പ്രളയ ഫണ്ട് തട്ടിപ്പുകേസില്‍ കുറ്റപത്രം: സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളുള്‍പ്പെടെ ഏഴുപ്രതികള്‍
കാക്കനാട്/ മൂവാറ്റുപുഴ: പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളുള്‍പ്പെടെ ഏഴു പേരാണ് പ്രതികള്‍.
എറണാകുളം കലക്ടറേറ്റ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. ദുരിതാശ്വാസപ്പട്ടികയില്‍ തിരുത്തല്‍ വരുത്തി പ്രതികള്‍ 27 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. എറണാകുളം കലക്ടറേറ്റിലെ പരിഹാരം സെല്ലിലെ ജീവനക്കാരനായ വിഷ്ണു പ്രസാദ്, ഇടനിലക്കാരനും കാക്കനാട് സ്വദേശിയുമായ മഹേഷ്, സി.പി.എം തൃക്കാക്കര ഈസ്റ്റ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അന്‍വര്‍, നിധിന്‍, അന്‍വറിന്റെ ഭാര്യ കൗലത്ത്, നീതു, ഷിന്റു മാര്‍ട്ടിന്‍ എന്നിവരാണ് പ്രതികള്‍. യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് കലക്ടര്‍ അനുവദിച്ച തുക കംപ്യൂട്ടര്‍ രേഖകളില്‍ തിരുത്തല്‍ വരുത്തി പ്രതികള്‍ സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു. തട്ടിപ്പില്‍ ഉന്നത സി.പി.എം നേതാക്കള്‍ക്കെതിരേ ആരോപണമുയര്‍ന്നെങ്കിലും അതിനുള്ള തെളിവുകള്‍ കണ്ടെത്താനായില്ല.
അയ്യനാട് സര്‍വിസ് സഹകരണ ബാങ്ക് ഗൂഢാലോചനയില്‍ പങ്കാളിയല്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്കിന്റെ അക്കൗണ്ടില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കായി തുക എത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. പ്രതികള്‍ തട്ടിയെടുത്ത 27 ലക്ഷം രൂപയില്‍ 10.58 ലക്ഷം മാത്രമാണ് കണ്ടെടുക്കാനായത്. ബാക്കി തുക എവിടെയെന്നതു സംബന്ധിച്ച വിവരം പ്രതികളില്‍ നിന്ന് ലഭിച്ചിട്ടില്ല.
കേസില്‍ മുന്‍ കലക്ടര്‍ മുഹമ്മദ് സഫീറുല്ല, നിലവിലെ കലക്ടര്‍ എസ്. സുഹാസ്, എ.ഡി.എം, സഹകരണ ബാങ്ക് ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ 172 സാക്ഷികളുണ്ട്. 1,300ഓളം പേജുകളുള്ള കുറ്റപത്രമാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 73 ലക്ഷം തട്ടിയ കേസില്‍ വിഷ്ണു പ്രസാദിനെതിരായ രണ്ടാം കേസിലെ കുറ്റപത്രം നേരത്തെ തന്നെ സമര്‍പ്പിച്ചിരുന്നു. 2018ലുണ്ടായ മഹാ പ്രളയത്തില്‍ എല്ലാം നഷ്ടമായവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പണം തട്ടിയെടുത്ത കേസിലാണ് ക്രൈംബ്രാഞ്ച് രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചത്. പ്രളയം ബാധിച്ചിട്ടില്ലാത്ത ഇവിടെ എങ്ങനെ ദുരിതാശ്വാസ നിധി എത്തിയെന്ന ബാങ്ക് ജീവനക്കാരുടെ സംശയമായിരുന്നു ഇതിനു കാരണമായത്. എ.ഡി.എമ്മിന്റെ പരാതിയില്‍ ആദ്യം ലോക്കല്‍ പൊലിസും പിന്നീട് ക്രൈാംബ്രാഞ്ചും കേസന്വേഷിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."