എൻഒസി ലഭിച്ചിട്ടും ഇന്ത്യക്കാരന്റെ മൃതദേഹം സംസ്‌കരിക്കാനുള്ള അനുമതി ലഭിച്ചത് ഒന്നര മാസത്തിനു ശേഷം
യാമ്പു: കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം സംസ്‌കരിക്കാൻ അനുമതി ലഭിച്ചത് ഒന്നര മാസത്തിന് ശേഷം. യാമ്പു സിമന്റ് കമ്പനിയിൽ ജോലി ചെയ്‌തിരുന്ന ആന്ധ്രാപ്രദേശ് ഗൊല്ലപുടി കൊപ്പുള ശ്രീനിവാസ റാവു (46) ന്റെ മൃതദേഹമാണ് എൻഒസി ലഭ്യമായിട്ടും സംസ്‌കരിക്കാൻ ഒന്നര മാസം കാത്തിരിക്കേണ്ടി വന്നത്. യാമ്പുവിൽ മരണപ്പെട്ട ഇദ്ദേഹത്തെ ജിദ്ദയിൽ മാത്രമാണ് സംസ്‌കരിക്കേണ്ടത്. എന്നാൽ, ഇതിലെ സാങ്കേതികത്വങ്ങളാണ് ആദ്യ ഘട്ടത്തിൽ തന്നെ എൻഒസി ലഭിച്ചിട്ടും ഇത്ര നീണ്ടു പോയത്. ഒടുവിൽ സാമൂഹ്യ പ്രവർത്തകരുടെയും എംബസിയുടെയും സഹായത്തോടെ ജിദ്ദയിൽ സംസ്‌കരിക്കാനുള്ള അനുമതി ലഭ്യമായി.
ഇക്കഴിഞ്ഞ ഡിസംബർ 17 നാണു ഇദ്ദേഹം യാമ്പുവിൽ മരണപ്പെട്ടത്. കൊവിഡ് ബാധിച്ച ഇദ്ദേഹത്തെ ആദ്യം യാമ്പു ജനറൽ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്‌തെങ്കിലും പിന്നീട് റോയൽ കമ്മീഷൻ ആശുപത്രിയിലേക്ക് മാറ്റുകയും ഇവിടെ വെച്ച് മരണപ്പെടുകയുമായിരുന്നു. നിലവിൽ ഈ ഭാഗത്തുള്ള അമുസ്‌ലിംകൾ മരണപ്പെട്ടാൽ ജിദ്ദയിൽ മാത്രമാണ് സംസ്കരിക്കുന്നത്. എന്നാൽ, ഏറെ ദൂരെയുള്ള യാമ്പുവിൽ നിന്നും ജിദ്ദയിൽ എത്തിക്കേണ്ടതിലെ ചില സാങ്കേതിക, നിയമ പ്രശ്‌നങ്ങൾ മൂലം നീണ്ടു പോകുകയായിരുന്നു. ഒടുവിൽ എംബസി വെൽഫെയർ വിങ്ങിന്റെ സഹായത്തോടെ നിയമ നടപടികൾ പൂർത്തീകരിച്ച് ജിദ്ദയിലെ അൽ ഖുംറയിൽ സംസ്‌കരിക്കാനുള്ള അനുമതി നേടുകയായിരുന്നു. തിങ്കളാഴ്ച്ച പത്ത് മണിയോടെ മൃതദേഹം സംസ്‌കരിക്കുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.
ഇത്തരം വിഷയങ്ങളിൽ കാല താമസം ഒഴിവാക്കാനായി എംബസിയുടെ നേതൃത്വത്തിൽ പ്രത്യേക ഇടപെടലുകളും സംവിധാനങ്ങളും ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെട്ടു. യാമ്പു കെഎംസിസി ചെയർമാനും ഇന്ത്യൻ കോൺസുലേറ്റ് സി സി ഡബ്ള്യു മെമ്പറുമായ മുസ്തഫ മൊറയൂരിന്റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്. കെഎംസിസിസി വെൽഫെയർ കമ്മിറ്റി മെമ്പർമാരായ അയ്യൂബ് തൂമ്പത്ത്, നാസർ നടുവിൽ, റിൻഷാദ് കൂട്ടിലങ്ങാടി, എന്നിവരും വിവിധ ഘട്ടങ്ങളിൽ സഹായത്തിനായി ഉണ്ടായിരുന്നു. മരണപ്പെട്ട റാവുവിന് പ്രവീണ, ചരിത എന്നീ രണ്ട് പെണ്മക്കളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."