' വെറുപ്പിനെ തൂത്തെറിയാം, ഒരൊറ്റ അമേരിക്കക്കായി ഒന്നിച്ചു നില്‍ക്കാം' - ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും ആഹ്വാനമായി ബൈഡന്റെ ആദ്യ പ്രസംഗം
വാഷിങ്ടണ്‍: 'മറ്റൊരു ജനുവരിയില്‍ 1863ലെ പുതുവര്‍ഷനാളില്‍ അബ്രഹാം വിമോചന വിളംബരത്തില്‍ (ഇമാന്‍സിപ്പേഷന്‍ പ്രൊക്ലമേഷന്‍) ഒപ്പിട്ടു. ഒപ്പിടാനായി പെന്ന് പേപ്പറില്‍ വെക്കവെ ആ മഹാന്‍ പറഞ്ഞു. എന്നെങ്കിലും എന്റെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നുവെങ്കില്‍ അത് ഇതിന്റെ പേരിലായിരിക്കും. എന്റെ മുഴുവന്‍ ആത്മാവും ഇതിലുണ്ട്. അബ്രഹം ലിങ്കന്റെ വാക്കുകള്‍ ഞാന്‍ ആവര്‍ത്തിക്കട്ടെ. ഇതാ എന്റെ മുഴുവന്‍ ആത്മാവും ഇതിലുണ്ട്. ഈ ജനുവരി ദിനത്തില്‍ ഞാന്‍ പ്രഖ്യാപിക്കട്ടെ. അമേരിക്കയെ ഒന്നിപ്പിക്കുന്നതില്‍ എന്റെ മുഴുവന്‍ ആത്മാവും ഉണ്ട്. നമ്മുടെ ജനങ്ങളെ ഒന്നിപ്പിക്കാനായി, നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനായി ഇതാ എന്റെ മുഴുവന്‍ ആത്മാവും ഞാന്‍ നല്‍കുകയാണ്. ഇതിനായി എനിക്കൊപ്പെ നില്‍ക്കണമെന്ന് രാജ്യത്തെ മുഴുവന്‍ ജനതയോടും ഞാന്‍ ആവശ്യപ്പെടുകയാണ്'- ലോകത്തെ മുഴുവന്‍ സാക്ഷി നിര്‍ത്തി അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള തന്റെ ആദ്യത്തെ പ്രസംഗത്തില്‍ ജോ ബൈഡന്‍ എന്ന 78കാരന്‍ പ്രഖ്യാപിച്ചു.
ജനാധിപത്യ ദിനമെന്ന് വിശേഷിപ്പിച്ചാണ് ബൈഡന്‍ തന്റെ പ്രസംഗം ആരംഭിച്ചത്. കേട്ടു നിന്നവരെയെല്ലാം ആവേശത്തിലാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. കാലങ്ങളായി രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന തീജ്വാലകള്‍ അണക്കുന്നതിലേക്ക് വഴിതുറന്ന പ്രതീക്ഷയുടെ ചരിത്ര ദിനം. ഒരു സ്ഥാനാര്‍ത്ഥിയുടെ വിജയമല്ല ഇന്ന് നമ്മള്‍ ആഘോഷിക്കുന്നത്. മറിച്ച് ജനാധിപത്യത്തിന്റെ ജയമാണ്. ജനങ്ങള്‍ ജനങ്ങളുടെ ആഗ്രഹം കേള്‍ക്കുകയും സഫലീകരിക്കുകയും ചെയ്തിരിക്കുന്നു.
ഇത് ഒരു മഹത്തായ രാജ്യമാണ്. നാം നല്ല ജനതയാണ്.
നൂറ്റാണ്ടുകളായി, കൊടുങ്കാറ്റിലൂടെയും കലഹത്തിലൂടെയും സമാധാനത്തിലും യുദ്ധത്തിലും നമ്മള്‍ ഇതുവരെ എത്തിയിരിക്കുന്നു. പക്ഷേ നമുക്കിനിയും ഒാെരുപാട് ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.
'ഐക്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഈ ദിവസങ്ങളില്‍ ചിലര്‍ക്ക് ഒരു മണ്ടന്‍ ഫാന്റസി പോലെയാകുമെന്ന് എനിക്കറിയാം.നമ്മെഭിന്നിപ്പിക്കുന്ന ശക്തികള്‍ ആഴമുള്ളതാണെന്നും അവ യഥാര്‍ത്ഥമാണെന്നും എനിക്കറിയാം, പക്ഷേ അതൊന്നും ഒരു പുതിയ സംഭവമല്ല.
വംശീയത, നേറ്റിവിസം, ഭയം, പൈശാചികവല്‍ക്കരണം തുടങ്ങിയവ കാലങ്ങളായി നമ്മെ കീറിമുറിച്ചു കൊണ്ടിരിക്കുകയാണെന്ന കഠിനവും വൃത്തികെട്ടതുമായ യാഥാര്‍ത്ഥ്യവും നാമെല്ലാവരും തുല്യരായി സൃഷ്ടിക്കപ്പെട്ട അമേരിക്കന്‍ ആദര്‍ശവും തമ്മിലുള്ള നിരന്തരമായ പോരാട്ടമാണ് നമ്മുടെ ചരിത്രം.
