പശു ഒരു സാധു മൃഗം, പക്ഷേ...
പശു ഒരു സാധു മൃഗമാണ്. ഭാരതീയ വേദേതിഹാസങ്ങളില്‍ പശു മാതാവാണ്, പൂജ്യയാണ്, വിശുദ്ധിയുടെ പ്രതീകമാണ്. അതുകൊണ്ടുതന്നെ ഗോവധം ഇന്ത്യയുടെ ചരിത്രത്തിലും രാജ്യതന്ത്രത്തിലും തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ്. പശുവിന്റെ പേരില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു, ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്ക് ഇരയായി, ഈ സാധു മൃഗം തേറ്റ പുറത്തുകാട്ടി കത്തുന്ന കണ്ണുകളോടെ നമ്മുടെ പൊതുജീവിതത്തിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ ഭീഷണമായ നോട്ടവുമായി ഇപ്പോഴും നില്‍ക്കുന്നുണ്ട്. ഏത് നിമിഷവും പശു വന്യമായ മുരള്‍ച്ചയോടെ നമ്മുടെ നാടിന്റെ മതേതര മൂല്യങ്ങളുടെ നേരെ ചാടി വീഴാം. അല്ല സമകാലിക ഇന്ത്യയില്‍ പശു ഒരു സാധു മൃഗമല്ല, അത് ഹിംസയുടെ പ്രതീകമാണ്.
പശുവിനെ വെറുമൊരു മൃഗം എന്ന അവസ്ഥയില്‍നിന്ന് ആസുരതയുടെ ബിംബമാക്കി മാറ്റാനുള്ള തീവ്രഹിന്ദുത്വത്തിന്റെ ശ്രമങ്ങളെ ഇന്ത്യയിലെ മതേതര പുരോഗമന ശക്തികള്‍ എല്ലാ കാലത്തും എതിര്‍ത്തുപോന്നിട്ടുണ്ട്. പക്ഷേ ഈ ശ്രമങ്ങള്‍ കൊണ്ടൊന്നും യാതൊരു ഫലവുമുണ്ടാവുന്നില്ല എന്നതാണ് കഷ്ടം. രാജ്യം ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ തികച്ചും പരിഹാസ്യമായ തരത്തില്‍ പശുവിനെ പൊതുജീവിതത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ മാസം അവസാനം നടക്കുന്ന പശു പരീക്ഷ. സര്‍വകലാശാലകളിലും സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ കേന്ദ്ര സര്‍ക്കാരിന്റെ പശു പരീക്ഷ എഴുതി ജയിക്കണമെന്നാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെ താല്‍പര്യം. ഈ പരീക്ഷയെഴുതുന്ന കാര്യത്തില്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കണമെന്നാണ് യു.ജി.സി വൈസ് ചാന്‍സലര്‍മാര്‍ക്കയച്ച കത്തില്‍ പറയുന്നത്. പശുവിനെക്കുറിച്ചുള്ള ഈ പരീക്ഷ ജയിച്ചാല്‍ സമ്മാനം കിട്ടും, വേറെയും നേട്ടങ്ങളുണ്ട്. അതിനാല്‍ ഫെബ്രുവരി 25നു നടക്കുന്ന പരീക്ഷയ്ക്ക് വിദ്യാര്‍ഥികള്‍ അഹമഹമികയാതള്ളിക്കയറും. അതാണ് കേന്ദ്ര സര്‍ക്കാരിന്റേയും പരീക്ഷ നടത്തുന്ന രാഷ്ട്രീയ കാമധേനു ആയോഗിന്റേയും കണക്കുകൂട്ടല്‍.
മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് രാഷ്ട്രീയ കാമധേനു ആയോഗ് അഥവാ ആര്‍.എ.കെ. നാടന്‍ പശുക്കളുടെ മേന്മ ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ആര്‍.എ.കെ ഈ പരീക്ഷ നടത്തുന്നത്. ആധുനികശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നാട്ടറിവുകളും കൃഷിയിലും കൈത്തൊഴിലുകളിലും മറ്റുമുള്ള ജൈവരീതികളും തിരോഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെയൊരു അവബോധമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ഗുണകരമാണ്. എന്നാല്‍ അതിന്റെ മറവില്‍ ചില രാഷ്ട്രീയലക്ഷ്യങ്ങള്‍ ഒളിച്ചുകടത്തുന്നുണ്ടോ എന്നാണ് സംശയിക്കേണ്ടത്. മന്ത്രാലയം ഈ പരീക്ഷയോടു ബന്ധിച്ചു പുറത്തിറക്കിയ രേഖയില്‍ പറയുന്നത് നാടന്‍ പശുവിന്റെ സാമ്പത്തികവും ശാസ്ത്രീയവും പാരിസ്ഥിതികവും ആരോഗ്യപരവും കാര്‍ഷികവും ഒപ്പം ആത്മീയവുമായ പ്രസക്തിയെപ്പറ്റിയുള്ള അറിവുകള്‍ പകര്‍ന്നുകൊടുക്കാനാണ് പരീക്ഷ എന്നാണ്. മറ്റെല്ലാ മണ്ഡലങ്ങളിലും നാടന്‍ പശുവിനുള്ള പ്രസക്തി നമുക്ക് മനസ്സിലാക്കാം. പക്ഷേ ആത്മീയം? അവിടെയാണ് നാട്ടറിവല്ല പ്രധാനം പശുവുമായി ബന്ധപ്പെട്ട രാഷ്ട്രീയത്തിലാണ് ഊന്നല്‍ എന്ന് വ്യക്തമാവുക.
