ഇസ്താംബൂളില്‍ മഞ്ഞ് പുതച്ച് വിമാനങ്ങള്‍; യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം അടച്ചു
ഇസ്താംബൂള്‍: യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഇസ്താംബൂള്‍ വിമാനത്താവളം കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അടച്ചു. കനത്ത മഞ്ഞുവീഴ്ചയില്‍ കാര്‍ഗോ ടെര്‍മിനലുകളിലൊന്നിന്റെ മേല്‍ക്കൂര തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കൊന്നും പറ്റിയിട്ടില്ല. മിഡില്‍ ഈസ്റ്റിലേക്കും യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കുമുള്ള വിമാനങ്ങള്‍ പറക്കാനാകാതെ ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ മഞ്ഞില്‍പുതഞ്ഞ് കിടക്കുകയാണ്.
അതേസമയം കിഴക്കന്‍ മെഡിറ്ററേനിയനില്‍ അപൂര്‍വമായ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ഏഥന്‍സില്‍ സ്‌കൂളുകളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചു. ഇസ്താംബുളിലെ പുരാതന മോസ്‌കുകളുടെ മുറ്റങ്ങളിലും മഞ്ഞു നിറഞ്ഞിരിക്കുകയാണ്.
എന്നാല്‍ തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരത്തിലെ 16 ദശലക്ഷം നിവാസികള്‍ക്ക് ഇത് ഒരു വലിയ തലവേദനയായി മാറിയിട്ടുണ്ട്. അനേകം കാറുകള്‍ റോഡില്‍ നിന്ന് തെന്നിമാറി നിയന്ത്രണം വിട്ട് കൂട്ടിയിടിച്ച് കിടക്കുന്നതിന്റെ ദൃശ്യങ്ങളാണ് നഗരത്തിലുടനീളം.
ഷോപ്പിംഗ് മാളുകള്‍ നേരത്തെ അടച്ചിരുന്നു.വിതരണക്കാര്‍ക്ക് മഞ്ഞുവീഴ്ചയിലൂടെ കടന്നുപോകാന്‍ കഴിയാത്തതിനാല്‍ ഫുഡ് ഡെലിവറി സേവനങ്ങളും നിര്‍ത്തിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."