ഈ സാക്ഷി നമ്മുടെ പൊന്നാണ്
വനിതാ ഗുസ്തിയില്‍ നമ്മുടെ സാക്ഷി മാലിക്കിന് ലഭിച്ച വെങ്കല മെഡല്‍ എന്തുകൊണ്ടും സ്വര്‍ണത്തേക്കാള്‍ തിളക്കമുള്ളതാണ്. അപ്രതീക്ഷിതമായിരുന്നു സാക്ഷിയുടെ മെഡല്‍ നേട്ടം. മത്സരത്തില്‍ ഏറെ നേരം പിന്നില്‍ നിന്നിട്ടും ശക്തമായ രീതിയില്‍ തിരിച്ചുവരാന്‍ സാക്ഷിക്കായി.
മെഡല്‍ നേട്ടത്തിന്റെ ആഘോഷത്തിലായിരുന്നു ഇന്ത്യന്‍ ക്യാംപ് ഇന്നലെ. നാട്ടില്‍ നിന്നു സുഹൃത്തുക്കളും കായിക പ്രേമികളും വിളിച്ച് സന്തോഷം പങ്കിട്ടിരുന്നു. ഇന്ത്യന്‍ ജനതയുടെ പ്രാര്‍ഥനക്ക് ഫലമുണ്ടായിരിക്കുന്നു. പരുക്കേറ്റതിനെ തുടര്‍ന്ന് ദീപാ ഫൊഗട്ടിന് പരാജയപ്പെടേണ്ടി വന്നു. അല്ലെങ്കില്‍ നമുക്ക് ഒരു മെഡല്‍ കൂടി ലഭിക്കുമായിരുന്നു.
ബാഡ്മിന്റണില്‍ സിന്ധുവിലൂടെ ഇന്ത്യക്ക് ഒരു മെഡല്‍ കൂടി നേടാനാകുമെന്നത് സന്തോഷം തരുന്നു. റാങ്കിങ്ങില്‍ തന്നെക്കാള്‍ മുകളിലുള്ള താരങ്ങളെ പരാജയപ്പെടുത്തിയതിലൂടെ മികച്ച ഫോമിലാണ് സിന്ധു ഇപ്പോള്‍. എന്തായാലും ഫൈനലിലും മികച്ച പ്രകടനം കാഴ്ചവൈക്കാനാകുമെന്ന് പരിശീലകരും സിന്ധുവും പറയുന്നു.
800 മീറ്റര്‍ ഹീറ്റ്‌സില്‍ ടിന്റു മികച്ച പ്രകടനം പുറത്തെടുത്തു. ടിന്റുവിന്റെ സീസണിലെ മികച്ച സമയമാണിത്. പക്ഷെ ആദ്യം ഊര്‍ജം നഷ്ടപ്പെടുത്തി ഓടിയ ടിന്റുവിന് ലാപ് തീരുന്നത് വരെ പ്രകടനം നിലനിര്‍ത്താനായില്ല. മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന വനിത ഗുസ്തി താരം ബബിത പ്രീ ക്വാര്‍ട്ടറില്‍ തോറ്റതും ഇന്ത്യക്ക് തിരിച്ചടിയായി. ദീപക്കും ജിത്തു റായിക്കും ഖേല്‍ രത്‌ന ശുപാര്‍ശയുണ്ടെന്നറിഞ്ഞു.
താരങ്ങള്‍ക്ക് അര്‍ഹിച്ച അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. അധികൃതരുടെ ഇത്തരത്തിലുള്ള പ്രോത്സാഹനമാണ് കായിക താരങ്ങള്‍ക്ക് കരുത്താകുന്നത്. ദീപക്ക് ഖേല്‍രത്‌ന ശുപാര്‍ശ ലഭിച്ച സന്തോഷത്തിലാണ് ഇന്ത്യന്‍ ക്യാംപ്.
ഒളിംപിക്‌സ് തുടങ്ങും മുന്‍പുള്ള കണക്കെടുപ്പില്‍ സാക്ഷി മാലിക്കെന്ന പേര് ആരും ഉള്‍പ്പെടുത്തിയിരുന്നില്ല. സൈന നേഹ്‌വാള്‍, സാനിയ മിര്‍സ, അഭിനവ് ബിന്ദ്ര, ഗഗന്‍ നരംഗ്, ദീപിക കുമാരി അങ്ങനെ നിറയെ പേരുകളായിരുന്നു മെഡല്‍ സാധ്യതകളുടെ മുന്‍പന്തിയില്‍ ഇടം പിടിച്ചത്. എന്നാല്‍ കഴിഞ്ഞ 13 ദിവസത്തിനിടെ സാധ്യതാ പട്ടികയിലുണ്ടായിരുന്ന ഒരു താരങ്ങളും മെഡലുമായി തല ഉയര്‍ത്തിപ്പിടിച്ച് നിന്നില്ല. ഒടുവില്‍ ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ മെഡല്‍ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കി സാക്ഷിയെന്ന പെണ്‍കുട്ടി അഭിമാനമായി റിയോയിലെ പോഡിയത്തില്‍ തിളങ്ങുന്നു. സാക്ഷി ഗുസ്തി പിടിച്ചു നേടിയ വെങ്കലത്തിനു സുവര്‍ണ ചാരുത.
