HOME
DETAILS

നിര്‍ന്നിമേഷം കര്‍ഷകര്‍

  
backup
January 28 2021 | 02:01 AM

365434534-2021-jan

 

ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ആദ്യത്തെ കര്‍ഷകന്‍ എന്ന ഖ്യാതി 1979ല്‍ പ്രധാനമന്ത്രിയായിരുന്ന ചരണ്‍ സിങ്ങിനുള്ളതാണ്. 2021ലെ കര്‍ഷകഅധിനിവേശത്തില്‍ ചെങ്കോട്ടയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകന്‍ ഉയര്‍ത്തിയത് ദേശീയപതാക ആയിരുന്നില്ല. ന്യൂഡല്‍ഹിയില്‍ രാഷ്ട്രപതി റിപ്പബ്ലിക്കിന്റെ പതാക ഉയര്‍ത്തിയപ്പോള്‍ ഓള്‍ഡ് ഡല്‍ഹിയില്‍ നിയന്ത്രണംവിട്ട കര്‍ഷകക്കൂട്ടം ഉയര്‍ത്തിക്കെട്ടിയത് മതപതാകയായിരുന്നു. ഷാജഹാന്റെ പ്രസിദ്ധമായ കോട്ട ഇന്ന് മതനിരപേക്ഷ റിപ്പബ്ലിക്കിന്റെ പ്രൗഢമായ പ്രതീകമാണ്. അമിത് ഷായുടെ പൊലിസ് നിസഹായതയോടെയും നിസംഗതയോടെയും, ഒരുപക്ഷേ മനഃപൂര്‍വമായും, മരവിച്ചുനില്‍ക്കേ റിപ്പബ്ലിക് ദിനത്തില്‍ അഴിഞ്ഞാടിയവരെ ഖലിസ്ഥാനികളെന്നു വിളിച്ചതുകൊണ്ട് ആരുടെയും ഉത്തരവാദിത്വം പൂര്‍ണമായി നിറവേറുന്നില്ല. പ്രതിഷേധത്തിന്റെ വഴി തെറ്റിയതുകൊണ്ടോ തെറ്റിച്ചതുകൊണ്ടോ പ്രതിഷേധിക്കുന്നവര്‍ വിഘടനവാദികളോ രാജ്യദ്രോഹികളോ ആകുന്നില്ല.


