രാജ്യദ്രോഹക്കേസ് ആയുധമാക്കുമ്പോള്‍
കര്‍ഷകരുടെ ട്രാക്ടര്‍ റാലിയെ അനുകൂലിച്ച് സമൂഹമാധ്യമത്തില്‍ ശശി തരൂര്‍ എം.പി കുറിപ്പെഴുതിയതിനെതിരേ അദ്ദേഹത്തിനുമേല്‍ തുരുതുരാ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന തിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെയാണ് ഈ ചുമതല ഏല്‍പിച്ചിരിക്കുന്നത്. ശശി തരൂരിനു പുറമേ രാജ്ദീപ് സര്‍ദേശായി ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും ഇതേ വകുപ്പു ചുമത്തി കേസെടുത്തിട്ടുണ്ട്. ഏറ്റവുമവസാനം അമിത് ഷായുടെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലിസും ഇതേ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുകയാണ്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കര്‍ണാടക എന്നിവിടങ്ങളില്‍ നേരത്തേതന്നെ ശശി തരൂരിനെതിരെ കേസെടുത്തിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി, നാഷനല്‍ ഹെറാള്‍ഡിന്റെ എഡിറ്റര്‍ മൃണാള്‍ പാണ്ഡെ, ഖൗമി അവധ് പത്രാധിപര്‍ സഫര്‍ ആഗ, കാരവന്റെ പരേഷ് നാഥ്, വിനോദ് കെ. ജോസ് എന്നിവര്‍ക്കെതിരേയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. നേരത്തെ മേധാ പട്കര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയും ഇതേ വകുപ്പുചുമത്തി കേസെടുത്തിട്ടുണ്ട്. കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഒഴികെയുള്ളവയെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം പരാജയപ്പെട്ടതോടെയാണ് നിര്‍ഭയരായ എഡിറ്റര്‍മാര്‍ക്കെതിരേയും പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും രാജ്യദ്രോഹക്കുറ്റമെന്ന വജ്രായുധമെടുത്ത് കേന്ദ്രസര്‍ക്കാര്‍ വീശാന്‍ തുടങ്ങിയിരിക്കുന്നത്. മാധ്യമങ്ങളുടെ സ്വതന്ത്ര പ്രവര്‍ത്തനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരേയുള്ള കടന്നുകയറ്റമാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം ചുമത്തിയ ഈ കേസുകളെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് കുറ്റപ്പെടുത്തിയിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറി അവിടെ സിഖുകാരുടെ പതാക നാട്ടിയതില്‍ കര്‍ഷക നേതാക്കള്‍ക്കു പങ്കില്ലെന്നും അത് സര്‍ക്കാരിന്റെ സൃഷ്ടിയാണെന്നും കര്‍ഷകര്‍ സമരം ചെയ്യുന്ന സിന്‍ഗുവില്‍ നാട്ടുകാരെന്ന വ്യാജേന ഗുണ്ടകളെ കയറ്റി സമരക്കാരുടെ ടെന്റ് പൊളിച്ചത് കേന്ദ്രസര്‍ക്കാരിന്റെ പാളിപ്പോയ ഓപറേഷനായിരുന്നുവെന്നും പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞത് മേല്‍പറഞ്ഞ എഡിറ്റര്‍മാരും പ്രമുഖ പത്രപ്രവര്‍ത്തകരും ശശി തരൂരിനെ പോലെയുള്ള രാജ്യാന്തര പ്രതിച്ഛായയുള്ള രാഷ്ട്രീയ, മനുഷ്യാവകാശ പ്രവര്‍ത്തകരുമായിരുന്നു.
