HOME
DETAILS

ലോകായുക്തയെ ഭയപ്പെടുന്നതാര്?

  
backup
January 28 2022 | 19:01 PM

54230-45632-2022

അഡ്വ. ടി. ആസഫ് അലി


പഞ്ചായത്തംഗം തൊട്ട് മുഖ്യമന്ത്രി തലം വരെയും ലോവർ ഡിവിഷൻ ക്ലർക്ക് തൊട്ട് ചീഫ് സെക്രട്ടറി വരെയും മറ്റു പൊതുമേഖലാസ്ഥാപനങ്ങളിലെ ഉന്നതരായ പൊതുസേവകർ പൊതുഖജനാവിലെ പണവും തങ്ങളിൽ നിക്ഷിപ്തമായ അധികാരവും ദുരുപയോഗപ്പെടുത്തി ചെയ്യുന്ന അഴിമതി, സ്വജനപക്ഷപാതം, നിയമ വിരുദ്ധമായ മറ്റു ഏകപക്ഷീയമായ നടപടികൾ തുടങ്ങിയവയ്ക്കെതിരേ സാധാരണ ജനങ്ങളുടെ കൈകളിലുള്ള ശക്തവും ഫലപ്രദവും മൂർച്ചയേറിയതുമായ ഒരായുധമാണ് 1999ലെ കേരള ലോകായുക്ത ആക്ട്. 1987ലെ പൊതുസേവകർക്കിടയിലെ അഴിമതി (കേസന്വേഷണവും അന്വേഷണവും) നിയമത്തിന് മതിയായ ശക്തിയില്ലെന്ന കാരണത്താലാണ് പുതിയ ലോകായുക്ത നിയമം നമ്മുടെ സംസ്ഥാനത്ത് അന്നത്തെ ഇടതു സർക്കാർ പാസാക്കി നടപ്പിലാക്കിയത്. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലെയും ലോകായുക്ത നിയമങ്ങളിൽനിന്ന് വ്യത്യസ്തമായ വളരെ നൂതനമായ വകുപ്പുകൾ ഉൾപ്പെട്ടതാണ് കേരളത്തിലെയും കർണാടകയിലെയും ലോകായുക്ത നിയമം.
ആരോപണം, സങ്കടം എന്നീ രണ്ടുതരം പരാതികളുമായാണ് സങ്കടനിവൃത്തി ആവശ്യപ്പെട്ട് ലോകായുക്തയെ സമീപിക്കാവുന്നത്. ലോകായുക്തക്ക് ലഭിക്കുന്ന പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടാൽ പരാതി ഫയലിൽ സ്വീകരിച്ച് ലോകായുക്തയുടെ കീഴിൽ പ്രവർത്തിക്കുന്നതും ഐ.ജി തലവനായ പൊലിസ് സംഘത്തെക്കൊണ്ട് അന്വേഷണം നടത്തി ലഭിക്കുന്ന റിപ്പോർട്ടിന്റെയടിസ്ഥാനത്തിൽ കുറ്റാരോപിതരായ മന്ത്രി, മുഖ്യമന്ത്രി, ഉദ്യോഗസ്ഥൻ എന്നീ തലത്തിലുള്ളവർ ആരാണോ അവരെ സമൻസയച്ചു വിളിച്ചുവരുത്തി വിശദമായ വിചാരണയും തെളിവെടുപ്പും വാദവും പൂർത്തിയാക്കി കുറ്റാരോപിതനെതിരേയുള്ള കുറ്റം തെളിഞ്ഞാൽ ലോകായുക്ത പുറപ്പെടുവിക്കുന്ന വിധി നിർണായകമാണ്.


