മിന്നല്‍പ്രളയം: രക്ഷാപ്രവര്‍ത്തനം മന്ദഗതിയില്‍; മരിച്ചവരുടെ എണ്ണം 38; കാണാതെയായത് 170 പേരെ
ചമോലി: ഉത്തരാഖണ്ഡിലെ മിന്നല്‍പ്രളയത്തില്‍ തപോവന്‍ തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം ഇന്നും മന്ദഗതിയില്‍. തുരങ്കത്തിലടിഞ്ഞ പാറകള്‍ നീക്കുന്നതിനു പകരം അതു തുരന്നുമാറ്റി അകത്തേക്ക് ഓക്‌സിജന്‍ പമ്പുചെയ്യാന്‍ ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് പദ്ധതി തയാറാക്കിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
ഇതിനുള്ളില്‍ 35പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് കണക്കാക്കുന്നത്.
ഇന്നലെ രണ്ടു പേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. ഇതിലൊരാള്‍ ഋഷിഗംഗ പവര്‍ പ്രൊജക്ടിലെ കശ്മീരിയായ എന്‍ജിനീയര്‍ ബഷാറത്ത് അഹമ്മദ് സര്‍ഗാറാണ്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 38ആയി. 170 പേരെയാണ് പ്രളയത്തെ തുടര്‍ന്ന് കാണാതെയായത്.
ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഋഷിഗംഗ പവര്‍ പ്രൊജക്ട് സൈറ്റില്‍നിന്നാണ് ബഷാറത്ത് അഹമ്മദിന്റെ മൃതദേഹം കണ്ടെടുത്തത്. മറ്റൊന്ന് ചമോലിയിലെ മൈതാന ഗ്രാമത്തില്‍നിന്നാണ് ലഭിച്ചതെന്നും ജില്ലാ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഋഷിഗംഗ ജലവൈദ്യുത പദ്ധതിയുടെ പഴയ ചിത്രങ്ങളുടേയും നാട്ടുകാരുടേയും സഹായത്തോടെ തിരച്ചില്‍ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ രക്ഷാപ്രവര്‍ത്തകരുടെ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
ഇതിനടിയില്‍ തപോവന്‍ മേഖലയിലെ റെയ്‌നി ഗ്രാമത്തിനു മുകളിലായി തടാകം രൂപപ്പെടുന്നതായി കണ്ടെത്തി. അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയാണ് തടാകം രൂപപ്പെട്ടിരിക്കുന്നത്. തടാകം രൂപപ്പെടുന്നതായി ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാറും സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."