ജനങ്ങളുടെ പരമാധികാരവും അധികാര കേന്ദ്രീകരണവും
ലോകത്ത് പാര്‍ലമെന്ററി ജനാധിപത്യം വലിയ പരുക്കുകളില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് ഇന്ത്യ. മറ്റു പാര്‍ലമെന്ററി ജനാധിപത്യ രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യ ഒരു മാതൃകയായി കണക്കാക്കപ്പെടുന്നുമുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഭരണഘടനാപരമായി തന്നെ കൃത്യസമയത്ത് ഇവിടെ തെരഞ്ഞെടുപ്പ് നടന്നുവരികയാണ്. ഓരോ സഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ വ്യത്യസ്ത രീതിയിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളാണ് ജനങ്ങള്‍ ഇവിടെ ചര്‍ച്ചചെയ്യുന്നത്. പാര്‍ലമെന്റും നിയമസഭയും പഞ്ചായത്ത്-മുനിസിപ്പല്‍ കൗണ്‍സിലുകളുമെല്ലാം വ്യത്യസ്ത സ്വഭാവത്തോടു കൂടിയതായതുകൊണ്ടാണ് ഈ സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നത്. മൂന്നു തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ആലോചിക്കാന്‍ പോലും കഴിയുന്ന ഒന്നല്ല. പാര്‍ലമെന്റ്-നിയമസഭ-പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തല്‍ ഇന്ത്യന്‍ ഫെഡറലിസത്തെ നിരാകരിക്കുന്നതായിരിക്കും.
ഭരണഘടന തുടങ്ങുന്നതുതന്നെ ജനങ്ങളുടെ പരമാധികാരം വിളംബരം ചെയ്തുകൊണ്ടാണ്. അതിന്റെ ആമുഖത്തില്‍ ഇപ്രകാരം പറയുന്നു: 'ഇന്ത്യയെ പരമാധികാരമുള്ള ഒരു ജനാധിപത്യ റിപ്പബ്ലിക്കായി സംഘടിപ്പിക്കാന്‍ ഇന്ത്യയിലെ ജനങ്ങളായ ഞങ്ങള്‍ അവധാനപൂര്‍വം തീരുമാനിച്ചിരിക്കുന്നു'. ഇതേ ആശയം ഭരണഘടനയില്‍ പല സ്ഥലത്തും ആവര്‍ത്തിക്കുന്നുണ്ട്-വിശേഷിച്ചും തെരഞ്ഞെടുപ്പുകളെപ്പറ്റി പ്രതിപാദിക്കുന്ന അധ്യായങ്ങളില്‍.
ഭരണഘടനയില്‍ തെരഞ്ഞെടുപ്പുകളെ കുറിച്ച് ഒരു പ്രത്യേക അധ്യായം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ ഭരണഘടനയില്‍ നിന്നും ഇന്ത്യന്‍ ഭരണഘടനയ്ക്കുള്ള പ്രത്യേകതയാണിത്. കാരണം മിക്ക ഭരണഘടനകളും തെരഞ്ഞെടുപ്പിനെ നിയമസഭയ്ക്ക് തീരുമാനമെടുക്കാന്‍ വിടുന്ന, താരതമ്യേന അപ്രധാന വിഷയമായി കരുതുന്നു. നമ്മുടെ ഭരണഘടനാ നിര്‍മാണ സഭയാകട്ടെ, ഭരണഘടനയുടെ ഒരു അവിഭാജ്യഘടകമെന്ന നിലയിലാണ് അതിനെ കണ്ടത്. അതുകൊണ്ട് മൗലികാവകാശങ്ങള്‍ക്കായി രൂപീകരിച്ചിരുന്ന കമ്മിറ്റിയെ തന്നെ ഇതുസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചുമതലപ്പെടുത്തി. മൗലികാവകാശങ്ങളില്‍ ഒന്നായി തെരഞ്ഞെടുപ്പിനെ കരുതണമെന്നും അതിനെ സര്‍ക്കാരിന്റെ കൈക്കടത്തലില്‍നിന്ന് രക്ഷിക്കണമെന്നും സ്വതന്ത്രമായ തെരഞ്ഞെടുപ്പിനു സ്വാതന്ത്ര്യം നല്‍കണമെന്നും ഈ കമ്മിറ്റിയോട് ഭരണഘടനാ നിര്‍മാണസഭ നിര്‍ദേശിക്കുകയും ചെയ്യുന്നു.
