പുതുച്ചേരിയില്‍ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ലഫ്. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കിരണ്‍ ബേദിയെ മാറ്റി
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പുതുച്ചേരിയില്‍ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ചിച്ചു. രാജിവെച്ച എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ മുഖ്യമന്ത്രി നാരായണസ്വാമി അഭ്യൂഹങ്ങള്‍ക്കിടെ വിശ്വാസവോട്ടെടുപ്പിന് തയാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാജിവെക്കില്ലെന്നും വിശ്വാസവോട്ടെടുപ്പിലൂടെ കേവല ഭൂരിപക്ഷം ഉറപ്പാക്കുമെന്നും നാരായണസ്വാമി പ്രതികരിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം കണക്കിലെടുത്താണ് വിശ്വാസ വോട്ടെടുപ്പ് എന്ന തീരുമാനമെന്നാണ് വിവരം.
അതിനിടെ പുതുച്ചേരി ലഫ്. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കിരണ്‍ ബേദിയെ മാറ്റി. തെലങ്കാന ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന് പുതുച്ചേരിയുടെ അധിക ചുമതല നല്‍കി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തത്.
നേരത്തെ നാല് എം.എല്‍.എമാരുടെ രാജിയും ഇതില്‍ രണ്ട് പേര്‍ ബി.ജെ.പിയിലേക്കെന്ന പ്രഖ്യാനവും വന്നതോടെ അദ്ദേഹം രാജിവെച്ചേക്കുമെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. എ നമശിവായം, ഇ തീപ്പായ്ന്താന്‍, മല്ലാടി കൃഷ്ണ റാവു, ജോണ്‍ കുമാര്‍ എന്നീ നാല് എം.എല്‍.എമാരാണ് കഴിഞ്ഞ നാല് ദിവസത്തിനിടെ രാജിവെച്ചത്.
ബിജെപി ഉയര്‍ത്തിയ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചായിരുന്നു നേരത്തെ കോണ്‍ഗ്രസ്-ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലേറിയത്. എംഎല്‍എ മാരുടെ രാജി പ്രഖ്യാപനത്തോടെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും അംഗസംഖ്യ 14 ആയി. നിലവില്‍ 10 എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. സീറ്റുവിഭജനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് രാജിയിലേക്കെത്തിയത്. സീറ്റിന്റെ പേരില്‍ എംഎല്‍എമാര്‍ മുഖ്യമന്ത്രിയോട് ഇടഞ്ഞിരുന്നുവെന്ന വിവരവും പുറത്ത് വരുന്നുണ്ട്. രാഹുല്‍ ഗാന്ധി നാളെ പുതുച്ചേരിയില്‍ എത്താനിരിക്കെയാണ് രാജിയെന്നതും ശ്രദ്ധേയമാണ്. ഇതിനിടെയാണ് ലഫ്. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കിരണ്‍ ബേദിയെക്കൂടി മാറ്റിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."