'അടുത്ത പ്രാവശ്യം സംസാരിക്കാം'; കര്‍ഷക സമരത്തില്‍ അഭിപ്രായമാരാഞ്ഞപ്പോള്‍ മോഹന്‍ലാല്‍
കൊച്ചി: കര്‍ഷകസമരം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലും സഹഭാരവാഹികളും. കൊച്ചിയില്‍ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ മോഹന്‍ലാലിനോടും സി.പി.എം എം.എല്‍.എയായ മുകേഷ് അടക്കമുള്ള ഭാരവാഹികളോടും സമരത്തെക്കുറിച്ച് പ്രതികരണം ആരാഞ്ഞത്.
കര്‍ഷക സമരം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിരിക്കെ, മലയാളത്തിലെ താരങ്ങള്‍ വിഷയത്തില്‍ പ്രതികരിക്കാത്തതെന്താണെന്ന ചോദ്യത്തിന് നമുക്ക് അടുത്ത പ്രാവശ്യം സംസാരിക്കാമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. രാജ്യവ്യാപകമായി വലിയ സമരം നടന്നുകൊണ്ടിരിക്കുന്നു, സെലിബ്രിറ്റികള്‍ ഉള്‍പ്പടെ പ്രതികരിക്കുന്നു, മലയാളത്തിലെ താരങ്ങള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു, താങ്കള്‍ അടക്കമുള്ളവര്‍ വിവിധ വിഷയങ്ങളില്‍ പ്രതികരിക്കാറുള്ളതാണ്, ഈ വിഷയത്തില്‍ മാത്രം എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നായിരുന്നു വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.
ഇതേക്കുറിച്ച് നമുക്ക് അടുത്ത പ്രാവശ്യം സംസാരിക്കാമെന്നായിരുന്നു ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി. ഇതുസംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുന്നതിനിടെ വാര്‍ത്താസമ്മേളനം പെട്ടെന്ന് അവസാനിപ്പിച്ച് ഇറങ്ങുകയായിരുന്നു. നേരത്തെ കര്‍ഷകര്‍ക്ക് പിന്തുണയുമായി നടന്മാരായ ബാബു ആന്റണി, സലിം കുമാര്‍, മണികണ്ഠന്‍, ഗായിക സയനോര ഫിലിപ്പ്, മിഥുന്‍ മാനുവല്‍ തോമസ്, ജൂഡ് ആന്റണി ജോസഫ് തുടങ്ങി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."