ദിലീപിന്റെ ഫോൺ സർവിസ് ചെയ്തയാളുടെ മരണം: പുനരന്വേഷിക്കണമെന്ന് സഹോദരൻ
സ്വന്തം ലേഖിക
കൊച്ചി
നടൻ ദിലീപിന്റെ ഐ ഫോൺ സർവിസ് ചെയ്ത സാങ്കേതിക വിദഗ്ധൻ അപകടത്തിൽ മരിച്ച കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ അങ്കമാലി പൊലിസിൽ പരാതി നൽകി.
2020 ഓഗസ്റ്റ് 30ന് അങ്കമാലി ടെൽക്കിന് സമീപമുണ്ടായ അപകടത്തിൽ തൃശൂർ കൊടകര സ്വദേശി സലീഷ് വെട്ടിയാട്ടിൽ (42) മരിച്ചതിലാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
സലീഷിന്റെ ഭാര്യയുടെയും മക്കളുടെയും ആവശ്യപ്രകാരം സഹോദരൻ ശിവദാസൻ വെട്ടിയാട്ടിലാണ് പരാതി നൽകിയത്. പരാതിലഭിച്ചതായി ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ടെന്ന് അങ്കമാലി എസ്.ഐ പറഞ്ഞു.
സലീഷ് ഉറങ്ങിപ്പോയതിനാലാണ് അപകടമുണ്ടായതെന്നായിരുന്നു പൊലിസിന്റെ ആദ്യ അന്വേഷണത്തിൽ തെളിഞ്ഞത്. സാധാരണ അപകടമെന്ന നിലയിൽ അന്വേഷണം പൂർത്തിയാക്കി ലോക്കൽ പൊലിസ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ച കേസ് ആയതിനാൽ തുടരന്വേഷണ സാധ്യത പരിശോധിക്കുമെന്നും അങ്കമാലി പൊലിസ് പറഞ്ഞു.
അമിതവേഗത്തിൽ വന്ന വാഹനം ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോഴാണ് സലീഷ് അപകടത്തിൽപെട്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നെന്നും ഇതിൽ അന്വേഷണം വേണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ
ദിലീപ് ഗൂഢാലോചന നടത്തി എന്ന കേസ് രജിസ്റ്റർ ചെയ്തതിനുശേഷം സിനിമാരംഗത്തുള്ളവർ തന്നെ സലീഷിന്റെ അപകടത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു.
എറണാകുളത്തെ പെന്റാമേനകയിൽ സലീഷിന് ഫോൺ സർവിസിങ് സ്ഥാപനമുണ്ടായിരുന്നു. അവിടെ ഫോൺ സർവിസ് ചെയ്തതുവഴിയുള്ള പരിചയമാണ് ദിലീപുമായി ഇദ്ദേഹത്തിനുണ്ടായിരുന്നത്.
തുടർന്ന് ദിലീപിന്റെ ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ സലീഷ് അഭിനയിച്ചിട്ടുണ്ടെന്ന് സഹോദരൻ ശിവദാസൻ പറഞ്ഞു.
തിരുവോണ തലേന്ന് സദ്യയ്ക്ക് സാധനങ്ങളുമായി സലീഷ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."