കുറ്റാരോപിതൻ മന്ത്രിയോ മുഖ്യമന്ത്രിയോ ആണെങ്കിൽ അവരുടെ യുക്താധികാരിയായ മുഖ്യമന്ത്രിയും ഗവർണറും യഥാക്രമം കുറ്റാരോപിതരായ മന്ത്രിയെയോ മുഖ്യമന്ത്രിയെയോ സ്ഥാനത്തുനിന്ന് നീക്കണമെന്ന ലോകായുക്തയുടെ പ്രഖ്യാപനം സ്വീകരിക്കാൻ യുക്താധികാരി ബാധ്യസ്ഥനാണെന്ന വകുപ്പാണ് എടുത്തുമാറ്റാൻ ശ്രമിക്കുന്നത്. ഇതിനായി നിയമത്തിൽ ഭേദഗതി വരുത്താൻ ലക്ഷ്യം വച്ചുകൊണ്ടുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി ഗവർണർക്കയച്ചു. മന്ത്രിയായിരുന്ന കെ.ടി ജലീൽ മന്ത്രിയെന്ന നിലയിൽ തന്നിൽ നിക്ഷിപ്തമായ അധികാരം ദുരുപയോഗപ്പെടുത്തിക്കൊണ്ട് അഴിമതിയിൽക്കൂടി സ്വന്തം ബന്ധുവിനെ തന്റെ വകുപ്പിനു കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തിൽ നിയമവിരുദ്ധമായി നിയമിക്കുകയും അതുവഴി യോഗ്യനായ മറ്റൊരു അർഹതപ്പെട്ട ഉദ്യോഗാർഥിക്ക് അവസരം നിഷേധിച്ച നടപടി അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവുമാണെന്നും ആയതിനാൽ മന്ത്രിസ്ഥാനത്തു തുടരാൻ അർഹതയില്ലെ


