കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്: പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് പുതിയ മാര്‍ഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കണ്ടെയ്ന്മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞു. സിനിമാ തിയറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി. പൊതുപരിപാടികള്‍, മതപരമായ ചടങ്ങുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എന്നിവയ്ക്ക് ഹാളുകളിള് ഉള്‍ക്കൊള്ളാവുന്നതിന്റെ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം.
നിര്‍ദേശ പ്രകാരം രാജ്യത്തെ സ്വിമ്മിങ് പൂളുകള്‍ ഫെബ്രുവരി ഒന്നു മുതല്‍ എല്ലാവര്ക്കും ഉപയോഗിക്കാം. നേരത്തെ കായിക താരങ്ങള്‍ക്ക് മാത്രമായിരുന്നു സ്വിമ്മിങ് പൂളുകള്‍ ഉപയോഗിക്കാന്‍ അനുമതി. മറ്റുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഫെബ്രുവരി ഒന്നു മുതല്‍ നീക്കുന്നത്. സ്വിമ്മിങ് പൂളുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സ്പോര്‍ട്സ് മന്ത്രാലയം പുതിയ മാര്‍ഗരേഖ പുറത്തിറക്കും. പുതിയ നിര്‍ദേശ പ്രകാരം 65 വയസിനു മുകളിലുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കു വീടുകളില്‍നിന്നു മുന്‍കരുതലുകളോടെ പുറത്തിറങ്ങാം. എന്നാല്‍, പൊതുയിടങ്ങളില്‍ മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ഉറപ്പുവരുത്തണം.
കണ്ടെയ്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ തുടരും. ഇവിടങ്ങളില്‍ തീരുമാനമെടുക്കാനും നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനുമുള്ള ചുമതല ജില്ലാ, മുനിസിപ്പല്‍ ഭരണകൂടങ്ങള്‍ക്കാണ്.
അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് സിവില്‍ വ്യോമയാന മന്ത്രാലയവും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."