എസ്.പി.ബിക്ക് പദ്മവിഭൂഷണ്‍, കെ.എസ് ചിത്രയ്ക്ക് പദ്മഭൂഷണ്‍
ന്യൂഡല്‍ഹി: രാജ്യത്തെ പദ്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്്മണ്യം ഉള്‍പ്പടെ ഏഴു പേര്‍ക്ക് പദ്മവിഭൂഷണ്‍ പുരസ്‌കാരം. ഗായിക കെ.എസ് ചിത്രയുള്‍പ്പടെ 10 പേര്‍ക്ക് പദ്മഭൂഷണ്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പദ്മശ്രീ.
റിപബ്ലിക് ദിനത്തോടനുബന്ധിച്ച് 119 പേര്‍ക്കാണ് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഇതില്‍ ആറു പേരാണ് മലയാളികള്‍.
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, കര്‍ണാടകയിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. ബെല്ലെ മോണപ്പ ഹെഗ്‌ഡെ, അന്തരിച്ച ഇന്തോ - അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ നിരേന്തര്‍ സിങ് കപാനി, ഇസ്‌ലാമിക പണ്ഡിതന്‍ മൗലാനാ വഹീദുദ്ദീന്‍ ഖാന്‍, ആര്‍ക്കിയോളജിസ്റ്റ് ബി.ബി ലാല്‍, ഒഡീഷിയന്‍ ശില്‍പി സുദര്‍ശന്‍ സാഹു എന്നിവരാണ് പദ്മവിഭൂഷണ് അര്‍ഹരായവര്‍.
പ്രശസ്ത കലാകാരന്‍ പല്ലാവൂര്‍ രാമചന്ദ്രന്‍, സാഹിത്യകാരന്‍ ബാലന്‍ പൂതേരി, ഡോ. ധനഞ്ജയ ദിവാകര്‍ സാങ്ദിയോ, മുന്‍ കായിക താരവും പി.ടി ഉഷയുടെ കോച്ചുമായ ഒ. മാധവന്‍ നമ്പ്യാര്‍ എന്നിവരാണ് പദ്മശ്രീ നേടിയ കേരളത്തില്‍നിന്നുള്ളവര്‍.
ആദ്യമായാണ് മലയാളി പരിശീലകന് പദ്മശ്രീ ലഭിക്കുന്നത്. ലക്ഷദ്വീപില്‍നിന്നുള്ള ഗവേഷകന്‍ അലി മണിക്ഫാനും പദ്മശ്രീക്ക് അര്‍ഹനായി. അസമിലെ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗോഗോയ്, മുന്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍, അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍, അന്തരിച്ച ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍, ഉത്തര്‍പ്രദേശില്‍നിന്നുള്ള അന്തരിച്ച ഇസ്്‌ലാമിക പണ്ഡിതന്‍ ഖല്‍ബെ സാദിഖ് തുടങ്ങിയവര്‍ക്കാണ് പദ്മഭൂഷണ്‍ നല്‍കിയിരിക്കുന്നത്. ആകെ 102 പേരാണ് പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."