അക്രമികളെ സംയുക്ത കിസാന്‍ മോര്‍ച്ച തള്ളിയത് നന്നായി. തങ്ങളുടെ കൂടെയല്ലാത്തവര്‍ ട്രാക്ടര്‍ പരേഡില്‍ കടന്നുകൂടി കുഴപ്പമുണ്ടാക്കിയെന്നു സംഘാടകര്‍ പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത് ശരിവയ്ക്കപ്പെട്ടു. ഏത് ആള്‍ക്കൂട്ടത്തിലും കുഴപ്പക്കാര്‍ നുഴഞ്ഞുകയറും. അയോധ്യയിലെത്തുന്ന കര്‍സേവകര്‍ ബാബറി മസ്ജിദിനു ക്ഷതമേല്‍പിക്കില്ലെന്ന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി മുഖ്യമന്ത്രി കേന്ദ്രത്തിനും സുപ്രിംകോടതിക്കും ഉറപ്പ് നല്‍കിയിരുന്നതാണ്. മസ്ജിദ് നിലംപതിച്ചപ്പോള്‍ അത് ആള്‍ക്കൂട്ടത്തിന്റെ അവിവേകമായി വ്യാഖ്യാനിക്കപ്പെട്ടു. ആള്‍ക്കൂട്ടത്തിന്റെ അപകടത്തെക്കുറിച്ച് അയോധ്യയില്‍ പാഠം പഠിച്ചവരാണ് ഇന്ന് ഡല്‍ഹി ഭരിക്കുന്നത്. മുന്നേ അറിഞ്ഞത് തടയാന്‍ ശ്രമമുണ്ടായില്ല. അക്രമം ഉണ്ടാകുന്നതിന് നുഴഞ്ഞുകയറ്റം വേണമെന്നില്ല. അയോധ്യയില്‍ ആള്‍ക്കൂട്ടത്തില്‍ ആരും നുഴഞ്ഞുകയറിയില്ല. എല്‍.കെ അദ്വാനി േനതൃത്വം നല്‍കിയ ആള്‍ക്കൂട്ടമാണ് രാമനാപം ജപിച്ച് വിധ്വംസകരായത്. മനംമടുക്കുന്ന പ്രക്ഷോഭകാരികളും ചിലപ്പോള്‍ അക്രമാസക്തരാകും. ഗാന്ധിജി നയിച്ച സമരം അക്രമാസക്തമായിട്ടുണ്ട്. അക്രമത്തിന്റെ പേരില്‍ സമരം നിര്‍ത്തിവയ്‌ക്കേണ്ടിവന്നിട്ടുണ്ട്. പ്രതികാരത്തിന്റെ സമുജ്വലമായ അധ്യായങ്ങള്‍കൂടി ചേര്‍ന്നതാണ് നമ്മുടെ സ്വാതന്ത്ര്യസമരചരിത്രം. ചോര വീണതുകൊണ്ട് സ്വാതന്ത്ര്യസമരത്തിന്റെ ന്യായത ഇല്ലാതാവുകയോ സ്വാതന്ത്ര്യസമരം അവസാനിപ്പിക്കണമെന്ന് ആവശ്യമുയരുകയോ ചെയ്തില്ല.
മഷിയുടെ വിപണനവും വിതരണവും നിയന്ത്രിച്ചിരുന്നെങ്കില്‍ ഫ്രഞ്ച് വിപ്ലവം സാധ്യമാകുമായിരുന്നില്ലെന്ന് നെപ്പോളിയന്‍ പറഞ്ഞു. വിപ്ലവത്തില്‍ അച്ചടി വഹിച്ച പങ്കിനെക്കുറിച്ചായിരുന്നു സൂചന. ഗുട്ടന്‍ബര്‍ഗിനുമുമ്പും വിപ്ലവങ്ങള്‍ സാധ്യമായിട്ടുണ്ട്. ആധുനികകാലത്ത് വിപ്ലവത്തിന്റെ വാഹനം ഇന്റര്‍നെറ്റാണ്. അതാകട്ടെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുമാണ്. കശ്മിരിനെ കേന്ദ്രഭരണപ്രദേശമാക്കിയത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചുകൊണ്ടായിരുന്നു. ഡല്‍ഹിയിലെ കര്‍ഷകമുന്നേറ്റം തടയുന്നതിന് സര്‍ക്കാര്‍ രണ്ടു കാര്യങ്ങള്‍ ചെയ്തു. ട്രാക്ടര്‍ ടയറുകളുടെ കാറ്റ് അഴിച്ചുവിട്ടു. കാറ്റഴിച്ചുവിടുന്നത് സൈക്കിള്‍ കണ്ടുപിടിച്ച കാലം മുതലുള്ള ഗ്രാമീണ കലാപരിപാടിയാണ്. അതോടൊപ്പം ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. രണ്ടിനും വലിയ സാമര്‍ഥ്യം ആവശ്യമില്ല.
ഉപരോധത്തെ പ്രതിരോധിക്കുന്നതിനു മാര്‍ഗങ്ങള്‍ പലതുണ്ട്. ജനാധിപത്യഭരണകൂടത്തിന് എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കാന്‍ കഴിയില്ല. വലിയ തോതിലുള്ള ഒരുക്കത്തോടെയാണ് കര്‍ഷകര്‍ സ്വന്തം കൃഷിയിടങ്ങള്‍ വിട്ടിറങ്ങിയിരിക്കുന്നത്. പ്രതികൂലമായ അവസ്ഥകളെ നേരിടുന്നതിനുള്ള ദൃഢത അവര്‍ക്കുണ്ട്. അവരില്‍ പാതി ജവാനും പാതി കിസാനുമാണ്. ന്യൂഡല്‍ഹിയില്‍ ജവാന്‍ രാഷ്ട്രത്തിന്റെ സൈനികശക്തി പ്രകടിപ്പിച്ചപ്പോള്‍ ഓള്‍ഡ് ഡല്‍ഹിയില്‍ കിസാന്‍ രാഷ്ട്രത്തിന്റെ കാര്‍ഷിക കരുത്ത് പ്രകടിപ്പിച്ചു. ജയ് ജവാന്‍ ജയ് കിസാന്‍ എന്നു വിളിക്കുമ്പോഴാണ് മുദ്രാവാക്യം പൂര്‍ണമാകുന്നത്. സഹോദരനെ സഹോദരനെതിരേ അണിനിരത്താന്‍ കഴിയില്ല. ടാങ്കുകള്‍ അതിര്‍ത്തിയിലും ട്രാക്ടറുകള്‍ കൃഷിയിടങ്ങളിലുമാണ് ഉരുളേണ്ടത്. ഒന്നിനു ബദലല്ല മറ്റൊന്ന്.


