ലോകായുക്ത നിയമ ഭേദഗതി: ഗവർണർക്ക് മറുപടി നൽകി സർക്കാർ ' ഭരണഘടനാ വിരുദ്ധ വകുപ്പുണ്ട്, രാഷ്ട്രപതിയുടെ അനുമതി വേണ്ട'
തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതിയിൽ സംസ്ഥാന സർക്കാർ ഗവർണർക്ക് മറുപടി നൽകി. നിയമത്തിൽ ഭരണഘടനാ വിരുദ്ധമായ വകുപ്പ് ഉണ്ടെന്ന് സർക്കാർ മറുപടിയിൽ പറയുന്നു. നിയമത്തിലെ 14ാം വകുപ്പ് ഭരണഘടന വിരുദ്ധമാണ്. രാഷ്ട്രപതിയുടെ അനുമതി വേണ്ട. എജിയുടെ നിയമോപദേശവും സർക്കാർ ഗവർണറെ അറിയിച്ചു.
ലോക് പാൽ നിയമം വന്നതോടെ ലോകായുക്ത സംസ്ഥാന വിഷയമാണെന്നും ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്നും ഗവർണ്ണറെ അറിയിച്ചു. സർക്കാരിൻറെ വിശദീകരണത്തിൽ ഗവർണ്ണറുടെ തുടർനിലപാടാണ് ഇനി പ്രധാനം.
വിവാദങ്ങൾ ശക്തമായതോടെയാണ് ലോകായുക്ത ഓർഡിനൻസില്‍ ഗവർണറുടെ ഇടപെടൽ ഉണ്ടായത്. ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ പരാതിയിൽ വിശദീകരണം വേണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. യുഡിഎഫിന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു ഗവർണറുടെ നടപടി.
ലോകായുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവ് ചെയ്യും. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡിനൻസ് ഗവർണർ അംഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും.
മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരായ പരാതി ലോകയുക്തയിൽ നിലനിൽക്കേയാണ് സർക്കാർ നീക്കം. ദുരിതാശ്വാസ നിധി തുക വക മാറ്റി എന്ന പരാതി ആണ് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയിൽ ഉള്ളത്. അന്തരിച്ച എൻ സി പി നേതാവ് ഉഴവൂർ വിജയൻ്റെ മക്കളുടെ വിദ്യാഭ്യാസത്തിനു 25 ലക്ഷം നൽകി, അന്തരിച്ച എം എൽ എ രാമചന്ദ്രൻ നായരുടെ കാറിന്റെ വായ്‌പ അടക്കാനും സ്വർണ്ണ പണയ വായ്‌പ എടുക്കാനും 8.5 ലക്ഷം നൽകി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയിൽ ഉൾപ്പെട്ട പോലീസുകാരൻ അപകടത്തിൽപെട്ടപ്പോൾ കുടുംബത്തിന് 20 ലക്ഷം നൽകി എന്നിങ്ങനെയാണ് മുഖ്യമന്ത്രിക്ക് എതിരെയുള്ള മൂന്ന് കേസുകൾ.
കണ്ണൂർ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ശുപാർശ ചെയ്ത് മന്ത്രി ആർ ബിന്ദു ഗവർണർക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് ആക്ഷേപം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയിൽ കേസ് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."