HOME
DETAILS
MAL
ഈജിപ്തിലെ നിധി
backup
February 14 2021 | 03:02 AM
മാന്യം നല്ല സമ്പത്ത് പിതാവില്‍ നിന്ന് അനന്തരം ലഭിച്ച ഒരു ചങ്ങാതി ഉണ്ടായിരുന്നു ബഗ്ദാദില്‍. പക്വതയില്ലായ്മ കാരണം കിട്ടിയ സ്വത്തെല്ലാം അവന്‍ ധൂര്‍ത്തടിച്ചു തീര്‍ത്തു. ഏറെ താമസിയാതെ അവന്‍ പാപ്പരായി. ഒടുവില്‍ കിടപ്പാടം പോലും വില്‍ക്കേണ്ട സ്ഥിതിവന്നു.
'ദൈവമേ ഇനിയെന്തു വഴി?' ഗതിമുട്ടി അവന്‍ ദൈവത്തിലേക്കു തിരിഞ്ഞു. അവന്‍ പശ്ചാതാപവിവശനായി കരഞ്ഞു. കരഞ്ഞുകരഞ്ഞ് അവന്‍ ഉറങ്ങിപ്പോയി. ആ ഉറക്കത്തില്‍ അവനൊരു സ്വപ്‌നം കണ്ടു. ഒരശരീരി തന്നോടിങ്ങനെ പറയുന്നതായാണ് അവന്റെ സ്വപ്‌നം. 'ഈജിപ്തിലേക്ക് പോവുക. അവിടെ ഒരു നിധി നിന്നെ കാത്തുനില്‍പ്പുണ്ട്'.
നാട്ടില്‍ നിന്നാല്‍ ഉള്ള വീടും നഷ്ടപ്പെടുമെന്നതല്ലാതെ മറ്റൊന്നും സംഭവിക്കാന്‍ പോകുന്നില്ല എന്ന് മനസിലാക്കിയ യുവാവ് ഈജിപ്തിലേക്ക് പോകുന്ന ആദ്യത്തെ കച്ചവടസംഘത്തോടൊപ്പം തന്നെ പുറപ്പെട്ടു. ഏതാനും ആഴ്ചകള്‍ കൊണ്ടവന്‍ ഈജിപ്തിലെത്തി. ദിവസങ്ങളായി എന്തെങ്കിലും കഴിച്ചിട്ട്. കയ്യില്‍ ചില്ലിക്കാശില്ല. ആരോടും ഒന്നും ചോദിച്ചു ശീലമില്ല. പരിചയമില്ലാത്ത നാടാണെങ്കിലും യാചിക്കുന്നത് വലിയ കുറച്ചിലായി അവനു തോന്നി. നേരം ഇരുട്ടുന്നതുവരെ കാത്തുനില്‍ക്കാമെന്ന് അവന്‍ തീരുമാനിച്ചു.
അപ്പോള്‍ യാചിച്ചാലും മുഖം ആരും കാണുകയില്ലല്ലോ എന്നതായിരുന്നു നിഗമനം. ആളൊഴിഞ്ഞ മൂലയില്‍ അവന്‍ നേരം ഇരുട്ടാന്‍ കാത്തുനിന്നു.
കൈറോ പട്ടണത്തില്‍ ആ ആഴ്ച കുറെ കവര്‍ച്ചകള്‍ നടന്നിരുന്നു. കള്ളന്മാരെ പിടിക്കാന്‍ കഴിയാത്തത് പൊലിസിന്റെ വന്‍ വീഴ്ചയായി വിമര്‍ശനമുയര്‍ന്നു. എന്തു വിലകൊടുത്തും കള്ളന്മാരെ പിടികൂടാന്‍ നഗരപിതാവ് പൊലിസ് മേധാവികള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പൊലിസ് മേധാവി നേരിട്ട് തന്നെ പരിശോധനക്കിറങ്ങിയ ദിവസമായിരുന്നു അന്ന്. രാത്രി ഏറെ ചെന്നിട്ടും യാചിക്കാനുള്ള മടി കാരണം എന്ത് ചെയ്യണം എന്നറിയാതെ ആളുകളില്‍ നിന്നു മാറിനില്‍ക്കുകയായിരുന്ന യുവാവ് പൊലിസിന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ് തന്നെ അവനെ ലാത്തികൊണ്ട് പൊതിരെ തല്ലി. ശേഷം അവര്‍ അവനെ പൊലിസ് മേധാവിയുടെ മുന്‍പിലെത്തിച്ചു. 'നിന്നെ കണ്ടിട്ടി വിടത്തുകാരനല്ലെന്ന് തേന്നുന്നുവല്ലോ? നീ എവിടെ നിന്നു വന്നു? നിന്റെ സംഘത്തില്‍ ആരെല്ലാമുണ്ട്? നിങ്ങള്‍ എവിടെയെല്ലാം കവര്‍ച്ച ചെയ്തു?'- പൊലിസ് മേധാവി യുവാവിന്റെ കഴുത്തിന് പിടിച്ചു ചോദിച്ചു.