ന്നുമുള്ള ലോകായുക്തയുടെ പ്രഖ്യാപനമാണ് അദ്ദേഹത്തിന്റെ രാജിയിൽ കലാശിച്ചത്. പിന്നീട് ലോകായുക്തയുടെ തീരുമാനം ഹൈക്കോടതിയിൽ ജലീൽ ചോദ്യം ചെയ്‌തെങ്കിലും ലോകായുക്ത നടപടി ശരിവയ്ക്കുകയാണ് ചെയ്തിരുന്നത്. സുപ്രിംകോടതിയും ലോകായുക്തയുടെയും ഹൈക്കോടതിയുടെയും തീർപ്പുകളിൽ ഇടപെടാൻ കൂട്ടാക്കിയില്ല. ജലീൽ സുപ്രിംകോടതിയിൽ ബോധിപ്പിച്ച അപ്പീൽ പിൻവലിക്കുകയാണുണ്ടായത്.
അഴിമതിയും സ്വജനപക്ഷപാതവും നടത്തിയത് പൊതുമേഖലാസ്ഥാപനത്തിന്റെ ചെയർമാനോ വൈസ് ചെയർമാനോ ആണെങ്കിൽ അത്തരം പൊതുസേവകർ അഴിമതി നടത്തിയതായി ലോകായുക്ത വിധി വന്ന തിയതി തൊട്ട് പദവിയൊഴിഞ്ഞതായി കണക്കാക്കണമെന്നാണ് നിയമവ്യവസ്ഥ. അഴിമതിക്കും സ്വജനപക്ഷപാതത്തിനും അധികാര ദുർവിനിയോഗത്തിനും ശക്തവും ഫലപ്രദവുമായ ഈ ജനപ്രിയ നിയമത്തെ ഭയപ്പെടുന്നത് അഴിമതിക്കാർ തന്നെയാണ് മറ്റാരുമല്ല. നിർദിഷ്ട ഭേദഗതിയനുസരിച്ച് ഏതെങ്കിലും മന്ത്രിയോ മുഖ്യമന്ത്രിയോ അഴിമതി നടത്തിയെന്ന് ലോകായുക്ത പ്രഖ്യാപനം ഉണ്ടായാലും ആ കുറ്റാരോപിതൻ സ്ഥാനമൊഴിയാൻ ബാധ്യസ്ഥനല്ല. ആ വിധി പുനഃപരിശോധിച്ച് തള്ളാനും കൊള്ളാനും യുക്താധികാരിക്ക് അധികാരം നൽകുന്ന നിയമവ്യവസ്ഥ ഫലത്തിൽ ലോകായുക്തയെ അടച്ചുപൂട്ടുന്നതിന് തുല്യമാണ്. ജലീലിന്റെ വിധി ഉണ്ടായ കാലത്ത് ഈ ഭേദഗതി പ്രാബല്യത്തിലുണ്ടായിരുന്നെങ്കിൽ വിധിയെ ചോദ്യം ചെയ്ത് ജലീൽ ഹൈക്കോടതിയെ സമീപിക്കേണ്ടിവരില്ല. മറിച്ച് യുക്താധികാരിയായ മുഖ്യമന്ത്രിയുടെ പരിശോധനയ്ക്കുവേണ്ടി മുഖ്യമന്ത്രി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ മുമ്പിൽ ഹാജരായാൽമതി. അങ്ങനെയുള്ള സാഹചര്യത്തിൽ ലോകായുക്ത പൊലിസ് അന്വേഷിച്ച റിപ്പോർട്ട് മുടിനാരിഴകീറി പരിശോധിച്ച സുപ്രിംകോടതി ജഡ്ജിയായോ ഹൈക്കോടതി ചീഫ് ജസ്റ്റിസായോ സേവനം ചെയ്ത ലോകായുക്ത തീർപ്പ് കൽപിച്ച ഒരു വിധി മുഖ്യമന്ത്രി പുനഃപരിശോധിക്കുന്ന വിരോധാഭാസം നീതിന്യായവ്യവസ്ഥയെ പരിഹസിക്കുന്നതിന് സമാനമാണ്.
നിർദിഷ്ട ഭേദഗതിയനുസരിച്ച് ലോകായുക്തയായി നിയമിക്കാൻ സുപ്രിംകോടതി ജഡ്ജിയായോ ഹൈക്കോടതി ജഡ്ജിയായോ സേവനം ചെയ്ത് വിരമിച്ച ന്യായാധിപൻ എന്ന നിലവിലെ വ്യവസ്ഥ മാറ്റിക്കൊണ്ട് ലോകായുക്തയായി നിയമനം ലഭിക്കാനുള്ള യോഗ്യത വിരമിച്ച ഹൈക്കോടതി ജഡ്ജിയെന്നാക്കി മാറ്റി. മാത്രമല്ല ലോകായുക്തയുടെ പ്രായപരിധി 75 വയസാക്കി ഉയർത്തുകയും ചെയ്തു. തങ്ങളുടെ നിയമവിരുദ്ധമായതും രാഷ്ട്രീയ-വ്യക്തി താൽപര്യങ്ങൾക്കനുസരിച്ചുള്ളതും പരപ്രേരണയാലുള്ളതുമായ വിധിയെഴുതുവാനായി ഇഷ്ടക്കാരായ ന്യായാധിപന്മാരെ ലഭിക്കില്ലെന്ന തിരിച്ചറിവിൽ നിന്നായിരിക്കാം ഇത്തരം ഒരു ഭേദഗതിക്ക് സർക്കാർ തയാറായതെന്ന് കരുതേണ്ടിയിരിക്കുന്നു.
ഭേദഗതിക്കുള്ള മുടന്തൻ
ന്യായങ്ങൾ
ലോകായുക്ത നിയമഭേദഗതിയെ നിയമമന്ത്രിയും പാർട്ടി സെക്രട്ടറിയും വളരെ വിഷമിച്ചാണ് ന്യായീകരിച്ചത്. അപ്പീൽ വ്യവസ്ഥ പോലുമില്ലാത്ത ലോകായുക്ത വിധി ഒരു സർക്കാരിനെ അട്ടിമറിക്കാൻ പോലും പര്യാപ്തമാണെന്നാണ് പാർട്ടി സെക്രട്ടറിയുടെ പ്രധാന വാദം. ശരിയാണ്, ലോകായുക്ത വിധിയിൽ അപ്പീലില്ല. പക്ഷേ അപ്പീലിനെക്കാളും ശക്തമായി റിട്ടധികാരം ഉപയോഗിച്ച് ലോകായുക്തയുടെ വിധി ഹൈക്കോടതിക്കും സുപ്രിംകോടതിക്കും തിരുത്താം. വി.എസ് അച്യുതാനന്ദന്റെ മകൻ അരുൺ കുമാറിനെതിരേ ലോകായുക്ത അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ പൊതുസേവകനല്ലാത്ത അരുൺ കുമാറിനെതിരേ അന്വേഷണ ഉത്തരവ് പുറപ്പെടുവിക്കാൻ ലോകായുക്തക്ക് അധികാരമില്ലെന്ന് വിധി പുറപ്പെടുവിച്ച് തിരുത്തിയത് ഹൈക്കോടതിയായിരുന്നു.


