കൊവിഡ് തകർത്ത 138 കോടി നിറമുള്ള സ്വപ്‌നം
ഹാറൂൻ റഷീദ്
കാതോർത്താൽ മുംബൈയിലെ ഫോർച്യൂൺ ഹോട്ടിൽ നിന്ന് ഇപ്പോഴും ഇന്ത്യൻ വനിതാ താരങ്ങളുട തേങ്ങലുകൾ കേൾക്കാം. ഒരു വർഷത്തോളമായി നട്ടുനനച്ച സ്വപ്‌നം ഒരു ദിവസം കൊണ്ട് പൊട്ടിത്തരിപ്പണമായതിന്റെ സങ്കടത്തിൽ കരയുന്ന ഇന്ത്യൻ വനിതാ പുട്‌ബോൾ താരങ്ങളുടെ തേങ്ങലുകളാണ് പതിഞ്ഞ സ്വരത്തിൽ കേൾക്കുന്നത്. അത്രയും ആഗ്രഹത്തോടെയായിരുന്നു ഇന്ത്യ എ.എഫ്.സി വനിതാ ഏഷ്യൻ കപ്പിന് വേണ്ടി ഒരുങ്ങിയത്. കൊവിഡെന്ന മഹാമാരികൊണ്ടാണ് ഇന്ത്യയുടെ സ്വപ്‌നമെല്ലാം തകർന്നത്. സുഖ വിവരം അന്വേഷിക്കാൻ വനിതാ ടീമിലെ ക്യാപ്റ്റനായ അതിഥി ചൗഹാനെ വിളിച്ചുനോക്കിയെങ്കിലും ഇപ്പോഴും സങ്കട ഭാരത്താൽ സംസാരിക്കാൻ കഴിയുന്നില്ല. പല താരങ്ങളുടെയും കൊവിഡ് മാറിയെങ്കിലും ഇപ്പോഴും തങ്ങളുടെ ഏഷ്യാ കപ്പിൽ കളിക്കുകയെന്ന സ്വപ്‌നം തകർന്നതിലുള്ള വേദനയാണ് പങ്കുവെക്കുന്നത്. ഇന്ത്യക്ക് അനായാസം ക്വാർട്ടറിലെങ്കിലും എത്താമായിരുന്നു. അത്രമേൽ മികച്ച പ്രകടനമായിരുന്നു ഇറാനെതരേയുള്ള ആദ്യ മത്സരത്തിൽ ഇന്ത്യ പുറത്തെടുത്തത്. എന്നാൽ കൊവിഡ് കാരണം ഇന്ത്യക്ക് ടൂർണമെന്റിൽ നിന്ന് പിൻമാറേണ്ടി വന്നു. ഇന്ത്യൻ ടീമിലെ 12 താരങ്ങൾക്ക് കൊവിഡ് ബാധിച്ചതോടെ എ.എഫ്.സി റൂൾ പ്രകാരം ഇന്ത്യക്ക് ടൂർണമെന്റിൽ നിന്ന് പിൻമാറുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു. തോമസ് ഡെന്നർബിയെന്ന സ്വീഡിഷ് പരിശീലകന്റെ കീഴിൽ ഇന്ത്യ അതുല്യമായ വളർച്ചയായിരുന്നു ചുരുങ്ങിയ സമയത്തിനുള്ളിൽ കൈവരിച്ചത്. ഇന്ത്യൻ പുരുഷ ടീമിനെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു ഇന്ത്യ ആദ്യ മത്സരത്തിൽ കളിച്ചത്. എന്നാൽ ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ആറു മാസത്തിനിടെ അഞ്ചോളം വിദേശ പര്യടനങ്ങൾ, ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ടീമുകളുമായുള്ള മത്സരങ്ങൾ. ഇന്ത്യ അടിമുടി മാറിയിരുന്നു, പക്ഷെ എല്ലാം ചെറിയൊരു അശ്രദ്ധകൊണ്ട് തകിടം മറിഞ്ഞു. ആദ്യമായിട്ടാണ് ഒരു ഏഷ്യൻ ചാംപ്യൻഷിപ്പൽ ഇന്ത്യയുടെ ടീം കളിക്കുന്നത്. ഇന്ത്യ ആഥിത്യം വഹിക്കുന്നു എന്ന കാരണം കൊണ്ട് മാത്രമാണ് ഇന്ത്യക്ക് കളിക്കാൻ അവസരം കിട്ടിയത്. ഈ അവസരം ഇന്ത്യക്ക് ശരിക്കും ഉപയോഗിക്കാമായിരുന്നു. ക്വാർട്ടറിലെത്തിയാൽ ഇന്ത്യക്ക് വനിതാ ലോകകപ്പിൽ കളിക്കാനുള്ള യോഗ്യത ഉറപ്പായിരുന്നു. പക്ഷെ... എന്തുകൊണ്ടാണ് ശക്തമായ സുരക്ഷയൊരുക്കിയിട്ടും ഇന്ത്യൻ ടീമിനെ കൊവിഡ് പിടികൂടാൻ കാരണമെന്ന് തോമസ് ഡെന്നർബി വ്യക്തമാക്കിയിരുന്നു. ഹോട്ടൽ ജീവനക്കാരുടെയും എ.എഫ്.സി അധികൃതരുടെയും പിടിപ്പ്‌കേടുകൊണ്ടായിരുന്നു ഇന്ത്യൻ താരങ്ങൾക്ക് കൊവിഡ് പിടിപെട്ടത്. ജനുവരി 13ന് ടീം ഹോട്ടലിൽ എത്തുമ്പോൾ താരങ്ങളെല്ലാം കൊവിഡ് നെഗറ്റീവായിരുന്നു. ജനുവരി 17ന് ഹോട്ടലിലെ ഏഴ് ജീവനക്കാർ കൊവിഡ് നെഗറ്റീവായി. 18ന് രണ്ട് താരങ്ങൾക്കും ഇത് ബാധിച്ചു. അതായത് ആദ്യം വ്യാപനം ഉണ്ടായത് ടീമിലല്ല, ഹോട്ടലിലാണെന്നാണ് ഡെന്നർബിയുടെ ആരോപണം. കൊവിഡ് ബാധിച്ച ഹോട്ടൽ ജീവനക്കാരെ മാറ്റാനോ ഇന്ത്യൻ ടീമിന് മതിയായ സുരക്ഷയൊരുക്കാനോ അധികൃതർ തയ്യാറായില്ലെന്നാണ് ഡെന്നർബി തറപ്പിച്ച് പറയുന്നത്.
ഹോട്ടലുകാരുടെയും എ.എഫ്.സി അധികൃതരുടെയും ഭാഗത്തു നിന്നുണ്ടായ നിരുത്തരവാദിത്തപരമായ പ്രവർത്തനം കൊണ്ടായിരുന്നു താരങ്ങൾക്ക് കൊവിഡ് ബാധിച്ചതും ടൂർണമെന്റിൽ നിന്ന് പിൻമാറേണ്ടി വന്നതും. ഇന്ത്യ ആദ്യമായി കളിക്കുന്നൊരു ഏഷ്യൻ ചാംപ്യൻഷിപ്പ് കാണാനും ലോകകപ്പ് സ്വപ്‌നവും കണ്ടിരുന്ന കോടികണക്കിന് ഇന്ത്യക്കാരുടെ സ്വപ്‌നത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു ടൂർണമെന്റിൽ നിന്നുള്ള വനിതാ ടീമിന്റെ പിൻമാറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."