ബോംബ് നിർമാണത്തിനിടെ പരുക്കേറ്റ ആർ.എസ്.എസ് നേതാവ് അറസ്റ്റിൽ
കണ്ണൂർ
നിർമാണത്തിനിടെ ബോംബ് പൊട്ടി പരുക്കേറ്റ ആർ.എസ്.എസ് മുൻ ജില്ലാ കാര്യവാഹക് അറസ്റ്റിൽ. ആലക്കാട്ടെ ബിജുവിനെയാണ്, ഇയാൾ ചികിത്സയിൽ കഴിയുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി പെരിങ്ങോം പൊലിസ് അറസ്റ്റ് ചെയ്തത്. ബിജു ഇന്നലെ ആശുപത്രി വിടുമെന്ന വിവരത്തെ തുടർന്ന് പെരിങ്ങോം സി.ഐ പി.സുഭാഷിന്റെ നിർദേശപ്രകാരം എസ്.ഐ വി. യദുകൃഷ്ണനും സംഘവും കോഴിക്കോട്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ ബിജുവിനെ റിമാൻഡ് ചെയ്തു. ബിജുവിന്റെ ആലക്കാട്ടെ വീടിനു 10 മീറ്റർ മാറിയുള്ള കോഴിക്കൂട്ടിൽ ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 12ഒാടെയാണ് ബോംബ് സ്‌ഫോടനമുണ്ടായത്. ഉഗ്രസ്‌ഫോടനത്തിൽ ഇയാളുടെ ഇടതുകൈയിലെ രണ്ടു വിരലുകൾ അറ്റിരുന്നു. പെരിങ്ങോം പൊലിസും ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ സംഭവസ്ഥലത്തുനിന്ന് കുപ്പിച്ചില്ലുകളും കരിങ്കൽ ചീളുകളും പ്ലാസ്റ്റിക് കണ്ടെയ്‌നറിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ ധനരാജ് വധക്കേസിലും മറ്റൊരു സി.പി.എം പ്രവർത്തകൻ രഞ്ജിത്ത് വധശ്രമക്കേസിലും മുഖ്യപ്രതിയാണ് ബിജു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."