327ാം അനുച്ഛേദമനുസരിച്ച് പാര്‍ലമെന്റില്‍ സംസ്ഥാന നിയമസഭകളിലേതുള്‍പ്പെടെ എല്ലാ തെരഞ്ഞെടുപ്പുകളെയും സംബന്ധിക്കുന്ന നിയമം നിര്‍മിക്കാനുള്ള പരമാധികാരം നിക്ഷിപ്തമായിരിക്കുന്നു. 328ാം വകുപ്പനുസരിച്ച് തെരഞ്ഞെടുപ്പ് സംബന്ധമായ ചില നിയമങ്ങള്‍ ഉണ്ടാക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കും കൊടുത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനാവശ്യമായ വിശദനിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ടു പ്രധാന വ്യവസ്ഥകള്‍ പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്. ആദ്യത്തേത്, 1950ലെ 'റെപ്രസെന്റേഷന്‍ ഓഫ് ദി പീപ്പിള്‍ ആക്ട്' ആയിരുന്നു. അതില്‍ സമ്മതിദായകരുടെ യോഗ്യതകളും സമ്മതിദായക പട്ടികകള്‍ ഉണ്ടാക്കുന്നതിനെ സംബന്ധിച്ച വ്യവസ്ഥകളുമാണുള്ളത്. രണ്ടാമത്തേത്, തെരഞ്ഞെടുപ്പ് നിയമമായ 1951ലെ 'റെപ്രസെന്റേഷന്‍ ഓഫ് ദി പീപ്പിള്‍ ആക്ടി'ല്‍ തെരഞ്ഞെടുപ്പ് നടത്തുന്ന രീതി, പോളിങ് സംബന്ധിച്ച സംഗതികള്‍, തര്‍ക്കങ്ങള്‍, ഉപതെരഞ്ഞെടുപ്പുകള്‍ തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിക്കുന്നു. ഈ രണ്ടു നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ടത്ര ഉപനിയമങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഒരു നേതാവ്, ഒരു ഭാഷ, ഒരു മതം എന്നീ മുദ്രാവാക്യങ്ങള്‍ മുഴങ്ങിക്കേള്‍ക്കുകയാണ്. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആവശ്യം ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി ഉയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രിയും ഈ ആവശ്യം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ മതിയായ പിന്തുണ ലഭിക്കാത്തതിനാല്‍ താല്‍ക്കാലികമായി പിന്നോട്ടുപോകുകയും ചെയ്തിരുന്നു. ലോക്‌സഭ, നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ എന്നിവയ്ക്ക് വെവ്വേറെ വോട്ടര്‍പട്ടികയുടെ ആവശ്യമില്ലെന്നും ഒറ്റ പട്ടിക തയാറാക്കിയാല്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കാമെന്നും അദ്ദേഹം പ്രസ്താവിച്ചു. കഴിഞ്ഞ നവംബര്‍ 26ലെ ഭരണഘടനാ ദിനത്തില്‍ സ്പീക്കര്‍മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്നത് വെറും ആശയം മാത്രമല്ലെന്നും ഇന്ത്യയ്ക്ക് അത് അത്യാവശ്യമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. തുടരെ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയാണെന്നും മോദി വിശദീകരിച്ചു.
ദേശതാല്‍പര്യമാകണം ഓരോ തീരുമാനത്തിന്റെയും അടിസ്ഥാനം. ജനവും രാജ്യവുമാണ് പ്രധാനം. അതിനേക്കാള്‍ പ്രധാനമായി കക്ഷിരാഷ്ട്രീയം കടന്നുവരുന്നത് ദോഷം ചെയ്യും. ഓരോ വര്‍ഷവും രാജ്യത്തു പലയിടത്തും വിവിധ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു. അതിന്റെ പെരുമാറ്റച്ചട്ടം വരുമ്പോള്‍ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടും. ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്നതിന് എന്തെങ്കിലും വഴി കണ്ടെത്തിയേ മതിയാകൂ. എല്ലാ ഡിജിറ്റലാകുന്ന കാലത്ത് ഒറ്റ വോട്ടര്‍പട്ടികയ്ക്ക് എന്താണു തടസമെന്ന് മോദി ചോദിച്ചു. ഒരു തെരഞ്ഞെടുപ്പ് മതിയെന്ന നിര്‍ദേശം കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. ലോക്‌സഭ-നിയമസഭ-പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ക്കെല്ലാംകൂടി ഒരു വോട്ടര്‍പട്ടിക മതിയാകുമെന്നും വെവ്വേറെ പട്ടിക തയാറാക്കുന്നത് അനാവശ്യചെലവാണുണ്ടാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ രാജ്യം വിവിധ ദേശീയതകളെ പ്രതിനിധീകരിക്കുന്ന ജനവിഭാഗങ്ങളുടെ നാടാണ്. അതുകൊണ്ടു തന്നെയാണ് നമ്മുടെ ഭരണഘടന ഫെഡറലിസത്തിനു മുന്‍തൂക്കം നല്‍കിയിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിലെയും പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് അവരുടേതായ പ്രത്യേകം പ്രത്യേകമായിട്ടുള്ള പ്രശ്‌നങ്ങളാണുള്ളത്. വളരെ സങ്കീര്‍ണവും സജീവവുമായ രാഷ്ട്രീയ പ്രശ്‌നങ്ങളാണ് ഇവയെല്ലാം. ദേശീയ തെരഞ്ഞെടുപ്പുകളിലെ കാഴ്ചപ്പാടല്ല, സംസ്ഥാന-പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ക്കുള്ളത്. ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും പഞ്ചായത്ത്-തദ്ദേശ രാഷ്ട്രീയവും ജനകീയ ആവശ്യങ്ങളുമെല്ലാം തികച്ചും വിഭിന്നമാണ്. തമിഴ്‌നാട്ടിലെ പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങളും കേരളത്തിലെ പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങളും തികച്ചം വിഭിന്നങ്ങളാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയും ഇതുതന്നെയാണ്. അതുകൊണ്ടുതന്നെ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പെന്ന പ്രധാനമന്ത്രിയുടെ ആവശ്യത്തിനു യാതൊരു നീതീകരണവുമില്ല.
