കേന്ദ്ര ബജറ്റ് ; കോര്‍പറേറ്റുകള്‍ക്കുള്ള തിരക്കഥ
രാജ്യവുമായി ബന്ധപ്പെട്ടുള്ള സര്‍വതലങ്ങളിലും ഏകപക്ഷീയമായ കല്‍പ്പനകളും ശൈലിയും അവലംബിച്ചാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ചോദ്യങ്ങളും ഉത്തരങ്ങളുമില്ല. ചര്‍ച്ചയും കൂട്ടായ്മയുമില്ലാത്ത ജനാധിപത്യത്തെ നിലവറയിലടച്ച ഭരണത്തിന്റെ പരിച്ഛേദമായി കേന്ദ്ര ബജറ്റിനെ വിലയിരുത്താവുന്നതാണ്. എഫ്.ഡി.ഐയെയും ജി.എസ്.ടിയെയും ഓഹരി വില്‍പനകളെയും സ്വകാര്യവല്‍ക്കരണങ്ങളെയും എതിര്‍ത്ത ഭൂതകാലത്തിന്റെ ചാഞ്ചല്യലേശമന്യേ ബജറ്റ് സമ്പൂര്‍ണ വിറ്റഴിക്കലിനും തീറെഴുതുന്നതിനും പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാര്‍ അഭിമാനപൂര്‍വം എഴുതിവച്ച വന്‍കിട പദ്ധതികളുടെയെല്ലാം ചെലവ് കണ്ടെത്തേണ്ടത് വിറ്റഴിക്കല്‍ വഴിയാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി മൂന്നര ശതമാനത്തില്‍ പിടിച്ചുനിര്‍ത്തുമെന്ന സര്‍ക്കാരിന്റെ ആത്മവിശ്വാസം കടപുഴകി പത്ത് ശതമാനത്തിനടുത്തെത്തി. 2022 സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി ഏഴില്‍ താഴെ നിര്‍ത്തുമെന്നാണ് മന്ത്രി ആണയിട്ട് പറയുന്നത്. മൊത്തം വളര്‍ച്ച എട്ടു ശതമാനത്തില്‍ കുറയാത്ത സ്ഥിതിയും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
ബജറ്റ് വിഭാവനം ചെയ്യുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈന്‍ പദ്ധതി ഏഴായിരത്തിലധികം പ്രൊജക്ടുകള്‍ ഉള്‍ക്കൊള്ളുന്ന നൂറു ലക്ഷം കോടി ചെലവ് പ്രതീക്ഷിക്കുന്ന പഞ്ചവത്സര പരിപാടിയാണ്. പ്രഖ്യാപിക്കപ്പെട്ട ദേശീയപാത വികസനങ്ങളും അടിസ്ഥാന സൗകര്യ വാഗ്ദാനങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്. പദ്ധതിയുടെ ചെലവുകള്‍ കണ്ടെത്തുക വിറ്റഴിക്കലും സ്വകാര്യവല്‍ക്കരണവും വഴിയാണ്. ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പൈപ്പ് ലൈന്‍ ഭാഗികമായെങ്കിലും പൂര്‍ത്തിയാവുന്നപക്ഷം രാജ്യത്തിന്റെ പൊതുമേഖല സമ്പൂര്‍ണമായി ശൂന്യവനമായി തീരുമെന്ന കാര്യത്തില്‍ സംശയമില്ല.
