിക്ക് ദോഷം ചെയ്യുമെന്ന വികാരം സി.പി.എമ്മിലും സി.പി.ഐയിലും ശക്തമാണ്. അതുകൊണ്ടാണ് സ്വതന്ത്രരായി കൂടെ നിര്‍ത്താന്‍ ഇടതുമുന്നണി തീരുമാനിച്ചത്. കെ.വി തോമസിനും താല്‍പര്യം സ്വതന്ത്രനായി ഇടതുപക്ഷത്ത് പ്രവര്‍ത്തിക്കാനാണെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കെ.വി തോമസ് മറുകണ്ടം ചാടാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത് നേരത്തെ തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെട്ടിരുന്നുവെന്നും അത്തരക്കാരെ ഒഴിവാക്കി മുന്നോട്ടുപോകാനുള്ള കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തിന്റെ തുടര്‍ച്ചയായാണ് തോമസിന് സീറ്റ് നിഷേധിക്കപ്പെട്ടതെന്നും അറിയുന്നു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനു പകരം സ്വന്തം വളര്‍ച്ച മാത്രം ലക്ഷ്യമാക്കി ചില മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് പാര്‍ട്ടി ദേശീയ തലത്തില്‍ തന്നെ തകര്‍ന്നുപോയതെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുണ്ട്. ടോം വടക്കന്‍ തോമസിനെ ബി.ജെ.പിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും ശക്തമായി നടത്തുന്നുണ്ടെങ്കിലും ഇടതുമുന്നണിയുടെ ഓഫറിനോടാണ് താല്‍പര്യമെന്നാണ് തോമസുമായി ബന്ധമുള്ളവര്‍ വ്യക്തമാക്കുന്നത്.
കെ.വി തോമസിന്റെ വഴിയേ തൊട്ടുപുറകെ എ.ഐ.സി.സി സെക്രട്ടറിയായിരുന്ന പി.സി ചാക്കോയും ഇടത് സ്വതന്ത്രനായി രംഗത്തു വരുമെന്ന സൂചനകളുണ്ട്. ഇത്തരത്തില്‍ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കഴിയുന്നത്ര ഇടത് സ്വതന്ത്രരാക്കി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനുള്ള തന്ത്രമാണ് ഇടത് മുന്നണി തയാറാക്കിയിട്ടുള്ളതെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് 'സുപ്രഭാത'ത്തോട് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."