ദുബായിൽ കുടുങ്ങിയവരെ സഊദിയിൽ എത്തിക്കണം; ഇ ടി ബഷീർ എംപി സഊദി അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി
റിയാദ്: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സഊദി അറേബ്യയുടെ യാത്രാ വിലക്കു കാരണം യു എ ഇയിൽ കുടുങ്ങിയ ഇന്ത്യൻ പ്രവാസികളെ സഊദിയിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യയിലെ സഊദി സ്ഥാനപതിയോട് ഇടി മുഹമ്മദ് ബഷീർ എംപി അഭ്യർത്ഥിച്ചു. ഡൽഹിയിലെ സഊദി എംബസിയിൽ നേരിട്ടെത്തിയാണ് ഇടി പ്രവാസി ഇന്ത്യക്കാർ നേരിടുന്ന ദുരിതം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയത്.
ഇന്ത്യ - യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ വിലക്കേർപ്പെടുത്തിയതിനെ തുടർന്നാണ് ദുബൈ വഴി സഊദിയിലേക്ക് യാത്രപുറപ്പെട്ട മലയാളികളടക്കുമുള്ള ഇന്ത്യക്കാർ ആ രാജ്യത്ത് കുടുങ്ങിയത്. പലർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണെന്നും അനുയോജ്യമായ ഇടപെടൽ നയതന്ത്ര സ്ഥാനപതിയുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും എംപി ആവശ്യപ്പെട്ടു. കൂടാതെ നിലവിൽ വിസ സ്റ്റാംപിങ്ങുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിച്ച് രാജ്യത്തെ ഏത് സൗഊദി നയതന്ത്ര മിഷനിൽ നിന്നും വിസ സ്റ്റാംപിങ്ങ് നടത്താനുള്ള സൗകര്യമുണ്ടാക്കണമെന്നും എംപി ആവശ്യപ്പെട്ടു.
പ്രവാസികൾ ദുബൈയിൽ കുടുങ്ങിയ വിഷയത്തിൽ അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് കെഎംസിസി സഊദി നാഷനൽ കമ്മിറ്റി നിവേദനം നൽകിയിരുന്നു. കെഎംസിസി സഊദി നാഷനൽ കമ്മിറ്റിയും വിവിധ സെൻട്രൽ കമ്മിറ്റികളും ഇക്കാര്യത്തിൽ അടിയന്തര നടപടികൾ വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിമാർ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, എം പിമാർ, നോർക്ക സി ഇ ഒ, വിവിധ നയതന്ത്ര കാര്യാലയങ്ങൾ, മുസ്ലിം ലീഗ് നേതാക്കൾ എന്നിവർക്ക് നിവേദനം നൽകിയിരുന്നതായി വർക്കിങ് പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."