ഹയർ സെക്കൻഡറി പരീക്ഷാ മാനുവൽ പുതുക്കി; 17 വർഷത്തിനു ശേഷം
തിരുവനന്തപുരം
കാതലായ മാറ്റങ്ങളോടെ ഹയർ സെക്കൻഡറി പരീക്ഷാ മാനുവൽ പുതുക്കി പ്രസിദ്ധീകരിച്ചു. റീ വാല്യുവേഷന് അപേക്ഷിക്കുന്ന ഉത്തരക്കടലാസുകൾ ഇരട്ട മൂല്യനിർണയത്തിന് വിധേയമാക്കും. പ്രായോഗിക പരീക്ഷകൾ കുറ്റമറ്റതാക്കാൻ നിരീക്ഷണ സ്ക്വാഡ് രൂപീകരിക്കും. 2005ൽ തയാറാക്കിയ ഹയർ സെക്കൻഡറി പരീക്ഷാ മാനുവലാണ് കാലോചിതമായ മാറ്റങ്ങളോടെ പരിഷ്കരിച്ച് പ്രസിദ്ധീകരിച്ചത്.
റീ വാലുവേഷൻ സംബന്ധിച്ച് സമഗ്രമായ മാറ്റം വരുത്തിയിട്ടുണ്ട്. പുനർമൂല്യ നിർണയത്തിന് വിധേയമാക്കുന്ന ഉത്തരക്കടലാസുകളിൽ 10 ശതമാനം മാർക്കിൽ താഴെയാണ് ലഭിക്കുന്നതെങ്കിൽ ഇരട്ടമൂല്യനിർണയത്തിന്റെ ശരാശരിയെടുക്കും.
പരമാവധി മാർക്കിൽ 10 ശതമാനത്തിൽ കൂടുതൽ വ്യത്യാസം വന്നാൽ മൂന്നാമതും മൂല്യ നിർണയത്തിന് വിധേയമാക്കും. അതിൽ ലഭിക്കുന്ന സ്കോറും ഇരട്ട മൂല്യ നിർണയത്തിലെ സ്കോറിന്റെയും ശരാശരി നൽകും. പുനർമൂല്യനിർണയത്തിൽ ആദ്യം ലഭിച്ച മാർക്കിനേക്കാൽ കുറവാണെങ്കിൽ ആദ്യം ലഭിച്ചത് നിലനിർത്തും.
ഹയർ സെക്കൻഡറി പരീക്ഷാ ചോദ്യപേപ്പർ തയാറാക്കുന്നതിന് അധ്യാപകരുടെ പൂൾ രൂപീകരിക്കും. പരീക്ഷയ്ക്കു ശേഷം ചോദ്യപേപ്പറും ഉത്തരസൂചികയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. രണ്ടാംവർഷ തിയറി പരീക്ഷ എഴുതിയ വിദ്യാർഥിക്ക് ഏതെങ്കിലും സാഹചര്യത്തിൽ പ്രായോഗിക പരീക്ഷ എഴുതാൻ സാധിക്കാതെ വന്നാൽ, സേ പരീക്ഷയിൽ പ്രായോഗിക പരീക്ഷ മാത്രമായി എഴുതാൻ അനുവദിക്കും.
പരീക്ഷാ സർട്ടിഫിക്കറ്റിൽ ഗ്രേസ് മാർക്ക് പ്രത്യേകം രേഖപ്പെടുത്തും. മൂല്യനിർണയം കഴിഞ്ഞ ഉത്തരക്കടലാസുകൾ സൂക്ഷിക്കുന്നതിന്റെ കാലവധി ഒരു വർഷമായി കുറച്ചു. സ്വന്തമായി പരീക്ഷാ മാനുവൽ ഉള്ള ഇന്ത്യയിലെ ചുരുക്കം ചില ബോർഡുകളിൽ ഒന്നാണ് കേരള ഹയർ സെക്കൻഡറി പരീക്ഷാബോർഡ്. ഹയർ സെക്കൻഡറി പരീക്ഷാ മാനുവൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനൊപ്പം പകർപ്പ് എല്ലാ സ്കൂളുകൾക്കും ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."