ഫൈസർ കൊവിഡ് വാക്‌സിൻ ലഭ്യതക്കുറവ്; സഊദിയിൽ വാക്‌സിൻ വിതരണ ഷെഡ്യൂളിൽ മാറ്റം
റിയാദ്: ഫൈസർ വാക്‌സിൻ ഇറക്കുമതിയിൽ ക്ഷാമം നേരിടുന്നതിന്റെ ഭാഗമായി വാക്‌സിൻ കുത്തിവെപ്പ് ഷെഡ്യൂളിൽ മാറ്റം വരുത്തുന്നതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാവർക്കും വ്യാപകമായി വാക്‌സിൻ കുത്തിവെപ്പ് നൽകുന്നതിന് പകരം രണ്ടാം ഡോസായിനായി കാത്തിരിക്കുന്നവർക്ക് മുൻഗണന നൽകുന്ന രീതിയിലാണ് വാക്‌സിൻ കുത്തിവെപ്പ് ഷെഡ്യൂളിൽ മാറ്റം വരുത്തുന്നത്. സഊദിയിൽ വിതരണം തുടരുന്ന ഫൈസർ വാക്‌സിൻ ഇറക്കുമതിയിൽ കാല താമസം നേരിട്ടേക്കാമെന്ന കമ്പനി അറിയിപ്പിനെ തുടർന്നാണ് വാക്‌സിൻ കുത്തിവെപ്പിൽ താൽകാലിക മാറ്റം വരുത്താൻ സഊദി ആരോഗ്യ മന്ത്രാലയം നിർബന്ധിതരായത്. ഇതോടെ വാക്‌സിൻ കുത്തിവെപ്പ് ആദ്യ ഡോസ് സ്വീകരിക്കാൻ രജിസ്ട്രേഷൻ ചെയ്‌തവർക്ക് കാത്തിരിക്കേണ്ടി വരും. വാക്‌സിൻ കുത്തിവെപ്പ് എടുക്കുന്നതിനുള്ള പുതിയ തിയ്യതി അറിയിച്ചുള്ള സന്ദേശങ്ങൾ രജിസ്റ്റർ ചെയ്തവർക്ക് ലഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഉൽപാദന ശേഷി വർദ്ധിപ്പിക്കുന്നതിനാൽ വാക്സിൻ കയറ്റുമതി ചെയ്യുന്ന സഊദി അറേബ്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലേക്കും ഫൈസർ കമ്പനി വാക്സിൻ വിതരണം താത്ക്കാലികമായി ദീർഘിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ രാജ്യത്തെ വാക്‌സിൻ വിതരണ ഷെഡ്യൂളിൽ മാറ്റം വരുത്തുന്നതായും സഊദി ആരോഗ്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു. അതേസമയം, ഫൈസർ വാക്‌സിന് പുറമെ അസ്‌ത്ര സെനീക, മോഡെർണ തുടങ്ങിയ രണ്ടു തരം കൊവിഡ് വാക്‌സിനുകൾക്ക് കൂടി സഊദി ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ഈ വാക്‌സിനുകൾ ഇത് വരെ രാജ്യത്ത് എത്തിച്ചേർന്നിട്ടില്ല.
ബെൽജിയത്തിലെ പ്യൂറിലുള്ള തങ്ങളുടെ പ്ലാന്റിൽ ഉൽപാദനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും അതിന്റെ ഭാഗമായി ഫാക്ടറിയിലെ സൗകര്യങ്ങളും പ്രക്രിയകളും അപ്‌ഗ്രേഡ് ചെയ്യുന്നതിനും ഗുണനിലവാര പരിശോധനകളും അധികാരികളുടെ അനുമതിയും ആവശ്യമാണെന്നും ഫൈസർ കമ്പനി കഴിഞ മാസം അറിയിച്ചിരുന്നു. ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് സഊദിയിൽ വാക്‌സിൻ സ്വീകരിക്കാനായി രജിസ്‌ട്രേഷൻ ചെയ്‌തത്. മൂന്ന് ലക്ഷത്തിലധിക ആളുകൾക്ക് വാക്സിൻ കുത്തിവെപ്പ് നൽകുകയും ചെയ്‌തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."