കരുത്തും നിശ്ചയദാര്‍ഢ്യവും പ്രതിസന്ധികളെ തളരാതെ നേരിടാനുള്ള കരുത്തും ആവോളം ചേര്‍ത്താണ് സാക്ഷി മെഡലിനു സാക്ഷിയായത്. ഒറ്റ ദിവസം അഞ്ചു മത്സരങ്ങള്‍ കളിച്ചാണ് വനിതകളുടെ 58 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ പൊരുതി നേടിയ വെങ്കലവുമായി സാക്ഷി മാലിക്ക് റിയോയിലെ ഇന്ത്യയുടെ അഭിമാന പുത്രിയായത്.
നേരത്തെ ക്വാര്‍ട്ടറില്‍ തോറ്റിരുന്ന സാക്ഷി റെപഷാഗെ റൗണ്ടില്‍ മംഗോളിയയുടെ ഒര്‍ക്കോണ്‍ പ്യൂറെവദോര്‍ജിനെ 12-3ന് പരാജയപ്പെടുത്തിയാണ് വെങ്കല പോരാട്ടത്തിനു യോഗ്യത നേടിയത്. വെങ്കല പോരാട്ടത്തില്‍ കിര്‍ഗിസ്ഥാന്റെ ഐസുലു ടൈനിബെക്കോവയെയാണ് സാക്ഷി പരാജയപ്പെടുത്തിയത്. സ്‌കോര്‍ 8-5.
ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരം എന്ന ബഹുമതിയും നേട്ടത്തിലൂടെ സാക്ഷി സ്വന്തമാക്കി. കര്‍ണം മല്ലേശ്വരി, മേരി കോം, സൈന നേഹ്‌വാള്‍ എന്നിവര്‍ക്ക് ശേഷം ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന വനിതാ താരം കൂടിയാണ് സാക്ഷി. ക്വാര്‍ട്ടറില്‍ റഷ്യയുടെ വലേരിയ കോബ്ലോവയോട് സാക്ഷി പരാജയപ്പെട്ടെങ്കിലും കോബ്ലോവ ഫൈനലില്‍ കടന്നതോടെ സാക്ഷിക്ക് റെപഷാഗെയില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു.
ക്വാര്‍ട്ടറില്‍ തോല്‍ക്കുന്ന താരങ്ങള്‍ക്ക് അവരെ തോല്‍പ്പിച്ച താരങ്ങള്‍ ഫൈനലിലേക്ക് മുന്നേറിയാല്‍ മത്സരിക്കാമെന്നതാണ് റെപഷാഗെ നിയമം. റെപഷാഗെയില്‍ രണ്ടു മത്സരങ്ങളുണ്ടാകും ഇതില്‍ ജയിക്കുന്ന രണ്ടു പേര്‍ സെമിയില്‍ തോറ്റ രണ്ടു താരങ്ങളുമായി വെങ്കല മെഡല്‍ പോരാട്ടത്തില്‍ മത്സരിക്കാം. നേരത്തെ 2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ സുശീല്‍ കുമാറും 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ യോഗേശ്വര്‍ ദത്തും റെപഷാഗെയിലാണ് വെങ്കലം സ്വന്തമാക്കിയത്.
വെങ്കലത്തിനായുള്ള മത്സരത്തില്‍ സാക്ഷി പിന്നില്‍ നിന്നു തിരിച്ചടിച്ചാണ് മത്സരം സ്വന്തമാക്കിയത്. കിര്‍ഗിസ്ഥാന്‍ താരമാണ് തുടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയത്. താളം കണ്ടെത്താന്‍ സാക്ഷിക്ക് സാധിച്ചില്ല. ടൈനിബെക്കോവ വേഗമേറിയ നീക്കങ്ങളുമായി കളം നിറഞ്ഞു. തുടര്‍ച്ചയായി മത്സരങ്ങള്‍ കളിച്ചെത്തിയതിന്റെ ക്ഷീണവുമുണ്ടായിരുന്നു സാക്ഷിക്ക്. 5-0ന് ലീഡെടുത്ത ടൈനിബെക്കോവ മത്സരം സ്വന്തമാക്കുമെന്ന് ഉറപ്പിച്ചിരിക്കെയാണ് സാക്ഷി മത്സരത്തിലേക്ക് തിരിച്ചുവന്നത്. അമ്പരപ്പിക്കുന്ന വേഗതയില്‍ മത്സരത്തിലേക്ക് തിരിച്ചെത്തിയ സാക്ഷി മികച്ച പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ച നീക്കത്തിലൂടെ കിര്‍ഗിസ്ഥാന്‍ താരത്തെ വീഴ്ത്തി 4-5 എന്ന നിലയില്‍ സ്‌കോറെത്തിച്ചു. ഇതോടെ സമ്മര്‍ദത്തിലായ ടൈനിബെക്കോവയ്ക്ക് യാതൊരവസരവും നല്‍കാതെ പിന്നീടുള്ള പോയിന്റുകള്‍ സാക്ഷി സ്വന്തമാക്കുകയായിരുന്നു.
നേരത്തെ റെപഷാഗെ റൗണ്ടില്‍ അനായാസമായിരുന്നു സാക്ഷിയുടെ ജയം. ആദ്യ പാദത്തില്‍ 2-2ന് ഇരു താരങ്ങളും സമനില പാലിച്ചെങ്കിലും രണ്ടാം പാദത്തില്‍ ആക്രമിച്ചു കളിച്ച സാക്ഷി അനായാസ ജയം നേടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."