യൂട്യൂബര്‍
അന്നൊക്കെ, പൂമണമുള്ള സോപ്പ് തേച്ചു പതപ്പിച്ച് ഉമ്മ കുളിപ്പിച്ചു തരും. കിണറ്റുവക്കില്‍ വച്ച് വികൃതിത്തരങ്ങള്‍ ഒപ്പിക്കാതിരിക്കാന്‍ ഉമ്മ കുരങ്ങന്റെയും മുതലയുടെയും കഥ പറയും. അനുസരണക്കേട് കാണിച്ചാല്‍ ആറ്റിലേക്ക് തൂക്കിയെറിയുമെന്ന് കണ്ണുരുട്ടും. മുതലകള്‍ പുളയ്ക്കുന്ന ആറ്റുവക്കിലെ അത്തിമരത്തില്‍ ഹൃദയം വച്ചുമറന്ന കുരങ്ങന്റെ കഥ എത്ര തവണ കേട്ടിട്ടുണ്ട്. ഉറങ്ങാന്‍ കിടക്കുമ്പോഴാണ് നീലവെള്ളപ്പാത്രത്തില്‍ വീണ കുറുക്കന്റെയും കുട്ടിയുടെ കൈയില്‍ നിന്നു നെയ്യപ്പം തട്ടിയെടുത്ത കാക്കച്ചിയുടെയും കഥകള്‍ പറയാറ്. ഉമ്മയുടെ കഥ പറച്ചിലിന് വല്ലാത്തൊരു ഈണമായിരുന്നു.
കുളി കഴിഞ്ഞ് അലക്കിത്തേച്ച കുഞ്ഞുവസ്ത്രമിട്ടു തരും. മനം മയക്കുന്ന മണമുള്ള ടാല്‍ക്കം പൗഡര്‍ മുഖത്തും കഴുത്തിലുമൊക്കെ പൂശിത്തരും. കുട്ടിക്കാലത്തെ ആ പൗഡര്‍മണം പിന്നീട് മൂക്കിന്‍തുമ്പ് തൊടുന്നത് കല്യാണം കഴിഞ്ഞ് ആദ്യരാത്രിയില്‍ അവളെ ചേര്‍ത്തു പിടിച്ചപ്പോഴാണ്.
ആദ്യരാത്രിയില്‍ തന്നെ അത്തിമരത്തിലെ കുരങ്ങന്റെ കഥ അവളെ പറഞ്ഞു കേള്‍പ്പിച്ചു. ജീവിതത്തിന്റെ ഒന്നാംദിവസം തന്നെ പ്രൈമറിക്ലാസിലെ കഥയോ. പിന്നീടിന്നോളം അക്കാര്യം പറഞ്ഞാണവള്‍ എന്നെ കളിയാക്കിയതത്രയും. ആയതിനാല്‍ ഞാന്‍ കുരങ്ങിന്റേതെന്നല്ല ഒരു കഥയും അവളോട് പറയാറില്ല.
ഉമ്മ പാചകകലയില്‍ കിരീടം വയ്ക്കാത്ത റാണിയായിരുന്നു. ഉമ്മ അടുക്കളയില്‍ കയറി ഇത്തിരി കഴിഞ്ഞാല്‍ നാവില്‍ വെള്ളമൂറുന്നൊരു ഗന്ധം വീടിനെ ചൂഴ്ന്നു നില്‍ക്കും. കുരങ്ങിന്റെ കഥയെപ്പറ്റി പറഞ്ഞു കളിയാക്കുമെന്നേയുള്ളൂ. രുചിവൈവിധ്യത്തിന്റെ രഹസ്യച്ചേരുവകള്‍ അവള്‍ക്കും നല്ല വശമാണ്. മുന്‍പ് പേരുപോലും കേള്‍ക്കാത്ത രുചിയടുക്കുകളാണ് അവളുടെ കൈപ്പുണ്യം.
അവളെയും ചേര്‍ത്തുപിടിച്ചു കിടന്ന ഒരു രാത്രിയിലാണ് അങ്ങനെയൊന്ന് അവള്‍ പറഞ്ഞത്.
വീട്ടിലെ പണിയൊക്കെ കഴിഞ്ഞാല്‍ പിന്നെയും ഒരുപാട് സമയം ബാക്കിയുണ്ടെന്നും ഞാനൊരു യൂട്യൂബ് ചാനല്‍ ക്രിയേറ്റ് ചെയ്‌തോട്ടെ, എന്നും.
ആദ്യം എനിക്കൊന്നും മനസിലായില്ല.
നമ്മുടെ പുതിയ ആശയങ്ങള്‍ വീഡിയോ ആക്കി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യണം. ആയിരക്കണക്കിന് ആളുകള്‍ അത് കാണാനിടയായാല്‍ നമുക്ക് ആ വഴി കുറെ കാശ് കിട്ടും.
എനിക്ക് ചിരി വന്നു. ഇതൊക്കെ ആര് കാണാനാ എന്ന് ചിരിക്കിടയില്‍ ഞാന്‍ ചോദിക്കുകയും ചെയ്തു.
കൈകൊണ്ട് തൊടാതെ കുട്ടികളെ എങ്ങനെ താലോലിക്കാം, പട്ടിയെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങള്‍, ചെരുപ്പിന് തേയ്മാനം വരാതിരിക്കാന്‍ എന്തുചെയ്യണം, അടുപ്പില്‍ വിറക് കത്തിക്കാതെ എങ്ങനെ ചാരമുണ്ടാക്കാം, മാങ്ങയില്ലാതെ കിടുക്കന്‍ മാങ്ങയച്ചാര്‍ ഉണ്ടാക്കുന്ന വിധം... എന്നിങ്ങനെ അനേകം വിഷയങ്ങളുണ്ട്. ആളുകളുടെ താല്‍പര്യമനുസരിച്ച് നമ്മളും ചിലതൊക്കെ ചെയ്യുന്നു. ഇപ്പഴത്തെ ട്രെന്‍ഡ് ഇതൊക്കെയല്ലേ. എന്റെ കൂട്ടുകാരി ഉമ്മുസ്സയാനക്ക് യൂട്യൂബിലൂടെ ഇപ്പോള്‍ വരുമാനം ലഭിച്ചു തുടങ്ങി. എന്തിനധികം പറയുന്നു, ഇങ്ങോട്ട് വന്നു കയറുമ്പോ അടുക്കളേല്‍ കയറി ഒരു ചായ തിളപ്പിക്കാന്‍ അറിയാത്ത ഞാന്‍ നിങ്ങളുടെ കണ്ണ് തള്ളിപ്പോവുന്ന രീതിയില്‍ വിഭവങ്ങള്‍ നിരത്തുന്നില്ലേ. അതൊക്കെ യൂട്യൂബിന്റെ സഹായം തന്ന്യാ.
അവളുടെ ഭക്ഷണത്തിന്റെ രുചി ഉമ്മയെപ്പോലെ കൈപ്പുണ്യമെന്ന് ഞാനഹങ്കരിച്ചത് വെറുതെ എന്നൊരു നിരാശ എന്റെയുള്ളില്‍ കനംവച്ചു.
ഏറെ ആലോചിച്ച ശേഷം അവളുടെ ആഗ്രഹത്തിന് എതിരഭിപ്രായമൊന്നും പറഞ്ഞില്ല. ഇഷ്ടംപോലെ നടക്കട്ടെ എന്ന വാക്കിന്റെ അറ്റത്ത് അവളുടെ സന്തോഷം പറ്റിപ്പിടിച്ചു.
പിന്നീടുള്ള വൈകുന്നേരങ്ങളില്‍ അവള്‍ മുഖം മിനുക്കി, പുരികം കറുപ്പിച്ച് കൂടുതല്‍ മൊഞ്ചത്തിയായി. സംസാര വടിവില്‍ അവളുടെ ശബ്ദം വേറെയാരുടേതോ പോലെ തോന്നിച്ചു. രാത്രി കിടന്നാലും അവള്‍ മൊബൈല്‍ ഫോണിലേക്ക് നോക്കി വ്യൂവേഴ്‌സിന്റെയും സബ്‌സ്‌ക്രൈബേഴ്‌സിന്റെയും എണ്ണപ്പെരുക്കങ്ങളില്‍ മിഴി അടയ്ക്കാതിരുന്നു. ലൈക്കിന്റെയും കമന്റുകളുടെയും മിന്നലാട്ടങ്ങളില്‍ മതിമറന്ന് എന്റെ കൂര്‍ക്കംവലിയിലേക്ക് അവള്‍ ചിരിയൊച്ച തെറിപ്പിച്ചു. ഉറക്കം മുറിഞ്ഞു പിടയുന്ന ഞാന്‍ അവളെയും ചേര്‍ത്തുപിടിച്ച് വീണ്ടും ഉറങ്ങാന്‍ ശ്രമിക്കുന്നേരം അവളുടെ കഴുത്തും കവിളും മുന്‍പത്തെ പോലെ ടാല്‍ക്കം പൗഡറിന്റെ മണമില്ലെന്ന് തിരിച്ചറിഞ്ഞു.
അവളോടിക്കാര്യം പറഞ്ഞപ്പോള്‍ മുറിയില്‍ അല്‍പനേരം മൗനം കിനിഞ്ഞിറങ്ങി. പിന്നെ എന്തു മണമാണിപ്പോഴെന്ന് അവള്‍ പുരികം ചുളിച്ചു.
പാതിമയക്കത്തിലാണ് ഞാനിങ്ങനെ പറഞ്ഞത്.
'നിന്നെയിപ്പോള്‍ അച്ചാറ് മണക്കുന്നു.. കോഴിമുട്ടക്കേക്ക് മണക്കുന്നു. ഉള്ളിയില്ലാതെ ഉണ്ടാക്കിയ ഉള്ളിവട മണക്കുന്നു.. ആകപ്പാടെ യൂട്യൂബ് മണക്കുന്നു..'
അത്തിമരത്തിലെ കുരങ്ങന്റെ കഥ കേട്ട് അന്ന് ചിരിച്ച പോലെയല്ല. അതിനേക്കാള്‍ ഉച്ചത്തില്‍, അതുവരെ ഞാന്‍ കാണാത്ത ഭാവത്തില്‍ അവള്‍ ചിരിക്കാന്‍ തുടങ്ങി. അത് കേള്‍ക്കാന്‍ കെല്‍പ്പില്ലാതെ പുതപ്പിനുള്ളിലേക്ക്, ചെവിയടക്കം ഞാനെന്റെ മുഖം ചുരുട്ടിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."