സമരങ്ങള്‍ക്ക് തെറ്റാനിടയുള്ള വ്യാകരണവും പാളാനിടയുള്ള ആസൂത്രണവുമാണുള്ളത്. ആറു ലക്ഷം സൈനികരുമായി റഷ്യയെ കീഴ്‌പെടുത്താനെത്തിയ നെപ്പോളിയെന അപ്രതീക്ഷിതമായി വീണ മഞ്ഞ് കീഴ്‌പെടുത്തി. പിണറായി വിജയന്‍ നേതൃത്വം നല്‍കിയ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിന്റെ തുടക്കം ഗംഭീരമായി. പക്ഷേ സമരം തുടരുന്നതിലെ അപകടം മനസിലാക്കിയ പിണറായി പൊടുന്നെന അത് പിന്‍വലിച്ചു. പഴിയും പരിഹാസവും ധാരാളമുണ്ടായി. ഒത്തുതീര്‍പ്പുസമരം എന്ന് വിളിയുണ്ടായി. പെരുവഴിയില്‍ എത്ര നാള്‍ ട്രെയ്‌ലറുകളില്‍ കഴിയുമെന്ന ചോദ്യം ചെറുപ്പക്കാര്‍ ഉശിരോടെ ചോദിച്ചു തുടങ്ങിയപ്പോഴാണ് ദേശശ്രദ്ധ ആകര്‍ഷിക്കാന്‍ അവര്‍ ചെങ്കോട്ടയിലേക്ക് സാഹസികമായി നീങ്ങിയത്.
പിഴവില്ലാത്ത മാര്‍ച്ചായിരുന്നു വാഷിങ്ടണില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ നേതൃത്വത്തില്‍ 1963ല്‍ നടന്നത്. അക്രമത്തിനു സാധ്യതയുള്ളതായി ഫെഡറല്‍ ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പ് ശരിയായില്ല. സ്വാതന്ത്ര്യത്തിനും തുല്യാവകാശത്തിനുംവേണ്ടിയുള്ള കറുത്തവന്റെ മുറവിളി ഭരണകൂടത്തിനു അനുഭാവപൂര്‍വം ശ്രവിക്കേണ്ടിവന്നു. അതേ കാപ്പിറ്റോളിലാണ് ജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് ട്രംപിന്റെ അനുയായികള്‍ അഴിഞ്ഞാടിയത്. ജനാധിപത്യത്തില്‍ രണ്ടും സാധ്യമാണ്.


