ഭീമ- കൊറെഗാവ്: നമ്മള്‍ കണ്ണുതുറന്ന് കാണേണ്ടത്
ഡല്‍ഹിയിലെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും മലയാളിയുമായ റോണാ വില്‍സണെ ഭീമ- കൊറെഗാവ് കേസില്‍ കുടുക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ ലാപ്‌ടോപ്പില്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും തെളിവുകള്‍ കംപ്യൂട്ടറില്‍ സ്ഥാപിക്കുകയും ചെയ്യുകയായിരുന്നുവെന്ന വെളിപ്പെടുത്തല്‍ ഭീമ- കൊറെഗാവ് കേസിനെക്കുറിച്ചുള്ള സംശയം കൂടുതല്‍ ബലപ്പെടുത്തുന്നതാണ്. ഡല്‍ഹി വംശഹത്യാക്കേസിന് മുന്‍പ് മോദി സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളെ വേട്ടയാടിയ ഏറ്റവും ഗൗരവമുള്ള സംഭവമാണ് ഭീമ- കൊറെഗാവ്. ഈ കേസില്‍ ആദ്യം അറസ്റ്റിലായവരിലൊരാളാണ് റോണാ വില്‍സണ്‍. അതും പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും.
രാഷ്ട്രീയത്തടവുകാരുടെ മോചനം ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളില്‍ രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരെ ഏകോപിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു റോണാ വില്‍സണ്‍. റോണയുമായി ബന്ധിപ്പിച്ചാണ് കേസിലെ മറ്റു പ്രമുഖരെ അറസ്റ്റ് ചെയ്യുന്നത്. കേസില്‍ ഉള്‍പ്പെട്ട ഗൗതം നവ്‌ലഖ, വരവര റാവു, ആനന്ദ് തേല്‍തുംബ്‌ഡെ, സുധാഭരദ്വാജ് തുടങ്ങിയ ഭൂരിഭാഗംപേരും രാജ്യത്തെ മുന്‍നിര മനുഷ്യാവകാശ പ്രവര്‍ത്തകരും എഴുത്തുകാരും ബുദ്ധിജീവികളുമാണ്.
റോണാ വില്‍സണെ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ ലാപ്‌ടോപ്പ് പിടിച്ചെടുക്കുകയും ചെയ്യുന്നതിന് ചുരുങ്ങിയത് 22 മണിക്കൂര്‍ മുന്‍പുതന്നെ അദ്ദേഹത്തിന്റെ ലാപ്‌ടോപ്പില്‍ 10 രേഖകളെങ്കിലും കടത്തിയിരുന്നുവെന്നാണ് മസാച്ചുസെറ്റ്‌സിലെ പ്രമുഖ ഡിജിറ്റല്‍ ഫൊറന്‍സിക് കമ്പനിയായ ആര്‍സണല്‍ കണ്‍സള്‍ട്ടിങ് കണ്ടെത്തിയിരിക്കുന്നത്. രേഖകള്‍ 50 പേജിലധികം വരും. രണ്ടുവര്‍ഷമായി മാല്‍വെയറിലൂടെ റോണയുടെ കംപ്യൂട്ടര്‍ നിരീക്ഷിച്ചുവരികയായിരുന്നു. നിയമവിരുദ്ധമായൊന്നും കണ്ടെത്താന്‍ കഴിയാത്തതിനാലായിരിക്കണം മാല്‍വെയറിലൂടെ രേഖകള്‍ കടത്തിയത്. പരിശീലനം ലഭിച്ചൊരു ഹാക്കര്‍ക്ക് ആരുടെയും കംപ്യൂട്ടറിന്റെ നിയന്ത്രണം ഇത്തരത്തില്‍ കൈക്കലാക്കാനും രേഖകള്‍ സ്ഥാപിക്കാനും നിരീക്ഷിക്കാനും ഇ-മെയിലുകള്‍ അയക്കാനും കംപ്യൂട്ടറിന്റെ ഉടമ അയക്കുന്ന മെയിലുകള്‍ വായിക്കാനും കഴിയുമെന്നതാണ് ഈ വെളിപ്പെടുത്തലില്‍ ഗൗരവമുള്ള കാര്യം. ആരുടെ കംപ്യൂട്ടറില്‍ വേണമെങ്കിലും ഇത്തരത്തില്‍ രേഖകള്‍ സ്ഥാപിക്കാനും കള്ളക്കേസില്‍ കുടുക്കാനും ഏജന്‍സികള്‍ക്ക് കഴിയും. ആരും സുരക്ഷിതമല്ലാത്ത കാലത്താണ് നാമുള്ളത്.
