HOME
DETAILS

ഇന്ധന വിലയാല്‍ ദ്രോഹിക്കപ്പെടുന്ന ജനത

  
backup
February 04 2021 | 20:02 PM

54654652-2021


ഇന്നത്തെ ഇന്ത്യന്‍ ജനതയെ ഭരണകൂടത്താല്‍ ദ്രോഹിക്കപ്പെടുന്ന സമൂഹമെന്ന് വിശേഷിപ്പിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം. ജനതയുടെ സഹനത്തെ പരീക്ഷിച്ചുകൊണ്ടാണ് ഓരോ ദിവസവും എണ്ണവില കുതിച്ചുയരുന്നത്. മോട്ടോര്‍ വാഹനങ്ങള്‍ റോഡിലൂടെ തള്ളിയതിലൂടെയോ സ്‌കൂട്ടറുകള്‍ വലിച്ചിഴയ്ക്കുന്ന കോമഡിയിലൂടെയോ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ ഈ നിലപാടില്‍നിന്നു പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്ന് ഇനിയും തിരിച്ചറിയാത്ത രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിലപാടാണ് ഏറെ ദയനീയം.
രാജ്യത്തെ പിടിച്ചുലക്കുന്ന കര്‍ഷക സമരത്തിനിടയില്‍ ഇന്ധനക്കൊള്ള ജനം ശ്രദ്ധിക്കാതെ പോകുമെന്നത് സര്‍ക്കാരിന്റെ കണക്കു കൂട്ടലാകാം. കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ സാധാരണക്കാരന്റെ കൈയില്‍ പണം എത്താനുള്ള യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. പകരം എല്‍.ഐ.സിയടക്കമുള്ള രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള തീരുമാനങ്ങളായിരുന്നു ഉണ്ടായിരുന്നത്. രാജ്യത്തെ വിറ്റ് കാശാക്കുമ്പോള്‍ അതിന്റെ ഒരംശം പോലും സാധാരണക്കാരനും കര്‍ഷകനും ലഭ്യമാകാതിരിക്കാന്‍ ബജറ്റില്‍ ശ്രദ്ധിച്ചിട്ടുണ്ട്. പുറമെ, വൈദ്യുതി സ്വകാര്യവല്‍ക്കരിക്കാനും ബജറ്റ് തീരുമാനമാണ്. ഇതുകൊണ്ടുണ്ടാകാന്‍ പോകുന്ന ദുരന്തങ്ങള്‍ ഗുരുതരമായിരിക്കും. വൈദ്യുതി സ്വകാര്യവല്‍ക്കരിക്കുന്നതോടെ കനത്ത വില നല്‍കാന്‍ കഴിയാതെ വരുന്ന സാധാരണക്കാരന് വെളിച്ചം അന്യമായിത്തീരും. ഇന്ന് താങ്ങാവുന്ന നിരക്കാണ് വൈദ്യുതി ബോര്‍ഡ് ഈടാക്കുന്നതെങ്കില്‍ നാളെയത് സമ്പന്നന്മാര്‍ക്ക് മാത്രമായി ചുരുങ്ങും.


ഇതെല്ലാം നാളത്തെ ക്രൂരതയാണെങ്കില്‍ ഇന്ന് ദിനേന വര്‍ധിക്കുന്ന ഇന്ധന വിലയാല്‍ ജനതയെ ഇഞ്ചിഞ്ചായി കൊല്ലുകയാണ് ഭരണകൂടം. ബജറ്റില്‍ പെട്രോളിന് രണ്ടര രൂപയും ഡീസലിന് നാല് രൂപയും അഗ്രി ഇന്‍ഫ്രാ സെസ് ഏര്‍പ്പെടുത്തുമെന്നാണ് പറയുന്നത്. നേരത്തെയുള്ള നിരവധി നികുതികള്‍ക്ക് പുറമെ ഇന്‍ഫ്രാ സെസും കൂടി ഉപയോക്താവിന്റെ മേല്‍ അടിച്ചേല്‍പിക്കുമ്പോള്‍ സാധാരണക്കാരന്‍ മൃതപ്രായനായി കഴിഞ്ഞിരിക്കും.