കെ.ടി ജലീലും ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചിട്ടുണ്ടായിരുന്നു. തിരുവനന്തപുരത്തെ പാറ്റൂർ കേസിൽ ലോകായുക്ത അന്വേഷണത്തിനുത്തരവിട്ടപ്പോൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട പാർട്ടിയാണ് സി.പി.എം. യു.ഡി.എഫ് മുഖ്യമന്ത്രിയായിരുന്ന കരുണാകരനും മന്ത്രിമാരായിരുന്ന എം.പി ഗംഗാധരനും ആർ. ബാലകൃഷ്ണപിള്ളയും കെ.കെ രാമചന്ദ്രൻ മാസ്റ്ററും കെ.പി വിശ്വനാഥനും കുഞ്ഞാലിക്കുട്ടിയും കെ.ജി.ആർ കർത്തായുമെല്ലാം രാജിവച്ചിരുന്നത് ലോകായുക്തയുടെ വിധിയുടെ അടിസ്ഥാനത്തിൽ അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിന്റെ പേരിലോ കോടതികൾ അവരെല്ലാം കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലോ ആയിരുന്നില്ല. മറിച്ച് ഉന്നതമായ രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നുവെന്നതാണ് സത്യം.


അഴിമതി നടത്തിയതായി തെളിഞ്ഞ മന്ത്രി സ്ഥാനമൊഴിയാൻ പ്രഖ്യാപിക്കുന്ന ലോകായുക്ത നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്നാണ് നിയമമന്ത്രിയുടെ ഭാഷ്യം. കെ.ടി ജലീൽ ലോകായുക്ത വിധിക്കെതിരേ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ഹരജി ബോധിപ്പിച്ചപ്പോൾ സർക്കാരിനും കെ.ടി ജലീലിനുമില്ലാത്ത ഒരു വാദമാണ് ലോകായുക്ത നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ളത്. ഇടതുസർക്കാർ പാസാക്കി നടപ്പിലാക്കി ഇരുപത്തിരണ്ടു വർഷവും ആഘോഷിച്ച ഒരു നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുകയെന്നത് പേരക്കുട്ടികൾ വലിയമ്മയുടെ കന്യകാത്വം സംശയിക്കുന്നതുപോലെയാണ്. ലോകായുക്തയിൽനിന്ന് വിപരീത ഉത്തരവ് നേരിടേണ്ടിവന്ന ഭരണകക്ഷിയിലെ പ്രധാന പാർട്ടിയാണ് സി.പി.ഐ. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്‌സഭാ സീറ്റ് പണം വാങ്ങി വിൽപന നടത്തിയെന്ന ആരോപണത്തിന്മേൽ സി.പി.ഐക്കെതിരേ ലോകായുക്ത അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. ലോകായുക്ത നിയമത്തിന്റെ പരിധിയിൽ ദുർഭരണം നടത്തുന്ന അധികാര സ്ഥാനത്തിൽ അംഗീകൃത രാഷ്ട്രീയ പാർട്ടികളും പെടും എന്നതിനാലായിരുന്നു ലോകായുക്ത നടപടി. എന്നിരുന്നാലും നിർദിഷ്ട ഭേദഗതിയെ കണ്ണടച്ച് അംഗീകരിക്കാൻ സി.പി.ഐയും സി.പി.ഐയുടെ മന്ത്രിയും തയാറില്ലെന്നതാണ് ഏറെ പ്രധാനം.
ധൃതിപിടിച്ച ഓർഡിനൻസ്


ചികിത്സയ്ക്കായി അമേരിക്കയിൽ പോയ മുഖ്യമന്ത്രി ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്. കേരളത്തിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 50,000ൽ കവിയുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 45 ശതമാനമായിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ മുഖ്യമന്ത്രിയുടെ ശ്രദ്ധ അഴിമതി നിരോധന സ്ഥാപനമായ ലോകായുക്തയുടെ പല്ലുകൾ അഴിച്ചുമാറ്റുന്ന നിയമ ഭേദഗതിക്കാണ്. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സമാശ്വാസം നൽകാനായി സമാഹരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് തങ്ങളുടെ പാർട്ടിയുടെ പരേതനായ എം.എൽ.എയുടെ കാർ ലോൺ അടക്കാൻ പണമനുവദിച്ച കേസ് മുഖ്യമന്ത്രിക്കെതിരേ ലോകായുക്ത പരിഗണിക്കുന്ന അവസരത്തിലെ ധൃതിപിടിച്ച നിയമഭേദഗതി ദുരുപദിഷ്ടിതമാണ്. ഇത് ചെരിപ്പിനനുസരിച്ച് കാല് മുറിക്കുന്നതിന് സമാനമാണ്.


ലോകായുക്ത നിയമം ഭരണഘടനയുടെ ഏഴാം പട്ടികയിലെ സമവർത്തി ലിസ്റ്റിൽപെട്ടതാകയാൽ രാഷ്ട്രപതിയുടെ അംഗീകാരമുണ്ടെങ്കിലേ ഓർഡിനൻസിൽ ഗവർണർക്ക് ഒപ്പിടാനൊക്കൂ. 1998ലെ ആദ്യത്തെ ലോകായുക്ത ഓർഡിനൻസിൽ 1998 നവ. 15-ാം തിയതി അന്നത്തെ ഗവർണർ ഒപ്പിട്ടത് രാഷ്ട്രപതിയുടെ അനുമതിയോടെയാണ്. രാഷ്ട്രപതിയുടെ അനുമതി ആവശ്യമില്ലെന്ന നിയമമന്ത്രിയുടെ പ്രസ്താവന ഒന്നുകിൽ നിയമ പരിജ്ഞാനമില്ലാത്തതുകൊണ്ട്, അല്ലെങ്കിൽ ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശം വച്ച് തെറ്റായ പ്രചാരണം നടത്തുന്നുവെന്നുവേണം കരുതാൻ. 1999ലെ നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളിൽ ഈ വസ്തുത വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിമർശിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നത് തടയാൻ ലക്ഷ്യം വച്ച് ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന കേരള പൊലിസ് നിയമ ഭേദഗതിയെ ശക്തിയുക്തം ന്യായീകരിച്ചെങ്കിലും ശക്തമായ ജനാഭിപ്രായത്തിനു മുമ്പിൽ സർക്കാർ മുട്ടുമടക്കേണ്ടിവന്നു. ഒടുവിൽ, പുറപ്പെടുവിച്ച ഓർഡിനൻസ് മറ്റൊരു ഓർഡിനൻസിറക്കി റദ്ദ് ചെയ്യുകയാണുണ്ടായത്. കാർഷിക നിയമങ്ങളെ ന്യായീകരിച്ച പ്രധാനമന്ത്രി മോദിക്കും സംഭവിച്ചത് മറിച്ചല്ല. സാക്ഷര കേരളത്തിന്റെ ശക്തമായ ജനാഭിപ്രായത്തിനു മുമ്പിൽ ലോകായുക്ത ഭേദഗതിയും സർക്കാർ പിൻവലിക്കേണ്ടി വരുമെന്നുറപ്പാണ്.

(കേരള ലോകായുക്ത മുൻ സ്‌പെഷൽ അറ്റോണിയാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago