ദിലീപിന് ഇന്ന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയന്ന കേസില്‍ ദിലീപടക്കം ആറ് പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മുപ്പത്തി മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക,
ദിലീപിന്റെ കസ്റ്റഡി ക്രൈംബ്രാഞ്ച് ആവശ്യപ്പെടും. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കും. ദിലീപിനും ക്രൈംബ്രാഞ്ച് സംഘത്തിനും ഒരുപോലെ നിര്‍ണായകമാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്. ഇത് പരിശോധിച്ച ശേഷമാകും കോടതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുക.
പരസ്പരമുള്ള സംസാരത്തിനപ്പുറം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ശ്രമം നടത്തിയെന്നു തെളിയിക്കുകയെന്നതാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ള വെല്ലുവിളി.
ഗൂഢാലോചനക്കേസെടുത്തതിനു പിന്നാലെ ദിലീപ്, സഹോദരന്‍ അനൂപ്, സഹായി അപ്പു എന്നിവര്‍ തങ്ങള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ മാറ്റിയെന്നും ഇത് തെളിവ് നശിപ്പിക്കാനാണെന്നുമാണ് ക്രൈം ബ്രാഞ്ച് നിലപാട്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാര്‍ തന്നെ പല തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ദിലീപിന്റെ വാദം. ഫോണ്‍ ഹാജരാക്കണം എന്നാവശ്യപ്പെട്ട് പ്രതിയായ തനിക്ക് നോട്ടീസ് നല്‍കാന്‍ ക്രൈം ബ്രാഞ്ചിനു കഴിയില്ലെന്നും ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നും ദിലീപ് കോടതിയെ അറിയിക്കും.
ദിലീപിന്റെ സഹോദരന്‍ പി. അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."