നിലവിലെ വിദ്യാഭ്യാസ രീതിയും സര്‍വകലാശാലകളും സ്വതന്ത്ര ചിന്തയും കേന്ദ്രസര്‍ക്കാരിന് വലിയ അലോസരമാണുണ്ടാക്കുന്നത്. ഉന്നതവിദ്യാഭ്യാസമേഖലയുടെ സമ്പൂര്‍ണ അധികാരം ഇതിനോടകം ആര്‍.എസ്.എസിനു തീറെഴുതിയിട്ടുണ്ടെങ്കിലും ഇനിയും സര്‍ക്കാരിന് സന്ദേഹങ്ങളുണ്ടെന്ന് ബജറ്റ് വിളിച്ചുപറയുന്നു. വിദ്യാഭ്യാസ വകുപ്പിനും സാക്ഷരതാ പ്രസ്ഥാനങ്ങള്‍ക്കും ഒന്‍പത് ശതമാനം വിഹിതം വെട്ടിക്കുറച്ചപ്പോള്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന് മൂന്ന് ശതമാനം വിഹിതത്തില്‍ കുറവ് വരുത്തി. സംഘ്പരിവാര്‍ സിലബസ് അനുസരിച്ച് രാജ്യത്ത് ആയിരം ഏകലവ്യ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ പക്ഷേ തുക നീക്കിവച്ചിട്ടുണ്ട്. ഡിജിറ്റല്‍ രംഗത്തെ അന്തരം കുറക്കാനും അതി ദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ ഇടങ്ങളിലേക്ക് പ്രവേശനോപാധികള്‍ തീര്‍ക്കാനും സര്‍ക്കാര്‍ ചെറുവിരലനക്കാതിരുന്നത് പക്ഷേ വലിയ നിരാശക്കാണ് വകവച്ചിരിക്കുന്നത്.
പകര്‍ച്ചവ്യാധി തകര്‍ത്തെറിഞ്ഞ സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളികളെയും ചെറുകിട കച്ചവടക്കാരെയും സര്‍വോപരി അടിസ്ഥാന ജനവിഭാഗത്തെയും ബജറ്റ് ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്. ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തെ പട്ടിണിമരണങ്ങളില്‍ നിന്നും സംരക്ഷിച്ച തൊഴിലുറപ്പ് പദ്ധതി വിഹിതത്തില്‍ നിന്നും 25 ശതമാനം സര്‍ക്കാര്‍ വെട്ടിക്കുറച്ചു. സാധാരണക്കാരന്റെ കൈകളില്‍ നേരിട്ടു പണമെത്തിക്കുന്ന പരിപാടികള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ബജറ്റില്‍ ഇടം പിടിച്ചില്ല. ക്രയവിക്രയവും ഉപഭോഗവുമില്ലാതെ ഉപഭോക്താക്കളുടെ വംശം കുറ്റിയറ്റ് മുഴുവന്‍ ചെറുകിട സംരംഭങ്ങളും സമ്പൂര്‍ണ നാശത്തിലേക്ക് പതിക്കാന്‍ ഇനിയധികം വേണ്ടി വരില്ല. കുത്തക താല്‍പര്യങ്ങളുടെ തടവറയിലാണ് ബജറ്റ് എന്ന ആരോപണത്തിന് ഇതില്‍പ്പരം മറ്റു സാക്ഷ്യങ്ങള്‍ ആവശ്യമില്ല. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രഖ്യാപിച്ച നികുതിയിളവുകള്‍ മാത്രമാണ് ഇതിനപവാദം.
ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാനും സ്വകാര്യവല്‍ക്കരണം ഊര്‍ജിതപ്പെടുത്താനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിഷ്‌ക്രിയ ആസ്തികളും ബാധ്യതകളും വിഴുങ്ങിയ ബാങ്കുകളുടെ ദുര്‍വ്യയത്തിന്റെ അധിക ഭാരം ചുമക്കാന്‍ 'ചീത്ത ബാങ്ക് ' എന്ന പുതിയ സങ്കല്‍പ്പം ബജറ്റ് മുന്നോട്ടുവയ്ക്കുന്നു. കോര്‍പറേറ്റുകള്‍ക്ക് വായ്പ നല്‍കി കൈ പൊള്ളിയ ധനകാര്യസ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ മൃതസഞ്ജീവനിയായി ഈ പദ്ധതിയെ വിലയിരുത്താവുന്നതാണ്.
