ഹൈഡൽ ടൂറിസം ഭൂമി കൈമാറ്റം ; സർവേ സംഘത്തെ എം.എം മണിയുടെ മരുമകന്റെ നേതൃത്വത്തിൽ തടഞ്ഞു
തൊടുപുഴ
പൊന്മുടിയിൽ കെ.എസ്.ഇ.ബി അനധികൃതമായി പാട്ടത്തിന് നൽകിയ റവന്യൂ ഭൂമിയിൽ ജില്ലാ കലക്ടറുടെ നിർദേശപ്രകാരം പരിശോധനയ്‌ക്കെത്തിയ സർവേസംഘത്തെ തടഞ്ഞു. മുൻ മന്ത്രി എം.എം മണിയുടെ മരുമകനും രാജാക്കാട് സഹ. സംഘം പ്രസിഡന്റുമായ വി.എ കുഞ്ഞുമോന്റെ നേതൃത്വത്തിലാണ് തടഞ്ഞത്. വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പരിശോധന നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥരെ തടഞ്ഞ് മടക്കിയയച്ചത്.
പൊന്മുടി ഡാമിനോട് ചേർന്നുള്ള 76 ഏക്കറിൽ 21 ഏക്കർ ഭൂമിയാണ് ഹൈഡൽ ടൂറിസത്തിനായി രാജാക്കാട് സർവിസ് സഹകരണ സംഘത്തിന് എം.എം മണി മന്ത്രിയായിരിക്കെ പാട്ടത്തിന് നൽകിയത്. ഹെഡ് സർവേയർ പി.എസ് ജയചന്ദ്രൻ നായർ, സർവേയർമാരായ സുരേഷ്, അജിത്ത്, രാജാക്കാട് വില്ലേജ് ഓഫിസർ കെ.ബി സുരേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പരിശോധനയ്ക്കെത്തിയത്.
ഈ സ്ഥലം റവന്യൂ പുറമ്പോക്കാണെന്ന് വ്യക്തമാക്കി ഉടുമ്പൻചോല തഹസിൽദാർ 2019ൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ തുടർപരിശോധന നടത്തണമെന്ന് കാട്ടി അന്നത്തെ ജില്ലാ കലക്ടർ എച്ച്. ദിനേശൻ സർക്കാരിന് റിപ്പോർട്ട് നൽകിയെങ്കിലും ഇത് പൂഴ്ത്തുകയായിരുന്നു. വൈദ്യുതി ബോർഡ് ചെയർമാന്റെ വെളിപ്പെടുത്തലോടെ വിഷയം വീണ്ടും സജീവമാകുകയായിരുന്നു. സ്ഥലത്ത് വലിയ തോതിൽ ഏലം കൃഷിയും നടത്തിയിട്ടുണ്ട്. അതേസമയം, ഈ ഭൂമി തങ്ങളുടെ കൈവശമാണെന്ന് തെളിയിക്കാൻ കെ.എസ്.ഇ.ബിയുടെ പക്കൽ രേഖകളില്ല.
ഇതിന്റെ യഥാർഥ സ്‌കെച്ചും പ്ലാനും ഇതുവരെ കണ്ടെത്താനുമായിട്ടില്ല. എങ്കിലും പ്രദേശത്ത് ഇതര ഭൂമിയില്ലാത്തതിനാൽ ഇത് അളന്ന് തിരിച്ചാൽ കെ.എസ്.ഇ.ബിക്ക് കരാറടക്കം റദ്ദാക്കേണ്ടി വരും.അതേസമയം, കെ.എസ്.ഇ.ബി ഡാം സേഫ്റ്റി അധികൃതരെ നിയമപ്രകാരം വിവരം അറിയിച്ച ശേഷം പരിശോധനയുമായി മുന്നോട്ടുപോകുമെന്ന് ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യൻ പറഞ്ഞു.
സ്ഥലം അളന്ന് തിട്ടപ്പെടുത്തി കൈമാറാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതിനായി പ്രത്യേകം സംഘത്തിന് ചുമതല കൈമാറിയിട്ടുണ്ട്. ആവശ്യമെങ്കിൽ പൊലിസിന്റെ സഹായവും തേടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."