ഈ യുദ്ധം ഒരിക്കലും അവസാനിക്കാത്തതാണ്. ഇവിടെ വിജ.ം ഒരിക്കലും ഉറപ്പു പറയാനാവാത്തതാണ്.
പ്രതിസന്ധിയുടേയും വെല്ലുവിളിയുടേയും തരിത്ര നിമിഷമാണിത്. ഐക്യമാണ് മുന്നോട്ടുള്ള വഴി. യുനൈറ്റഡ് സ്‌റ്റേറ്റ് ഓഫ് അമേരിക്ക എന്ന നിലക്കാണ് നാമിതിനെ അഭിമുഖീകരിക്കേണ്ടത്. അങ്ങിനെ നാം ചെയ്താല്‍ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു. നാമൊരിക്കലും പരാജയപ്പെടില്ല. നാമൊന്നിച്ചു നീങ്ങിയപ്പോഴൊന്നും അമേരിക്ക ഒരിക്കലും പരാജപ്പെട്ടിട്ടില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനാല്‍ ഈ ദിവസം ഈ നിമിഷം ഈ സ്ഥലത്തുവെച്ച് നമുക്കൊരു പുതിയ തുടക്കത്തിന് തുടക്കമിടാം. നമുക്ക് വീണ്ടും പരസ്പരം ശ്രദ്ധിച്ചു തുടങ്ങാം. പരസ്പരം കേട്ടു തുടങ്ങാം. പരസ്പരം കണ്ടു തുടങ്ങാം. പരസ്പരം ബഹുമാനിച്ചു തുടങ്ങാം. വഴിയില്‍ കാണുന്നതിനെയെല്ലാം നശിപ്പിക്കുന്ന തീജ്വാലയല്ല രാഷ്ട്രീയം. വിയോജിപ്പുകളെല്ലാം യുദ്ധത്തിന് കാരണമാകണമെന്നില്ല. കെട്ടിച്ചമക്കപ്പെടുകയും നിര്‍മ്മിക്കപ്പെടുകയും ചെയ്യപ്പെട്ട വസ്തുതകളെ നാം നിര്‍ബന്ധമായും നിരാകരിക്കണം- അദ്ദേഹം ആഹ്വാനം ചെയ്തു.
എല്ലാവര്‍ക്കും അവസരവും അന്തസ്സും അഭിമാനവും ഉറപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. വെറുപ്പിനെ തൂത്തെറിയാനും വര്‍ണവിവേചനത്തിനും ആഭ്യന്തര ഭീകരതക്കുമെതിരെ നിലകൊള്ളാനും ബൈഡന്‍ ആഹ്വാനം ചെയ്തു. വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ കമല ഹാരിസിനേയും അദ്ദേഹം അഭിനന്ദിച്ചു.
മാര്‍ട്ടിന്‍ ലൂഥര്‍ കിങ് തന്റെ സ്വപ്‌നത്തെകുറിച്ചു പറഞ്ഞിടത്താണ് നാം നില്‍ക്കുന്നത്. 108 വര്‍ങ്ങള്‍ക്കു മുമ്പ് മറ്റൊരു ഉദ്ഘ്ടന ചടങ്ങിനിടെ വോട്ടവകാശം വേണമെന്ന ആവശ്യവുമായി പ്രതിഷേധിച്ച വനിതകളെ തടഞ്ഞിടത്താണ് നാം നില്‍ക്കുന്നത്. അവിടെ വെച്ചാണ് ആദ്യത്തെ അമേരിക്കന്‍ വനിതാ വൈസ് പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. അതിനാല്‍ മാറ്റങ്ങള്‍ വരുത്താനാവില്ലെന്ന് നിങ്ങള്‍ പറയരുത്- ബൈഡന്‍ പറഞ്ഞു.
ലക്ഷ്യത്തോടെയും ദൃഢ നിശ്ചയത്തോടെയും നാം നമ്മുടെ ജോലിയില്‍ പ്രവേശിക്കുകയാണ്.
ഞങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിക്കുന്ന രാജ്യമെന്ന വിശ്വാസത്താല്‍ നിലനില്‍ക്കുന്ന ബോധ്യത്താല്‍ നയിക്കപ്പെടുന്ന പരസ്പരം അര്‍പ്പിതരായിക്കൊണ്ട്. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ, ദൈവം നമ്മുടെ സൈന്യത്തെ സംരക്ഷിക്കട്ടെ എന്നു പറഞ്ഞാണ് അദ്ദേഹം തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്. ഇന്ത്‌യന്‍ വംശജനായ വിനയ് റെഡ്ഢിയാണ് അദ്ദേഹത്തിന്റെ പ്രസംഗം തയ്യാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."