കേരളം, മോദി സര്‍ക്കാര്‍ എല്ലാ കാലത്തും അവഗണിച്ചുപോന്ന സംസ്ഥാനമാണ്. തെരഞ്ഞെടുപ്പ് പടിവാതിലിലെത്തിയ സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കുന്നതിനിടയില്‍ കേരളമെന്ന പച്ചക്കൊള്ളിവിറകിനും തീ പിടിച്ചുവെന്ന് ആശ്വസിക്കാം. ദേശീയപാത വികസനവും മെട്രോ രണ്ടാംഘട്ട തുക വകയിരുത്തലും സ്വാഗതാര്‍ഹമാണ്. വടക്കു തെക്കായി നീണ്ടുകിടക്കുന്ന കേരളത്തിന്റെ തീര ദേശീയപാതയുടെ മുഖച്ഛായ മാറ്റാന്‍ ഈ പദ്ധതി ഉതകേണ്ടതാണ്. എന്നാല്‍ ഭരണമെന്നാല്‍ നിലവാരം കുറഞ്ഞ രാഷ്ട്രീയം മാത്രമാണെന്ന ശൈലി പിന്തുടരുന്ന ഒരു സര്‍ക്കാര്‍ ഈ പദ്ധതിയെ സംബന്ധിച്ച് പിന്നോക്കം പോകില്ലെന്ന് ഉറപ്പില്ല.
തൊഴിലില്ലായ്മയുടെ വളര്‍ച്ചാ നിരക്ക് 10 ശതമാനം പിന്നിട്ട ലോകത്തിലെ ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരും ടെക്‌നീഷ്യന്‍മാരും പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് തൊഴില്‍ രഹിതരായി മാറി. ഇന്ത്യയിലെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ കൂട്ടപ്പലായനം ലോകത്തെങ്ങും കൊവിഡിന്‍െ ദയനീയ ചിത്രമായി പതിഞ്ഞിരുന്നു. തൊഴിലുറപ്പ് പദ്ധതിയോടുള്ള രാഷ്ട്രീയ അപകര്‍ഷത വീണ്ടും ഊട്ടിയുറപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ പരിരക്ഷാ നയങ്ങള്‍ ഒന്നുപോലും പ്രഖ്യാപിച്ചിട്ടില്ല. പകരം കോര്‍പറേറ്റുകള്‍ക്ക് യഥേഷ്ടം തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള നിയമനിര്‍മാണത്തിന് പച്ചക്കൊടി വീശിയിട്ടുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ തൊഴിലില്ലാ പടയുടെ നാട് എന്ന പദവി അനൗദ്യോഗികമായി ഇതിനോടകം ഇന്ത്യക്ക് കൈവന്നുകഴിഞ്ഞു.
ദരിദ്രനെയും സാധാരണക്കാരനെയും ഇരുട്ടില്‍ നിന്നും കൂരിരുട്ടിലേക്ക് നീക്കിനിര്‍ത്തുന്ന, മുഴുവന്‍ ചെറുകിട വ്യവഹാരങ്ങളെയും കെട്ടുകെട്ടിക്കുന്ന പതിവു നയം ബജറ്റിലൂടെ സര്‍ക്കാര്‍ ഊന്നിപ്പറഞ്ഞിരിക്കുന്നു. കോര്‍പറേറ്റുകളുടെയും അതിസമ്പന്നരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള തിരക്കഥ എന്നു ബജറ്റിനെ വിശേഷിപ്പിക്കുന്നതില്‍ തെല്ലും അതിശയോക്തിയില്ല. ജനഹിതത്തിന് തരിമ്പു വില കല്‍പ്പിക്കാതെ മുന്നോട്ടുപോയാലും തെരഞ്ഞെടുപ്പ് ജയം തങ്ങള്‍ക്കു തന്നെയെന്ന വിചിത്രമായ വിരോധാഭാസത്തിന്റെ നിഗൂഢതകള്‍ അനാവൃതമാക്കാന്‍ സമയമായിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."