കണ്‍സ്യൂമര്‍ഫെഡ് അഴിമതി: എട്ടുകേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കണ്‍സ്യൂമര്‍ഫെഡില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് എട്ട് പുതിയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പതിനാലായി. 2012-14 കാലയളവില്‍ ചീഫ് ഓപ്പറേറ്റിങ് മാനേജറായിരുന്ന ജയകുമാര്‍, ഒരു കാഷ്യര്‍, ഒരു ഡ്രൈവര്‍, പച്ചക്കറി വിതരണക്കാര്‍ എന്നിവരാണ് പുതിയ കേസിലെ പ്രതികള്‍.
നേരത്തെ എടുത്ത ആറുകേസുകളില്‍ മുന്‍ എം.ഡി റെജിനായര്‍, ചെയര്‍മാന്‍ ജോയ് തോമസ് എന്നിവര്‍ പ്രതികളാണ്. സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്ന നീതി, നന്മ സ്റ്റോറുകള്‍ എങ്ങനെ പരാജയപ്പെട്ടു എന്നതിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. ധൂര്‍ത്തും അഴിമതിയും മൂലം കോടിക്കണക്കിനു രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടായതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഓണച്ചന്തകളിലേക്ക് പച്ചക്കറി വാങ്ങിയതില്‍ രണ്ടര കോടിയുടെ അഴിമതി നടന്നിട്ടുണ്ട്.
ജീവനക്കാരുടെ യോഗത്തിനുവേണ്ടി ലക്ഷക്കണക്കിനു രൂപ ഭക്ഷണത്തിനായി ചെലവഴിച്ചു. നീതി, നന്മ സ്‌റ്റോറുകളുടെ പ്രചാരണത്തിന് അനുവദിച്ച തുക ഉദ്യോഗസ്ഥര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി വകമാറ്റി. സര്‍ക്കാര്‍ വാഹനമുണ്ടായിട്ടും സ്വകാര്യ വാഹനങ്ങള്‍ക്കു വഴിവിട്ടു കരാര്‍ നല്‍കിയെന്നും സ്‌റ്റോറുകള്‍ മോടിപിടിപ്പിക്കുന്നതിന്റെ മറവില്‍ വന്‍തോതില്‍ വെട്ടിപ്പുനടന്നുവെന്നും ഉദ്യോഗസ്ഥരുടെ മൊബൈല്‍ഫോണ്‍ റീചാര്‍ജില്‍പോലും അഴിമതി നടന്നുവെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. നൂറുകോടിയുടെ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നു കഴിഞ്ഞ സെപ്റ്റംബറില്‍ കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ഭരണ ചുമതല സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ക്ക് കൈമാറുകയും ചെയ്തു.
ഇതിനു പിന്നാലെ സഹകരണമന്ത്രിയായിരുന്ന സി.എന്‍ ബാലകൃഷ്ണനെതിരേ തൃശൂര്‍ വിജിലന്‍സ് കോടതി ദ്രുതപരിശോധനക്കും ഉത്തരവിട്ടിരുന്നു. കണ്‍സ്യൂമര്‍ഫെഡില്‍ വന്‍ അഴിമതി നടക്കുന്നതായി നേരത്തെ ടോമിന്‍ തച്ചങ്കരി എം.ഡിയായിരിക്കുമ്പോള്‍ കണ്ടെത്തിയിരുന്നു.
ആരോപണങ്ങള്‍ സഹകരണമന്ത്രിയിലേക്കുവരെ നീണ്ട സാഹചര്യത്തില്‍ തച്ചങ്കരിയെ പദവിയില്‍നിന്നു നീക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."