മറ്റൊരു സംഗതി കൂടി. ഈ പരീക്ഷ ജനുവരിയില്‍ നടത്താനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്. ആ സമയത്ത് പുറത്തിറക്കിയ പഠന സാമഗ്രികളുടെ കൂട്ടത്തില്‍ പശുവിനെക്കുറിച്ച് താഴെ കൊടുത്ത വിവരണവും ഉള്‍പ്പെടുത്തിയിരുന്നു. എന്തൊക്കെയാണെന്നോ അതില്‍ പറഞ്ഞ പശുവിശേഷങ്ങള്‍, ചാണകം അണുപ്രസരണത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നു, ഭോപ്പാല്‍ വാതകദുരന്തത്തിന്റെ വിഷമതകളില്‍ നിന്ന് ജനങ്ങളെ വിമുക്തമാക്കിയത് ചാണകമാണ്, ഗോവധം നടക്കുന്നത് കൊണ്ടാണ് ഭൂകമ്പങ്ങളുണ്ടാവുന്നത് എന്നൊക്കെയുള്ള അപൂര്‍വ വിവരങ്ങള്‍. ഇതൊക്കെ വായിച്ചു പഠിച്ചു വേണം ശാസ്ത്രവും ചരിത്രവും മറ്റും പഠിക്കുന്ന നമ്മുടെ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ പശു പരീക്ഷയെഴുതാന്‍. പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ യു.ജി.സിക്ക് കാര്യബോധമുണ്ടായി. അമ്പത്തിനാലു പേജുള്ള സ്റ്റഡി മെറ്റീരിയലില്‍ നിന്ന് ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ പലതും നീക്കി. ഇപ്പോഴും അവിശ്വസനീയമായ പശു മഹാത്മ്യങ്ങളാണ് ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റു ഏഴു പ്രാദേശിക ഭാഷകളിലും ലഭ്യമായ പഠനക്കുറിപ്പുകളിലുള്ളത്. പശുവിനെ മേന്മയുടെ ഔന്നത്യങ്ങളിലേക്കുയര്‍ത്തുന്നു.'പശുവിന്റെ ശരീരത്തില്‍ ദൈവികതയുണ്ട്, അത് വിശുദ്ധിയുടെ പ്രതീകമാണ്, യാഥാര്‍ഥ്യത്തിന്റെയും അസ്തിത്വത്തിന്റെയും പ്രതിരൂപമാണ്, അതിന്റെ മുഖത്ത് നിഷ്‌ക്കളങ്കതയും കണ്ണുകളില്‍ സമാധാനവും കൊമ്പുകളില്‍ രാജകീയതയും കാതുകളില്‍ ബുദ്ധിശക്തിയുമാണ് പ്രതിഫലിക്കുന്നത്'. ഇതൊക്കെ പഠിച്ചു വേണം യു.ജി.സി നടത്തുന്ന പശു മഹാത്മ്യപ്പരീക്ഷയെഴുതാന്‍. ഇത് കാണുമ്പോഴാണ് പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതി പ്രകാരമുള്ള സിലബസിനെക്കുറിച്ചുള്ള ആശങ്കകള്‍ പ്രബലമാവുന്നത്. മൂന്നു വയസു മുതല്‍ പ്രീ - കെ.ജി ക്ലാസുകളില്‍ കുഞ്ഞുങ്ങളെ ചേര്‍ത്തണമെന്നും അവര്‍ ഇന്ത്യയുടെ ചരിത്രത്തെയും സംസ്‌ക്കാരത്തെയും കുറിച്ചു പഠിക്കണമെന്നും മറ്റുമാണ് നിര്‍ദേശം. നമ്മുടെ കുഞ്ഞുങ്ങള്‍ എന്തായിരിക്കും പഠിക്കുക എന്നു കണ്ടുതന്നെ അറിയണം.
