ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് വിവാഹം; വധു ഡോക്ടർ
കണ്ണൂർ
ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ മുഹമ്മദ് ഷാഫിക്കും കിർമാണി മനോജിനും പിന്നാലെ കണ്ണൂരിൽ മറ്റൊരു കൊലക്കേസ് പ്രതി ക്കുകൂടി വിവാഹം. എടയന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബ് വധക്കേസിലെ മുഖ്യപ്രതിയും സി.പി.എമ്മിന്റെ മുൻ സൈബർ പോരാളിയുമായ ആകാശ് തില്ലങ്കേരിയാണ് വിവാഹിതനാകുന്നത്.
കൂത്തുപറമ്പ് സ്വദേശിനിയായ ഡോക്ടറാണ് വധു. ഫേസ്ബുക്ക് വഴിയുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തുന്നത്. മെയ് മാസത്തിൽ ഇരുവരും വിവാഹിതരാകുമെന്നാണ് വിവരം. ശുഹൈബ് വധക്കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ വിചാരണാ തടവുകാരനാണ് ആകാശ് തില്ലങ്കേരി. നേരത്തെ ആകാശ് തില്ലങ്കേരിക്കും ജയിൽ അധികൃതർക്കുമെതിരേ ആരോപണങ്ങളുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രംഗത്തുവന്നിരുന്നു. തടവിൽ കഴിയുന്ന ആകാശ് തില്ലങ്കേരിയെ കാണാൻ കൂത്തുപറമ്പ് സ്വദേശിനിയായ യുവതിക്ക് ചട്ടം ലംഘിച്ച് സമയം അനുവദിച്ചെന്നായിരുന്നു സുധാകരന്റെ ആരോപണം. സ്വകാര്യ സംഭാഷണത്തിനും സൗകര്യമൊരുക്കി. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജയിൽ ഡി.ജി.പിക്ക് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല.
ഈ യുവതി തന്നെയാണ് ആകാശിന്റെ ജീവിതപങ്കാളിയാകുന്നത്. നേരത്തെ ടി.പി കേസിലെ മുഖ്യപ്രതി കൊടി സുനി വിവാഹിതനാകുന്നെന്ന വാർത്തയും പുറത്തുവന്നിരുന്നു. 2016ൽ തില്ലങ്കേരിയിൽ ആർ.എസ്.എസ് പ്രവർത്തകൻ മാവില വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ് ആകാശ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."