'ഞാന്‍ കള്ളനല്ല സാര്‍' യുവാവ് പേടിച്ച് വിറച്ചു പറഞ്ഞൊപ്പിച്ചു. 'ഞാന്‍ ഈ നാട്ടുകാരനല്ല. എന്റെ കൂടെ ആരുമില്ല. ഞാന്‍ ഇന്നു രാവിലെ ബഗ്ദാദില്‍ നിന്നു വന്നതാണ്...'
നന്നായി ക്ഷീണിച്ച് അവശനായിരുന്നു യുവാവ്. പൊലിസ് മേധാവി അവനോട് ദയ തോന്നി കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. ഈജിപ്തില്‍ നിധിയുണ്ടെന്ന് സ്വപ്‌നം കണ്ട് വന്നതാണെന്ന് പറഞ്ഞപ്പോള്‍ പൊലിസ് മേധാവി പൊട്ടിച്ചിരിച്ചു. അദ്ദേഹം അവനെ കളിയാക്കിക്കൊണ്ട് പറഞ്ഞു. 'ഹേ! മണ്ടച്ചാരെ, നീയല്ലാതെ ഇങ്ങനെയുള്ള പൊട്ട സ്വപ്‌നംകണ്ട് മുന്നും പിന്നും ആലോചിക്കാതെ ഇറങ്ങിപ്പുറപ്പെടുമോ? എന്റെ കാര്യം നോക്ക്. ബാഗ്ദാദില്‍ ഇന്നയാളുടെ വീടിനടിയില്‍ സ്വര്‍ണ്ണ നിക്ഷേപമുണ്ടെന്ന് ഞാന്‍ എത്രവട്ടം സ്വപ്‌നം കണ്ടതാണ്. എന്നിട്ട് ഞാനവിടെ പോയോ? തലയ്ക്കകത്ത് ആള്‍ താമസമുള്ളവര്‍ സ്വപ്‌നത്തില്‍ കണ്ട നിധിയും തേടി പുറപ്പെടുമോ?'. പൊലിസ് മേധാവി പറഞ്ഞ ആളുടെ പേരുകേട്ട യുവാവ് ഞെട്ടി.
'ആളുടെ പേര് ഒരിക്കല്‍ കൂടി പറയുമോ?'- അവന്‍ സവിനയം ചോദിച്ചു.
പൊലിസ് മേധാവി പേര് ആവര്‍ത്തിച്ചു.
അത് തന്റെ പേരാണെന്ന് തിരിച്ചറിഞ്ഞ് അവന്‍ ശരിക്കും അമ്പരന്നു. എന്നാല്‍ അമ്പരപ്പ് പുറത്തു കാണിക്കാതെ പഴയതുപോലെ ചൂളിനിന്നു. 'ആള്‍ കഥയില്ലാത്ത പാവമാണെന്ന് തോന്നുന്നു. ഇവനെ വിട്ടേക്ക്'- പൊലിസ് മേധാവി സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.
താന്‍ തേടി നടന്നത് തന്റെ കാല്‍ച്ചുവട്ടില്‍ തന്നെ ഉണ്ടായിരുന്നു എന്ന തിരിച്ചറിവില്‍ യുവാവ് പിറ്റേന്നു തന്നെ സ്വദേശത്തേക്കു മടങ്ങി. പലപ്പോഴും നാം പുറത്തന്വേഷിക്കുന്നത് അകത്തു തന്നെ ഉണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."