തിരുവനന്തപുരം: ഏഴ് ദിവസത്തില്‍ താഴെയുള്ള കാലയളവിൽ സംസ്ഥാനത്തേക്കു വരുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് ക്വാറൻ്റൈൻ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അവര്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. വീട്ടിലോ ഹോട്ടലിലോ താമസിക്കാം. കര്‍ശനമായി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ഏഴ് ദിവസത്തിനുള്ളില്‍ തിരികെ മടങ്ങുകയും വേണം. കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയാല്‍ ആരോഗ്യ സ്ഥാപനങ്ങളെ അറിയിച്ച് ചികിത്സ തേടണമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് കുറയുന്നതായും മന്ത്രി പറഞ്ഞു. ഒപിയിലോ അത്യാഹിത വിഭാഗത്തിലോ കിടത്തി ചികിത്സയ്ക്കോ വരുന്ന രോഗികള്‍ക്ക് കോവിഡ് ലക്ഷണമുണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതിയെന്നാണ് പുതിയ നിർദേശം. തുടര്‍ ചികിത്സയ്ക്ക് കോവിഡ് പരിശോധന അനിവാര്യമാണെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ നിര്‍ദേശിച്ചാലും പരിശോധിക്കാം. എല്ലാ ആശുപത്രികളിലും കോവിഡ് രോഗലക്ഷണവുമായി വരുന്നവര്‍ക്ക് ചികിത്സിക്കാന്‍ പ്രത്യേക ഇടം സജ്ജീകരിക്കാന്‍ ശ്രദ്ധിക്കണം. ഒപിയിലും അത്യാഹിത വിഭാഗത്തിലും ഒരോ പ്രവേശന മാര്‍ഗം മാത്രമേ പാടുള്ളൂ.
വിവിധ സ്പെഷ്യാലിറ്റികളിൽ അഡ്മിറ്റായ രോഗികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സിക്കാന്‍ ആ സ്പെഷ്യാലിറ്റിയുടെ കീഴില്‍ തന്നെ പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിച്ച് രോഗിയെ അവിടെ ചികിത്സിക്കണം. ഓരോ വിഭാഗവും അവരുടെ രോഗികള്‍ക്കു കോവിഡ് ബാധിച്ചാല്‍ പരിചരിക്കാന്‍ പ്രത്യേക കിടക്കകള്‍ നീക്കിവയ്ക്കണം. ആശുപത്രിയില്‍ സൗകര്യങ്ങളുണ്ടെങ്കില്‍ ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ള ഡയാലിസിസ് രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഡയാലിസിസ് മുടക്കരുതെന്നും മന്ത്രി നിർദേശിച്ചു..