രാഷ്ട്രത്തിന്റെ അതുല്യമായ സൈനികശക്തി ജനാധിപത്യഭരണകൂടത്തോട് വിധേയത്വം പ്രകടിപ്പിക്കുന്ന അനുപമമായ ആചാരമാണ് രാജ്പഥിലെ റിപ്പബ്ലിക്ദിന പരേഡ്. മുഖ്യാതിഥിയുടെ അഭാവമോ കൊവിഡിന്റെ പ്രാഭവമോ പരേഡിന്റെ പൊലിമയ്ക്ക് മങ്ങലേല്‍പിച്ചില്ല. പക്ഷേ സമാന്തരമായി ചെങ്കോട്ടയിലേക്ക് നിയന്ത്രണംവിട്ട് മുന്നേറിയ കര്‍ഷകറാലി റിപ്പബ്ലിക്ക് പരിഗണിക്കേണ്ടതായ ചോദ്യങ്ങള്‍ ഉയര്‍ത്തി. ജനാധിപത്യത്തിന്റെ ഉത്സവവും പ്രതിഷേധത്തിന്റെ ആഘോഷവുമായി മാറേണ്ടിയിരുന്ന സമാന്തരറാലി അലങ്കോലമാക്കിയതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. പാര്‍ലമെന്റിന്റെ പരമാധികാരത്തെയും അപ്രമാദിത്വത്തെയും ചോദ്യം ചെയ്യുന്നതിനുള്ള അവകാശം പാര്‍ലമെന്റിന്റെ അധികാരികളായ ജനങ്ങള്‍ക്കുണ്ട്. പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ചോദ്യങ്ങളെ അപ്രസക്തമാക്കുന്ന ഭരണകൂടധാര്‍ഷ്ട്യത്തിനുള്ള മറുപടിയാണ് പരമ്പരാഗത രാഷ്ട്രീയസംവിധാനത്തിന്റെ ഇടനിലയില്ലാതെ കര്‍ഷകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. സമ്പൂര്‍ണ വിപ്ലവം എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ ജയപ്രകാശ് നാരായണ്‍ അവതരിപ്പിച്ച മാതൃക അവരുടെ മുന്നിലുണ്ട്.
സംഘ്പരിവാറില്‍നിന്നു വ്യത്യസ്തമായ ശബ്ദങ്ങള്‍ക്ക് ന്യായത നല്‍കാതിരിക്കുകയെന്നതാണ് മോദി ഭരണത്തിന്റെ പ്രത്യേകത. എല്ലാറ്റിനും ദേശഭക്തി ആധാരമാക്കുകയും ദേശഭക്തിയുടെ കുത്തക സംഘ്പരിവാര്‍ ഏറ്റെടുക്കുകയും ചെയ്യുന്നതില്‍ അപകടമുണ്ട്. നിരവധിയായ ഏജന്‍സികളെ പ്രയോജനപ്പെടുത്തി വിയോജിപ്പിനുള്ള വേദികള്‍ അടയ്ക്കുന്നു. പൗരത്വപ്രക്ഷോഭത്തെയും കര്‍ഷകപ്രക്ഷോഭത്തെയും രാജ്യദ്രോഹമുദ്ര ചാര്‍ത്തി ഒറ്റപ്പെടുത്തുന്നതിനും അടിച്ചമര്‍ത്തുന്നതിനുമുള്ള ശ്രമം നീചമാണ്. പാര്‍ലമെന്റിെന ദുരുപയോഗപ്പെടുത്തിക്കൊണ്ടുള്ള നിയമനിര്‍മാണം കര്‍ഷകരുടെ നന്മയ്ക്കുവേണ്ടിയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. അത് വേണ്ടെന്നു വയ്ക്കുന്നതിനുള്ള അവകാശം കര്‍ഷകര്‍ക്കുണ്ട്. നന്മയും ക്ഷേമവും അടിച്ചേല്‍പിക്കാനുള്ളതല്ല. തല്ലിപ്പഴുപ്പിക്കുന്നതിേനക്കാള്‍ നല്ലത് സ്വാഭാവികമായ പരുവപ്പെടലാണ്.
നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്നത് കേരളത്തിലെ കര്‍ഷകത്തൊഴിലാളികള്‍ കേട്ട വിപ്ലവത്തിന്റെ ഉണര്‍ത്തുപാട്ടാണ്. സ്വന്തം വയലുകള്‍ കോര്‍പറേറ്റ് അധീശത്വത്തില്‍ അമരുന്നതു തടയാനുള്ള ശ്രമത്തിലാണ് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍. നാടെങ്ങുമുള്ള കര്‍ഷകര്‍ അവര്‍ക്കൊപ്പമുണ്ട്. ഭരണകൂടവും ജനങ്ങളും മുഖാമുഖം നില്‍ക്കുമ്പോള്‍ ഭരണകൂടം കണ്ണുചിമ്മുന്നതുവരെ തുറിച്ചുേനാക്കി നില്‍ക്കുന്നതിനുള്ള പ്രാപ്തി പഞ്ചാബികള്‍ക്കുണ്ട്. വീറു മാത്രമല്ല ക്ഷമയും അവര്‍ക്കുണ്ട്. അക്ഷമരാകുന്ന യുവാക്കള്‍ സാഹസികരാകുമ്പോള്‍ നിയന്ത്രിക്കുന്നതിനുള്ള പ്രാപ്തി പക്വമായ സമൂഹത്തിനുണ്ട്. ആ കാഴ്ചയും ചെങ്കോട്ടയില്‍ കണ്ടു.


ജനാധിപത്യത്തെ ശാക്തീകരിക്കുന്ന വിയോജിപ്പാണ് തലസ്ഥാനനഗരിയുടെ പ്രാന്തങ്ങളില്‍ തമ്പടിച്ച കര്‍ഷകര്‍ പ്രകടിപ്പിക്കുന്നത്. പൗരത്വപ്രക്ഷോഭത്തെ മതത്തിന്റെ പേരില്‍ അധിക്ഷേപിച്ചവര്‍ കര്‍ഷകപ്രക്ഷോഭത്തെ വിഘടനവാദത്തിന്റെ പേരില്‍ ആക്രമിക്കാന്‍ നോക്കുന്നത് വലിയ അപകടത്തിനു കാരണമാകും. പ്രക്ഷോഭകര്‍ ചെങ്കോട്ട കീഴടക്കാനെത്തിയവരല്ല. ചെങ്കോട്ടയുടെ മുകളില്‍നിന്ന് രാഷ്ട്രത്തോട് ചില കാര്യങ്ങള്‍ പറയാനാണ് അവര്‍ ശ്രമിച്ചത്. രാഷ്ട്രത്തിനുവേണ്ടി ഭരണകൂടം അത് ശ്രവിക്കണം. ബധിരകര്‍ണങ്ങളില്‍ ശബ്ദമെത്തിക്കുന്നതിനു കൂടുതല്‍ അടുത്തുചെന്ന് സംസാരിക്കേണ്ടിവരും. അടുത്തതായി പാര്‍ലമെന്റ് വളയാനാണ് ആലോചന. പാര്‍ലമെന്റ് വളയാനോ വളയ്ക്കാനോ ഉള്ളതല്ല. ജനനശബ്ദം ഭരണകര്‍ണങ്ങളില്‍ എത്തിക്കുന്നതിനുള്ള വേദിയാണത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago