ജറിമാൻ്ററിങ്ങും ജമ്മുകശ്മിരിലെ മണ്ഡല പുനർനിർണയവും
അഡ്വ. ജി. സുഗുണൻ
എൽബ്രിഡ്ജ് ജെറി അമേരിക്കയിലെ മസാച്യുസെറ്റ്‌സിലെ ഡെമോക്രാറ്റിക് പാർട്ടി നേതാവായിരുന്നു. 1797ലെ രാജ്യത്തെ ഭരണഘടനാ കൺവൻഷൻ സമിതിയിൽ അംഗവുമായിരുന്നു.1813ൽ ഇദ്ദേഹം അമേരിക്കൻ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മസാച്യുസെറ്റ്‌സിനെ രാഷ്ട്രീയതാൽപര്യമനുസരിച്ച് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ പുനഃസംഘടിപ്പിക്കുകയുണ്ടായി. ഈ സ്റ്റേറ്റിനെ പല്ലിയുടെ രൂപത്തിലാണ് പുനർനിർണയം നടത്തിയത്. തനിക്ക് സ്വാധീനിക്കാൻ കഴിയുന്ന വോട്ടർമാരും സ്വന്തം രാഷ്ട്രീയപാർട്ടിയുടെ വോട്ടർമാരുമുള്ള മേഖലകളെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ മണ്ഡലം പുനർസൃഷ്ടിച്ചത്. പല്ലിയുടെ ആകൃതിയിലുള്ള ഈ മണ്ഡലം രൂപീകരണത്തെ 'ജറിമാൻ്റർ' എന്ന് പിന്നീട് അറിയപ്പെട്ടു.ഈ രീതിയിൽ തൻ്റെയും സ്വന്തം പാർട്ടിയുടെയും താൽപ്പര്യമനുസരിച്ചു യാന്ത്രികമായി നിയോജക മണ്ഡലങ്ങൾ പടച്ചുണ്ടാക്കുന്നതിനെ 'ജറിമാൻ്ററിങ്' എന്നാണു വിളിക്കാറുള്ളത്.
നിയോജകമണ്ഡലങ്ങൾ സ്വന്തം പാർട്ടി താൽപര്യങ്ങൾക്കനുസൃതമായി പുനഃസൃഷ്ടിക്കുന്നത് അമേരിക്കയിൽ മാത്രമല്ല, പല രാജ്യത്തും നടന്നുവരുന്നുണ്ട്.ഇന്ത്യയിലും ജറിമാൻ്ററിങ് അന്യമല്ല. രാജ്യത്ത് ഭരണകക്ഷികൾ പലതും ജറിമാൻ്ററിങ് രീതിയിലെ നിയോജക മണ്ഡല പുനഃസംഘടന നടത്തിയിട്ടുണ്ട്. എങ്കിലും വളരെ വ്യാപകമായി ജറിമാൻ്ററിങ്ങിന് ഇന്ത്യൻ സാഹചര്യത്തിൽ പ്രതിബന്ധങ്ങളുണ്ട്. ജനാധിപത്യത്തോട് കുറച്ചെങ്കിലും കൂറുള്ള രാഷ്ട്രീയ നേതാക്കളാണ് നമ്മുടെ രാജ്യത്ത് സാധാരണ ഭരണനേതൃത്വത്തിൽ വരാറുള്ളത്. അതുകൊണ്ടാണ് അമേരിക്കയിലും മറ്റുമുള്ളപോലെ വ്യാപകമായ 'ജറിമാൻ്ററിങ്' ഇവിടെ ഉണ്ടാകാത്തത്.
അധികാരത്തിലിരിക്കുന്നവരുടെ താൽപര്യാനുസരണം നിയോജകമണ്ഡല പുനർനിർണയം ജനാധിപത്യത്തിൻ്റെ അടിത്തറ തകർക്കുമെന്ന യാഥാർഥ്യം നമ്മുടെ രാജ്യത്തെ ചില രാഷ്ട്രീയനേതാക്കളെങ്കിലും ബോധപൂർവം വിസ്മരിക്കുന്നു. രാജ്യത്ത് നിലവിലുള്ള എല്ലാ കീഴ്‌വഴക്കങ്ങളെയും ജനാധിപത്യമര്യാദകളെയും നഗ്നമായി ലംഘിച്ചുകൊണ്ടാണ് ഒരു മറയുമില്ലാതെ എൻ.ഡി.എ സർക്കാർ ജമ്മുകശ്മിരിൽ നിയോജകമണ്ഡല പുനഃസംഘടന നടത്തിയിരിക്കുന്നത്. അമേരിക്കയിൽ എൽബ്രിഡ്ജ് ജെറി നടപ്പിലാക്കിയ നിയോജക മണ്ഡലം പുനഃസംഘടനയിലെ 'ജറിമാന്ററിങ്' രീതി ഇവിടെ പൂർണമായും നടപ്പിലാക്കപ്പെട്ടിരിക്കുകയാണ്. ജറി കാണിച്ചുതന്ന പാതയിൽക്കൂടി നിയോജകമണ്ഡല പുനഃസംഘടനയുടെ കാര്യത്തിൽ നരേന്ദ്രമോദിയും മുന്നോട്ടുപോകുകയാണ് എന്ന് തെളിയിക്കുന്നതാണ് ജമ്മുകശ്മിരിലെ ഈ മണ്ഡല പുനർനിർണയം.
നിയമസഭാ-ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയം പൂർത്തിയായപ്പോൾ മുൻ ജമ്മുകശ്മിർ സംസ്ഥാനത്തെ അപേക്ഷിച്ച് അടിമുടി മാറ്റമാണ് ഈ മണ്ഡലങ്ങളിലുണ്ടായിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന നിരവധി നിയോജക മണ്ഡലങ്ങൾ ഇല്ലാതായതിനോടൊപ്പം കശ്മിർ ഡിവിഷനിൽ വലിയ ഉടച്ചുവാർക്കലും നിർദേശിക്കുന്നതാണ് മണ്ഡല പുനർനിർണയം സംബന്ധിച്ച കരട് റിപ്പോർട്ട്. ജമ്മുകശ്മിരിലെ നിയമസഭാ സീറ്റുകൾ 83ൽ നിന്ന് 90 ആയി ഉയർന്നു. ജമ്മുവിൽ 37, കശ്മിരിൽ 46 എന്നിങ്ങനെയായിരുന്നു നേരത്തെയുണ്ടായിരുന്ന സീറ്റുകൾ. അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡല ഭാഗമായിരുന്ന പുൽവാമ, ത്രാൾ, ഷോപ്പിയാന്റെ ചില ഭാഗങ്ങൾ എന്നിവ ശ്രീനഗർ പാർലമെന്റ് മണ്ഡല ഭാഗമാകും. ജമ്മു മേഖലയിലായുന്ന രജൗരി, പൂഞ്ച് അനന്ത്‌നാഗിൽ ഉൾപ്പെടുത്തി. കുടിയേറ്റ കശ്മിരി പണ്ഡിറ്റുകൾക്ക് മേധാവിത്വമുണ്ടായിരുന്ന ഹബ്ബ കദൽ മണ്ഡലം ഇല്ലാതായി. ഇവിടുത്തെ വോട്ടർമാർ മൂന്ന് മണ്ഡലങ്ങളിലായി.ശ്രീനഗർ ജില്ലയിലെ ഖന്യാർ, സോൻവർ, ഹസ്രത്ബാൽ ഒഴികെ മണ്ഡലങ്ങലെല്ലാം മാറ്റി പുതിയ മണ്ഡലങ്ങളുടെ ഭാഗമാക്കി. ചന്നപ്പോർ, ശ്രീനഗർ സൗത്ത് എന്നിവയാണ് പുതിയ മണ്ഡലങ്ങൾ. ബുദ്ഗാം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ പുനർനിർണയിച്ച് ബാരാമുല്ല ലോക്‌സഭ മണ്ഡല ഭാഗമാക്കി. ഇവിടെ ചില മണ്ഡലങ്ങൾ വിഭജിച്ച് കുൻസേര്, നോർത്ത് കശ്മിർ മണ്ഡലങ്ങളും സൃഷ്ടിച്ചു. സുപ്രിംകോടതി റിട്ട. ജഡ്ജി രഞ്ജന ദേശായി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷർ സുശീൽചന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ കെ.കെ ശർമ എന്നിവർ തയാറാക്കിയ റിപ്പോർട്ട് കഴിഞ്ഞ വെള്ളിയാഴ്ച അഞ്ച് അസോസിയേറ്റ് അംഗങ്ങൾക്ക് കൈമാറി. ഇവർ ഇത് പരിശോധിച്ച് ഈ മാസം 14 നകം നിർദേശങ്ങൾ സമർപ്പിക്കണം. തുടർന്ന് ഭേദഗതികളോടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കും.
ജമ്മുകശ്മിരിലെ നിലവിലുള്ള പാർലമെന്റ് നിയോജക മണ്ഡലങ്ങൾ തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി ജറിമാന്ററിങ് രീതിയിൽ പുനർവിഭജനം നടത്താനും അവിടെ അധികാരം നിലനിർത്താനുമുള്ള ശ്രമമാണ് മോദി സർക്കാർ നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ട് തന്നെയാണ് വ്യാപകമായ നിയോജക മണ്ഡല പുനർവിഭജനം നടത്തിയിരിക്കുന്നതും. ജമ്മുവിലെ പുതിയ പാർലമെന്റ് നിയോജക മണ്ഡലങ്ങളിലെ കുറെ ഭാഗങ്ങൾ കശ്മിരിലെ അസംബ്ലി നിയോജകങ്ങളിൽക്കൂടി ഉൾപ്പെട്ടതാണ്. ഭൂമിശാസ്ത്രപരമായും സാമൂഹ്യമായുമുള്ള എല്ലാ ചട്ടക്കൂടുകളും ഇവിടെ നഗ്നമായി ലംഘിക്കപ്പെടുകയാണ്.
കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയത്തെ ശക്തമായി വിമർശിച്ചുകൊണ്ട് പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. നാഷണൽ കോൺഫറൻസ് നേതാവും ശ്രീനഗർ എം.പിയുമായ ഫറൂഖ് അബ്ദുല്ല പറഞ്ഞത് രാഷ്ട്രീയമായോ ഭരണപരമായോ സാമൂഹ്യമായോ ഉള്ള വസ്തുതകളുടെ അടിസ്ഥാനത്തിലല്ല മണ്ഡല പുനഃസംഘടനയെന്നും ഇതിനെ അംഗീകരിക്കാൻ കഴിയുകയില്ലെന്നുമാണ്.
നമ്മുടെ രാജ്യത്തെ ജനാധിപത്യം പിന്നോട്ടല്ല മുന്നോട്ടാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തോട് ഭരണാധികാരി വർഗത്തിനുള്ള പ്രതിബദ്ധത അനിവാര്യമായ ഒരു സംഗതിയാണ്. മണ്ഡല പുനഃസംഘടന പോലുള്ള ജനാധിപത്യവുമായി നേരിട്ട് ബന്ധമുള്ള കാര്യങ്ങൾ വസ്തുതാപരമായും സത്യസന്ധമായും ജനാധിപത്യ കീഴ്‌വഴക്കങ്ങൾക്ക് അനുസൃതമായും നടന്നേ മതിയാകൂ. നിർഭാഗ്യവശാൽ ജമ്മുകശ്മിരിലെ മണ്ഡല പുനഃസംഘടനയിൽ ഇതൊന്നും ബാധകമായിട്ടില്ല.
ജമ്മുകശ്മിരിൽ പ്രത്യേകമായുള്ള ചില രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളുണ്ട്. യാന്ത്രികമായി ഈ ഇരുമേഖലകളിലെയും അസംബ്ലി മണ്ഡലങ്ങൾ കൂട്ടിച്ചേർത്ത് പാർലമെന്റ് മണ്ഡലങ്ങൾ പടച്ചുണ്ടാക്കുന്നതിൽ യാതൊരു നീതീകരണവുമില്ല. ഇരുമേഖലകളിലെയും ജനകീയ പ്രശ്‌നങ്ങൾ പലതും വ്യത്യസ്തമാണ്.
ഭരണകക്ഷിയുടെ രാഷ്ട്രീയ താൽപര്യം മാത്രമാണ് യാന്ത്രികമായ ഈ മണ്ഡല പുനഃസംഘടനക്ക് പിന്നിലുള്ളത്. 'ജറിമാന്ററിങ്' രീതിയിലുള്ള ജമ്മുകശ്മിരിലെ മണ്ഡല പുനർവിഭജനം നിലവിലുള്ള സങ്കീർണമായ പ്രശ്‌നങ്ങൾ കൂടുതൽ സംഘർഷമയമാക്കാൻ മാത്രമേ സഹായിക്കുകയുള്ളൂ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."