ഭരണഘടനാ ദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വളരെ ബോധപൂര്‍വം നടത്തിയ ഒന്നാണ്. സര്‍ക്കാരും ഭരണകക്ഷിയും ഇതു നടപ്പിലാക്കുന്നതിനു വേണ്ടി ശക്തമായി തന്നെ മുന്നോട്ടുപോകുമെന്ന കാര്യത്തില്‍ സംശയമേതുമില്ല. ഇതുപോലുള്ള ഭരണകക്ഷിയുടെ ആവശ്യങ്ങള്‍ ഓരോന്നായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ജമ്മു കശ്മിര്‍ വിഭജനവും ആര്‍ട്ടിക്കിള്‍ 35 (എ) എടുത്തുകളയലും പൗരത്വനിയമവും രാമക്ഷേത്ര ശിലാസ്ഥാപനവുമെല്ലാം ഇതിനകം നടന്നുകഴിഞ്ഞിരിക്കുന്നു. ബി.ജെ.പിയുടെ മുഖ്യ അജന്‍ഡ തന്നെയാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നത്.
ഒന്നാം എന്‍.ഡി.എ സര്‍ക്കാരിന്റെ കാലം (2014) മുതല്‍ ഈ ആവശ്യം ഭരണകക്ഷി ഉയര്‍ത്തുകയാണ്. ഇതിനുവേണ്ടി വിളിച്ചുചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടികളുടെ ആദ്യയോഗത്തില്‍ ബിജു ജനതാദള്‍ ഒഴികെ മറ്റാരും ഇതിനെ അനുകൂലിച്ചില്ല. അതുകൊണ്ടാണ് തല്‍ക്കാലം കേന്ദ്ര സര്‍ക്കാര്‍ പിറകോട്ടുപോയത്. തീവ്രദേശീയതയാണ് ബി.ജെ.പിയെ നയിക്കുന്ന ആര്‍.എസ്.എസ് ഉയര്‍ത്തിക്കാട്ടുന്നത്. ഒരു മതവും ഒരു ഭാഷയും ഒരു നേതാവും എന്നതുപോലെ തന്നെ ഒരു രാജ്യവും ഒരു തെരഞ്ഞെടുപ്പും ഇവര്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്.
ഫെഡറലിസത്തിന്റെ സ്പിരിറ്റ് അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള അധികാരാവകാശങ്ങള്‍ നമ്മുടെ രാജ്യത്തു ലഭിക്കുന്നില്ല. എങ്കിലും ഭരണഘടനാപരമായി രാജ്യത്ത് ഫെഡറലിസമാണ് നിലനില്‍ക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ സമയങ്ങളിലാണ് നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പ്രശ്‌നങ്ങളും വികസന പ്രശ്‌നങ്ങളുമാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ചര്‍ച്ച ചെയ്യുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭരണാധികാരികളെ ജനങ്ങല്‍ തെരഞ്ഞെടുക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ ഇന്നു ഭരണഘടനയുടെ ഭാഗമാണ്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ പഞ്ചായത്ത്-മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ ആ സംസ്ഥാനങ്ങളിലെ സൗകര്യമനുസരിച്ച് പല സമയങ്ങളിലാണു നടത്തുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ചു നടത്തുക എന്നത് ഒരിക്കലും പ്രായോഗികമല്ല. വോട്ടര്‍പട്ടിക തയാറാക്കുന്നതിനുള്ള സമയവും ജോലിഭാരവും സാമ്പത്തിക ബാധ്യതയും മാത്രം പരിഗണിച്ച് ഈ യാഥാര്‍ഥ്യങ്ങള്‍ വിസ്മരിച്ചുകൊണ്ട് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന നയം ഭരണകൂടം നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതു രാജ്യത്തെ വിവിധ ദേശീയ ജനവിഭാഗങ്ങളോടുള്ള യുദ്ധപ്രഖ്യാപനം തന്നെയായിരിക്കും.
ഇന്ത്യന്‍ ജനാധിപത്യം ഇന്നു വലിയ വെല്ലുവിളിയെ നേരിടുകയാണ്. ഭരണകക്ഷി ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഫെഡറലിസത്തിന്റെയും നേരെയാണ് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി മാത്രമേ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നതിനെയും കാണാന്‍ കഴിയുകയുള്ളൂ. രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനങ്ങളാകെ ഈ ജനവിരുദ്ധ നയത്തിനെതിരായി ശക്തമായി രംഗത്തുവരേണ്ട സമയമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."