ഷഹീന്‍ബാഗ് മാതൃകയില്‍ കര്‍ഷക സമരം തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രകോപനങ്ങളെ ആത്മസംയമനത്തോടെ പരാജയപ്പെടുത്തിയ കര്‍ഷക നേതാക്കള്‍ക്കെതിരേയും അത് റിപ്പോര്‍ട്ട് ചെയ്ത പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുമുള്ള സര്‍ക്കാരിന്റെ പ്രതികാര നടപടിയാണ് കര്‍ഷക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം. രാജ്യദ്രോഹ കുറ്റമെന്നത് ഇന്നത്തെ ഭരണകൂടം രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരേ ഇടക്കിടെ എടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന ആയുധമാണ്. ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നീ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി യുവതീയുവാക്കള്‍ ഈ വകുപ്പ് ചുമത്തപ്പെട്ട് വിചാരണ പോലുമില്ലാതെ ജയിലഴികള്‍ക്കുള്ളില്‍ കഴിയുകയാണിന്ന്.
ഇന്ത്യന്‍ പീനല്‍ കോഡ് 124 എ ആണ് രാജ്യദ്രോഹ കുറ്റമായി കണക്കാക്കുന്നത്. എഴുതുകയോ, പറയുകയോ ചെയ്യുന്നതായ വാക്കുകളോ, ചിഹ്നങ്ങളോ, കാണപ്പെടാവുന്ന പ്രാതിനിധ്യം വഴിക്കോ, മറ്റേതെങ്കിലും വഴിക്കോ രാജ്യത്തിനെതിരേ വെറുപ്പോ, വിദ്വേഷമോ വളര്‍ത്തുന്നതിനെയാണ് രാജ്യദ്രോഹമായി കണക്കാക്കുന്നത്. ജീവപര്യന്തം തടവും, പിഴയുമാണ് ശിക്ഷ.
1860ല്‍ ബ്രിട്ടിഷ് സര്‍ക്കാരാണ് ഇന്ത്യന്‍ പീനല്‍ കോഡ് നിര്‍മിച്ചത്. 1870ല്‍ ആണ് രാജ്യദ്രോഹ കുറ്റം ഈ വകുപ്പില്‍ ഉള്‍പ്പെടുത്തിയത്. രാജ്യസ്‌നേഹ പ്രോജ്വലിതമായ സ്വാതന്ത്ര്യ സമരങ്ങളില്‍ യാതൊരു പങ്കും വഹിക്കാത്തവരുടെ പിന്‍മുറക്കാരാണ് ഈ വകുപ്പെടുത്ത് സ്വാതന്ത്ര്യ സമര സേനാനികളുടെ പിന്‍മുറക്കാര്‍ക്കെതിരേ ഇപ്പോള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നതെന്നത് എന്തുമാത്രം വിരോധാഭാസമാണ്! ഈ നിയമം ഇന്ത്യയില്‍ നടപ്പിലാക്കിയ ബ്രിട്ടിഷ് സര്‍ക്കാര്‍ ബ്രിട്ടനില്‍ ഈ വകുപ്പ് എടുത്തുമാറ്റി. ബ്രിട്ടനു പുറമെ ന്യൂസിലാന്‍ഡ്, ആസ്‌ത്രേലിയ, കാനഡ, യു.എസ് തുടങ്ങി പല രാഷ്ട്രങ്ങളും ഈ നിയമം ഒഴിവാക്കിയിട്ടുണ്ട്. ജാമ്യംകിട്ടാത്ത ഈ വകുപ്പ് പലപ്പോഴും രാജ്യത്ത് വിചാരണാ താമസം നേരിടുന്നതിനാല്‍ ജയില്‍ മുറിക്കുള്ളിലെ റിമാന്‍ഡ് അനന്തമായി നീളുന്നു. അവസാനം വര്‍ഷങ്ങള്‍ കഴിഞ്ഞ് കുറ്റാരോപിതര്‍ നിരപരാധികളാണെന്ന് കോടതി വിധിക്കുമ്പോഴേക്കും ഭരണകൂട ക്രൂരതയില്‍ ജയില്‍ മുറികളില്‍ തളച്ചിട്ട യുവാക്കളുടെ ജീവിതത്തിന്റെ വലിയൊരു ഭാഗവും എരിഞ്ഞു തീര്‍ന്നിട്ടുണ്ടാകും. ഇതുതന്നെയാണ് ഈ വകുപ്പ് ദുരുപയോഗത്തിലൂടെ ഭരണകൂടം ഉദ്ദേശിക്കുന്നതും.
ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന രജീന്ദര്‍ സച്ചാര്‍ ഈ നിയമം ഇന്ത്യന്‍ പീനല്‍ കോഡില്‍ തുടരുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച ന്യായാധിപനായിരുന്നു.1922ല്‍ ഈ വകുപ്പ് ചുമത്തി ബ്രിട്ടിഷ് സര്‍ക്കാര്‍ ഗാന്ധിജിയെ അറസ്റ്റ് ചെയ്തപ്പോള്‍, 'പൗരന്റെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനായി രൂപം നല്‍കിയിട്ടുള്ള ഈ വകുപ്പാണ് യുവരാജാവ് എന്റെ മേല്‍ ചുമത്തിയിരിക്കുന്നതെന്നായിരുന്നു' ഗാന്ധിജിയുടെ പ്രതികരണം. ഇന്നത്തെ ഭരണാധികാരികളും ബ്രിട്ടിഷ് രാജാക്കന്മാരില്‍നിന്നു വ്യത്യസ്തരല്ലാതായി മാറിക്കൊണ്ടിരിക്കുന്നു.
അടിച്ചമര്‍ത്തലിന്റെ ഭാഗമായിട്ടാണ് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഈ വകുപ്പ് ഭരണകൂടം വ്യാപകമായി പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയത്തില്‍ ശത്രുക്കളില്ലെന്നും എതിരാളികളാണ് ഉള്ളതെന്നുമുള്ള യാഥാര്‍ഥ്യബോധ്യമുണ്ടായിട്ടും ഭരണകൂടം രാഷ്ട്രീയ എതിരാളികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും രാജ്യദ്രോഹികളായി മുദ്രകുത്തി ജയിലില്‍ അടച്ചിട്ടുകൊണ്ടിരിക്കുകയാണ്.
സര്‍ക്കാരിനെ കുറിച്ചോ, സര്‍ക്കാര്‍ നടപടികളെ കുറിച്ചോ വിമര്‍ശനമുന്നയിക്കാന്‍ ഏതൊരു പൗരനും സ്വാതന്ത്യമുണ്ടെന്നും സര്‍ക്കാറിനെതിരെ അക്രമം അഴിച്ചുവിടുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്താല്‍ മാത്രമേ അതു രാജ്യദ്രോഹ നിയമത്തിന്റെ കീഴില്‍ വരൂ എന്നും സുപ്രിംകോടതി 2016 സെപ്റ്റംബര്‍ അഞ്ചിന് ഒരു വിധിയിലൂടെ വ്യക്തമാക്കിയതാണ്.
റിപ്പബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ കയറി ദേശീയപതാകയെ നിന്ദിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ സ്വതന്ത്രനായി നടക്കുമ്പോഴാണ് ശശി തരൂരിനെ പോലുള്ള, രാജ്ദീപ് സര്‍ദേശായിയെ പോലുള്ളവര്‍ക്കെതിരേ ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. സര്‍ക്കാറിന് അലോസരമുണ്ടാക്കുന്നതാണ് കര്‍ഷക സമരം പോലുള്ളവ. അതു പരിഹരിക്കുവാന്‍ മറ്റു വഴികള്‍ തേടുകയാണ് വേണ്ടത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കുമെതിരേ പ്രവര്‍ത്തിക്കുന്നവരെന്ന് ബോധ്യപ്പെട്ടാല്‍ നിയമത്തിലെ മറ്റു പല വകുപ്പുകളും ഉപയോഗിച്ചു ശിക്ഷ നല്‍കാന്‍ കഴിയുമെന്നിരിക്കെ, രാഷ്ട്രീയ താല്‍പര്യം മാത്രം മുന്നില്‍ കണ്ട്, രാജ്യസ്‌നേഹികളെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് കേസെടുത്തുകൊണ്ടിരിക്കുന്ന ഭരണകൂട ഭീകരതക്കെതിരേ ബഹുജന പ്രക്ഷോഭമാണ് ഉയര്‍ന്നുവരേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."