ഭീമ- കൊറെഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷിക പരിപാടിയോടനുബന്ധിച്ച് 2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ- കൊറെഗാവില്‍ ദലിത് സംഘടനകളും ഹിന്ദുത്വവാദികളും തമ്മില്‍ ഏറ്റുമുട്ടുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്. സംഘര്‍ഷമുണ്ടാക്കിയത് ഹിന്ദുത്വവാദികളാണ്. എന്നാല്‍, പൊലിസ് അറസ്റ്റ് ചെയ്തത് ദലിത് സംഘടനാ നേതാക്കളെയും. മഹാരാഷ്ട്ര പൊലിസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ഇപ്പോള്‍ അറസ്റ്റിലായ ഭൂരിഭാഗംപേരുടെയും പേരുണ്ടായിരുന്നില്ല. അതിന് കാരണവുമുണ്ട്. അറസ്റ്റിലായവര്‍ക്ക് ഈ സംഭവവുമായി ബന്ധമില്ലായിരുന്നുവെന്നത് തന്നെയായിരുന്നു അത്.
സംഘര്‍ഷമുണ്ടാകുന്നതിന് തലേദിവസം പൂനെയിലെ ഷാനിവര്‍വാഡ കോട്ടയില്‍ ഭീമ- കൊറെഗാവ് വാര്‍ഷികത്തിന്റെ ഭാഗമായി എല്‍ഗാര്‍ പരിഷത്ത് സംഘപ്പിച്ചിരുന്നു. ബോംബെ ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജി ഖോല്‍സെ പാട്ടീല്‍, സുപ്രിംകോടതി റിട്ട. ജഡ്ജി പി.ബി സാവന്ത് തുടങ്ങിയവരായിരുന്നു ഇതിന്റെ സംഘാടകര്‍. എട്ടുമാസത്തിനുശേഷം ഈ പരിപാടിയുടെ പേരിലാണ് കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റുണ്ടാകുന്നത്.
അറസ്റ്റിലായവരില്‍ സുധീര്‍ ധവാലെ എന്ന ദലിത് ആക്ടിവിസ്റ്റ് ഒഴികെ മറ്റാരും എല്‍ഗാര്‍ പരിഷത്തില്‍ പങ്കെടുക്കുകയോ ഭീമ- കൊറെഗാവിലുണ്ടാകുകയോ ചെയ്തിട്ടില്ല. ഐക്യദാര്‍ഢ്യസമിതി പോലുള്ള സംവിധാനമാണ് എല്‍ഗാര്‍ പരിഷത്ത്. അതിന്റെ ഭാഗമായ കേന്ദ്ര സര്‍ക്കാരിന് എതിരേനില്‍ക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, എല്‍ഗാര്‍ പരിഷത്ത് സംഘാടകരായ ഖോല്‍സെ പാട്ടീലോ പി.ബി സാവന്തോ കേസില്‍ പ്രതികളായില്ല. ഇതിനിടെ മഹാരാഷ്ട്രയിലെ ബി.ജെ.പി ഭരണം മാറി ശിവസേന-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ വന്നു. സാമൂഹികപ്രവര്‍ത്തകര്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്ന് എന്‍.ഐ.എ കേസ് ഏറ്റെടുക്കുകയായിരുന്നു. വിഷയം പരിശോധിക്കാന്‍ സംസ്ഥാനത്തെ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം മഹാരാഷ്ട്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിരുന്നു. ഇതിനുപിന്നാലെയാണ് പൊടുന്നനെ എന്‍.ഐ.എ ചാടിവീഴുന്നത്.
ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ അധ്യാപകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹാനി ബാബുവാണ് ഈ കേസില്‍ ജയിലില്‍ക്കഴിയുന്ന മറ്റൊരു മലയാളി. 2020 ജൂലൈയിലാണ് ഹാനി ബാബു അറസ്റ്റിലാകുന്നത്. എന്നാല്‍, 2019 സെപ്റ്റംബറില്‍ തന്നെ മഹാരാഷ്ട്ര പൊലിസ് ഹാനി ബാബുവിന്റെ വീട്ടില്‍ പരിശോധന നടത്തുകയും ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും അക്കാദമിക്ക് രേഖകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മുംബൈയിലെ ഓഫിസില്‍ സാക്ഷിമൊഴി രേഖപ്പെടുത്താനെന്ന പേരില്‍ വിളിപ്പിച്ച ശേഷമാണ് എന്‍.ഐ.എ ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തത്. ഹാനിബാബുവിന്റെ മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച് തെളിവുകള്‍ ലാപ്‌ടോപ്പില്‍നിന്ന് ലഭിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്.
രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധരായ മുന്‍നിര മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഭീമ- കൊറെഗാവ് കേസില്‍ അറസ്റ്റിലാണ്. മറ്റൊരു വിഭാഗം സി.എ.എ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയതിനാല്‍ ഡല്‍ഹി വംശീയ കലാപക്കേസിലും അറസ്റ്റിലാണ്. ബാക്കിയുള്ളവര്‍ നിശബ്ദരാക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഗൗരവമുള്ള സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് നമ്മള്‍ കണ്ണുതുറന്ന് കാണേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."