ബി.ജെ.പിയുടെ രണ്ടാമൂഴത്തില്‍ ഇന്ത്യ എത്രത്തോളം പിന്നോട്ടു നടക്കുന്നു എന്നതിന്റെ തെളിവുകളാണിവ. ഇപ്പറയുന്നതിന്റെ അര്‍ഥം നമ്മുടെ മത, സാംസ്‌കാരിക പാരമ്പര്യങ്ങളും വേദഗ്രന്ഥങ്ങളിലെ അറിവുകളും അപ്രസക്തമാണെന്നല്ല, ആധുനികശാസ്ത്രത്തിന്റെ യുക്തിയിലൂടെ നോക്കി പഴയതിനെയെല്ലാം തള്ളണമെന്നുമല്ല. ആധുനിക വൈദ്യശാസ്ത്രമേയുള്ളൂ സത്യം, ആധുനിക സാങ്കേതികവിദ്യ മാത്രമാണ് പ്രായോഗികം എന്നുമല്ല. പക്ഷേ തീര്‍ത്തും അസംബന്ധമെന്ന് പറയാവുന്ന പ്രാകൃതത്വങ്ങള്‍ക്ക് ആധുനികകാലത്ത് പ്രസക്തിയുണ്ടെന്ന് സ്ഥാപിക്കരുത്. ചില ബി.ജെ.പി നേതാക്കള്‍ അപഹാസ്യമാംവണ്ണം ഇത്തരം സമീപനങ്ങള്‍ കൈക്കൊണ്ടതിന്റെ ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പില്‍ ധാരാളമുണ്ട്. ചാണകത്തില്‍ നിന്നു കൊവിഡ് വാക്‌സിന്‍ നിര്‍മിക്കാമെന്നും മറ്റും ചിലര്‍ പറയുകയുണ്ടായി. ആധുനിക ചിന്തകളുമായി ഒരു നിലക്കും പൊരുത്തപ്പെടാത്ത ഇത്തരം 'യുക്തികളെ' നാടിന്റെ പാരമ്പര്യവുമായി ചേര്‍ത്തുവച്ച് ന്യായീകരിച്ചു കൂടാ. പശു പരീക്ഷയില്‍ അടങ്ങിയ അസംബന്ധങ്ങള്‍ വിമര്‍ശിക്കപ്പെടുന്നത് ഈ അര്‍ഥത്തിലാണ്. അതൊരിക്കലും പാരമ്പര്യ നിഷേധമല്ല, വരട്ടു യുക്തിവാദവുമല്ല.
ഇന്ത്യക്ക് സമ്പന്നമായ ചരിത്രവും സാംസ്‌കാരിക പാരമ്പര്യവുമുണ്ട്. അതിന്റെ ഈടുവയ്പ്പുകളെക്കുറിച്ച് നമുക്ക് അഭിമാനിക്കാവുന്നതുമാണ്. പക്ഷേ നാം സഞ്ചരിച്ച വഴികളില്‍ കൈവരിച്ച നേട്ടങ്ങളെയും നമ്മുടെ സാംസ്‌കാരിക സമ്പത്തിനെയും നിരാകരിക്കുന്ന തരത്തിലാവരുത് ഈ അഭിമാനവും അതേച്ചൊല്ലിയുള്ള അവകാശവാദങ്ങളും. ഇപ്പോള്‍ ഞാനോര്‍ക്കുന്നത് ഖുഷ്വന്ത് സിങ്ങിന്റെ ഒരു കഥയാണ്, കഥയില്‍ ഒരു സ്വാമിയും മൗലവിയും തമ്മിലുള്ള തര്‍ക്കത്തെപ്പറ്റി പ്രതിപാദിക്കുന്നു. സ്വന്തം മതമാണ് കേമം എന്ന് സമര്‍ഥിക്കാനാണ് ഇരുവരുടേയും ശ്രമം. ആര്‍ഷപ്രോക്ത ധാര്‍മ്മിക മൂല്യങ്ങളുടെ നാടായ ഇന്ത്യയില്‍ സകലതുമുണ്ടായിരുന്നുവെന്ന് സ്വാമി. ആകാശയാത്രയ്ക്ക് പുഷ്പകവിമാനം, മിസൈല്‍ ടെക്‌നോളജിക്ക് ആഗ്‌നേയാസ്ത്രം. ഇങ്ങനെ പോയി സ്വാമിയുടെ വാദങ്ങള്‍. കമ്പിത്തപാല്‍ ഇന്ത്യയിലുണ്ടായിരുന്നു എന്നതിനും സ്വാമി തെളിവു ഹാജരാക്കി. ഒരിടത്ത് ഖനനം ചെയ്തപ്പോള്‍ കമ്പി കിട്ടിയത് തന്നെ തെളിവ്. വേറെയൊരിടത്ത് കുഴിച്ചപ്പോള്‍ കമ്പി കിട്ടിയില്ല. കമ്പിയില്ലാക്കമ്പിയുമുണ്ടായിരുന്നു എന്നതിന് അതില്‍പ്പരം മറ്റെന്തു തെളിവു വേണം. കാമധേനു ദേശീയ ഗോക്കളെപ്പറ്റിയുള്ള യു.ജി.സി പഠനക്കുറിപ്പിലെ പശു മാഹാത്മ്യവും കമ്പിയില്ലാക്കമ്പിയുടെ കഥയും ഒരേ പോലെ. അതെ, പശു ഒരു സാധു മൃഗമാണ്. ചിലപ്പോള്‍ മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."