വേറൊരു രാജ്യത്തും ഇല്ലാത്ത ഇന്ധനവില കൊണ്ടാണ് ഭരണകൂടം ഇന്ത്യന്‍ ജനതയെ പരീക്ഷിക്കുന്നത്. നേപ്പാളിന് ഇന്ധനം നല്‍കുന്നത് ഇന്ത്യയാണ്. അവിടെ ലിറ്ററിന് അന്‍പത് രൂപ പെട്രോളിന് ഈടാക്കുമ്പോള്‍ ഇന്ത്യയില്‍ അതിന്റെ ഇരട്ടി കൊടുക്കേണ്ടിവരുന്നത് വിരോധാഭാസമാണ്. നഗ്നമായ ഇന്ധനക്കൊള്ള എന്നല്ലാതെ മറ്റെന്താണ് ഇതിനെ വിശേഷിപ്പിക്കുക.
കൊവിഡ് ഏല്‍പിച്ച ആഘാതത്തില്‍നിന്നും മുക്തമാകാത്ത സാധാരണക്കാരന്റെ കൈയില്‍ ചില്ലി കാശില്ലാത്ത അവസ്ഥയാണിന്ന്. ഇത്തരമൊരു ആപല്‍ഘട്ടത്തിലാണ് ഇതര സംസ്ഥാനങ്ങളില്‍നിന്ന് അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും കൊണ്ടുവന്നിരുന്ന ലോറികള്‍ക്ക് വാടക വര്‍ധിപ്പിക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്. ഇന്ധന വിലയിലെ വര്‍ധനവാണ് കാരണം. വിലക്കയറ്റത്തിലൂടെ ഇതും സാധാരണക്കാരന്റെ ചുമലിലാണ് വീഴുക. ഇപ്പോള്‍ തന്നെ പച്ചക്കറികള്‍ക്ക് പോലും തീവിലയാണ്. പല സ്വകാര്യ ബസുകളും സര്‍വിസ് നിര്‍ത്തിവച്ചിരിക്കുന്നു. കൊവിഡില്‍ ബസ്‌കൂലി വര്‍ധിപ്പിച്ചിട്ടും അനുദിനം രൂക്ഷമാവുന്ന ഡീസല്‍ വില താങ്ങാനാവാത്തത് കൊണ്ടാണ് അവര്‍ സര്‍വിസ് നിര്‍ത്തിവയ്ക്കുന്നത്. ബസ് സര്‍വിസ് നിര്‍ത്തിവയ്ക്കുന്നതിലൂടെ സാധാരണക്കാരന് ചുരുങ്ങിയ ചാര്‍ജ് കൊടുത്ത് നഗരങ്ങളില്‍ ജോലിക്ക് പോകാനുള്ള അവസരങ്ങളാണ് നഷ്ടമാവുന്നത്.


ചുരുക്കത്തില്‍ സാധാരണക്കാരന്റെ ദൈനംദിനം ജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയാണ് ദിവസേനയുള്ള ഇന്ധന വിലയിലെ പിടിച്ചു പറി. ഇതിനെന്ത് ന്യായീകരണം ഭരണകൂടം നിരത്തിയാലും ഈ പകല്‍ക്കൊള്ളയെ അതൊന്നും സാധൂകരിക്കുകയില്ല. രാജ്യത്തെ ഇന്ധന വില തീരുമാനിക്കുന്നത് പൊതുമേഖലാ ഇന്ധന കമ്പനികളാണ് എന്നാണ് വയ്പ്. പെട്രോള്‍ വില നിര്‍ണയാധികാരം പൊതുമേഖലാ ഇന്ധന കമ്പനിക്ക് വിട്ടുകൊടുത്തത് 2010 ലും ഡീസല്‍ വില നിര്‍ണയാധികാരം വിട്ടുകൊടുത്തത് 2014ലുമാണ്. എന്നാല്‍ നിയന്ത്രണം ഇപ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ കൈയിലാണ് താനും. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വില, രാജ്യത്തിന്റെ ആവശ്യതോത്, ഡോളര്‍ രൂപ വിനിമയ നിരക്ക്, കടത്തുകൂലി, ഇന്‍ഷുറന്‍സ് തുക, രാജ്യത്തെ 21 ദിവസത്തേക്കുള്ള സ്റ്റോക്ക്, ബാഷ്പീകരണ നഷ്ടം തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണത്രെ കമ്പനി വില നിശ്ചയിക്കുന്നത്.


എന്നാല്‍ നിര്‍മലാ സീതാരാമന്‍ ഈ പ്രാവശ്യത്തെ ബജറ്റ് രാഷ്ട്രീയായുധമാക്കിയത് പോലെ ഇന്ധനവിലയും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് കോടികളുടെ പദ്ധതികളാണ് ബജറ്റില്‍ വാരി വിതറിയിരിക്കുന്നത്. ഈയിടെ നടന്ന ബിഹാര്‍, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പകളില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവര്‍ത്തിച്ചത് ഇതേ നയമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ ഇന്ധന വില വര്‍ധിപ്പിച്ചതേയില്ല. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പും ഇന്ധനവില വര്‍ധിപ്പിച്ചില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വര്‍ധിപ്പിക്കാനും തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ എണ്ണവില വര്‍ധന എണ്ണക്കമ്പനികളുടെ അധീനതയിലാണെങ്കില്‍ ഇതെങ്ങനെ സംഭവിക്കുന്നു.


ഇന്ധന വിലവര്‍ധനവിന് മറ്റൊരു കാരണമായി എണ്ണക്കമ്പനികളും സര്‍ക്കാരും നിരത്തുന്ന വാദം അന്താരാഷ്ട്ര വിപണിയില്‍ വര്‍ധിച്ചുവരുന്ന ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് അനുസൃതമായിട്ടാണ് വില വര്‍ധിപ്പിക്കേണ്ടി വരുന്നതെന്നായിരുന്നു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ക്രൂഡ് ഓയിലിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് അന്‍പത് ഡോളറിന് താഴെയാണ്. ബാരലിന് 140 ഡോളര്‍ ഉണ്ടായിരുന്ന കാലത്തുപോലും അനുഭവപ്പെടാതിരുന്ന അതിരൂക്ഷമായ വിലക്കയറ്റമാണ് ഇപ്പോള്‍ പൊറുതിമുട്ടിക്കുന്നത്. ക്രൂഡ് ഓയിലിനെ മറയാക്കി കേന്ദ്രവും അതിനനുസൃതമായി സംസ്ഥാന സര്‍ക്കാരും പലവിധ നികുതികള്‍ ചുമത്തുന്നതിനാലാണ് വിലക്കയറ്റം ഇത്രമേല്‍ ദുസ്സഹമായിത്തീരുന്നത്. ഇതിനൊക്കെ പുറമെയാണ് ബജറ്റില്‍ ഇന്‍ഫ്രാ സെസും. ഡീസലിനും പെട്രോളിനും വില കൂട്ടുമ്പോള്‍ തന്നെ ഇടക്കിടെ പാചക വാതകത്തിനും വില കൂട്ടുന്നുണ്ട്.


കൊവിഡ് മഹാമാരിയും അതിന്റെ ഫലമായി ഉണ്ടായ തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും പൊതുജീവിതത്തെ താളം തെറ്റിച്ച ഒരവസ്ഥയിലാണ് യാതൊരു ദയാദാക്ഷിണ്യവും ഇല്ലാതെ ദിവസവും കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത്. ജനക്ഷേമം ബജറ്റുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ജീവനില്ലാത്ത അക്ഷരങ്ങളാണിന്ന്. ഭരണകൂട പ്രഖ്യാപനങ്ങളിലെ പൊള്ളത്തരങ്ങളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago