ലക്ഷദ്വീപിൽ നിരോധനാജ്ഞയിലും സംഘ്പരിവാർ ആത്മീയഗുരുവിൻ്റെ പരിപാടിക്ക് അനുമതി
ജലീൽ അരൂക്കുറ്റി
കവരത്തി
കൊവിഡ് വ്യാപനത്തിൻ്റെ പേരിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച് പള്ളികളിൽ ജുമുഅ നിസ്കാരം വിലക്കിയ ലക്ഷദ്വീപിൽ സംഘ്പരിവാർ ആത്മീയഗുരു മൊറാറി ബാപ്പുവിൻ്റെ പരിപാടിക്ക് അനുമതി. ഒരു അനുയായി പോലുമില്ലാത്ത അഗത്തി ദ്വീപിൽ കോടികൾ ചെലവഴിച്ചാണ് ഒമ്പതു ദിവസം നീളുന്ന ആത്മീയ പ്രഭാഷണ സംഗമമായ രാമചരിതമാനസം സംഘടിപ്പിച്ചിരിക്കുന്നത്. ചാർട്ടേഡ് വിമാനത്തിൽ വിവിധ രാജ്യങ്ങളിലെ അടുത്ത അനുയായികളുമായി എത്തിയ അദ്ദേഹത്തിന്റെ പ്രഭാഷണത്തിന് ശനിയാഴ്ച തുടക്കം കുറിച്ചു.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിൻ്റെ പിന്തുണയിലാണ് മൊറാറി ബാപ്പു ദ്വീപിലെത്തി സംഗമം നടത്തുന്നത്.നാലുപേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന നിരോധനാജ്ഞ നിലനിൽക്കെയാണ് എല്ലാ യാത്രാനിയന്ത്രണങ്ങളും അവഗണിച്ച് ഗുജറാത്തി ബാപ്പുവിനും അമ്പതിലധികം അനുയായികൾക്കും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പ്രത്യേക അനുമതി നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ സംഗമത്തിൽ പങ്കെടുക്കാൻ പുറത്തുനിന്ന് കൂടുതൽ പേർ എത്തുമെന്നാണ് സൂചന. കൊവിഡ് വ്യാപനത്തിൻ്റെ പേരിൽ എം.പിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് സന്ദർശനാനുമതി നിഷേധിച്ച ഭരണകൂടം സ്കൂളുകളും മദ്റസകളും അടച്ചിട്ടിരിക്കുകയാണ്. മദ്റസകളുടെ അധ്യയനത്തെ ബാധിക്കുന്ന രീതിയിൽ സ്കൂൾ സമയം മാറ്റുകയും വെള്ളിയാഴ്ച അധ്യയന ദിവസമാക്കുകയും ചെയ്ത അഡ്മിനിസ്ട്രേറ്റർ കുട്ടികൾ സൂര്യനമസ്കാരം ചെയ്യണമെന്നും നിർദേശിച്ചിരുന്നു. ഇതിനെതിരേ പ്രതിഷേധം ശക്തമായതോടെയാണ് ജനുവരി അഞ്ചു മുതൽ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
മൊറാറി ബാപ്പുവിൻ്റെ ആത്മീയ പരിപാടിക്ക് നേരത്തെ തന്നെ പ്രത്യേക അനുമതി നൽകിയതാണെന്നും കൊവിഡ് മാനദണ്ഡം പാലിച്ചാണ് സംഗമമെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."