കനോലി കനാല്‍ വികസനത്തിന് 1118 കോടി രൂപയുടെ പദ്ധതി; രാജ്ഭവനില്‍ ഫോട്ടോഗ്രാഫര്‍ തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനം
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ കനോലി കനാല്‍ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് 1118 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം. കിഫ്ബി ധനസഹായത്തോടെ തുക ലഭ്യമാക്കി പദ്ധതി നടപ്പാക്കും.
ചരക്കു ഗതാഗതം, കോഴിക്കോട് പട്ടണത്തിലെ വെള്ളപ്പൊക്ക നിയന്ത്രണം, ടൂറിസം, എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പരിസ്ഥിതി, സൗഹൃദ കനാല്‍ വികസനമാണ് നടപ്പാക്കുക. കനാലിന്റെ വീതി ആഴം എന്നിവ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കും.
മലിനീകരണം ഒഴിവാക്കുന്നതിന് ഇന്റര്‍സെപ്റ്റ് സ്വീവറുകളും ട്രിറ്റ്‌മെന്റ് സിസ്റ്റവും സ്ഥാപിക്കും. കനാല്‍ തീരങ്ങളുടെ സൗന്ദര്യ വല്‍ക്കരണവും നടത്തും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കോഴിക്കോടിനെ കനാല്‍ സിറ്റി എന്ന് വശേഷിപ്പിക്കാവുന്ന തരത്തില്‍ കനോലി കനാല്‍ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മന്ത്രിസഭ യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍
തസ്തികകള്‍ അപ്‌ഗ്രേഡ് ചെയ്യും
പോലീസ് വകുപ്പിലെ മുന്ന് ആര്‍മെറര്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികകള്‍ ആര്‍മെറര്‍ ഹവില്‍ദാര്‍ തസ്തികകളാക്കി അപ്‌ഗ്രേഡ് ചെയ്യാന്‍ തീരുമാനിച്ചു. ഇവരെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ നിയമിക്കുന്നതിനും അനുമതി നല്‍കി.
രാജ്ഭവനില്‍ ഫോട്ടോഗ്രാഫര്‍ തസ്തിക
കേരള രാജ്ഭവനില്‍ ഗവര്‍ണറുടെ സെക്രട്ടറിയേറ്റില്‍ ഫോട്ടോഗ്രാഫറുടെ തസ്തിക സൃഷ്ടിക്കും. നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന പി ദിലീപ് കുമാറിനെ ?ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരം സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.
കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) സമിതി പുനഃസംഘടിപ്പിക്കും
കേരള ആന്റിസോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് (കാപ്പ) പ്രകാരമുള്ള ഉപദേശക സമിതി പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഹൈക്കോടതി മുന്‍ ജഡജ് ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ ചെയര്‍മാനാകും. അംഗങ്ങള്‍: റിട്ട. ജില്ലാ ജഡ്ജ് മുഹമ്മദ് വസീം, അഡ്വ. പി എന്‍ സുകുമാരന്‍.
ധനസഹായം
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡില്‍ സള്‍ഫര്‍ ഫീഡിങ്ങ് പ്രവര്‍ത്തി ചെയ്യുന്നതിനിടെ അപകടത്തില്‍ മരിച്ച കരാര്‍ ജീവനക്കാരനായ രഞ്ജിത്തിന്റെ ആശ്രിതര്‍ക്ക് സഹായം നല്‍കും. ഒറ്റത്തവണ ധനസഹായമായി കമ്പനി ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കും.
ശമ്പള പരിഷ്‌ക്കരണം
കേരള സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ എന്റര്‍പ്രൈസസിലെ ജീവനക്കാരുടെ ഒന്‍പതാമത്തെയും പത്താമത്തെയും ശമ്പള പരിഷ്‌ക്കരണങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു.
പുനര്‍നാമകരണം
പൊതുവിതരണ വകുപ്പിന്റെ പേര് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എന്ന് പുനര്‍നാമകരണം ചെയ്യും. പൊതുവിതരണ ഡയറക്ടര്‍, പൊതുവിതരണ കമ്മീഷണര്‍ എന്നീ തസ്തികകള്‍ സംയോജിപ്പിച്ച് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ എന്ന പേര് നല്‍കും.
കാലാവധി നീട്ടിനല്‍കി
സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നോക്കാവസ്ഥയും ക്ഷേമവുമായി ബന്ധപ്പെട്ട പരിഗണനാ വിഷയങ്ങളില്‍ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച ജിസ്റ്റിസ് ജെ ബി കോശി കമ്മീഷന് 2023 ഫെബ്രുവരി 23 വരെ കാലാവധി നീട്ടി നല്‍കാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."