യുസ്‌റ മാര്‍ദിനി ദ റിയല്‍ ബട്ടര്‍ഫ്‌ളൈ
ജനിച്ചത് സിറിയയില്‍. ഇപ്പോള്‍ താമസം ജര്‍മനിയില്‍. ഒളിംപിക്‌സില്‍ മാറ്റുരച്ച നീന്തല്‍ താരം. കലാപങ്ങളുടെ വെടിയൊച്ചകളില്‍ നിന്ന് ജീവിതത്തിലേക്ക് നീന്തിക്കയറിയതാണ് യുസ്‌റയുടെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോന്‍സ്. അതിനു മുന്‍പ് 2012ല്‍ ഫിന വേള്‍ഡ് സ്വിമ്മിങ് ചാംപ്യന്‍ഷിപ്പില്‍ സിറിയയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. അന്നവള്‍ക്ക് പ്രായം വെറും 14. സിറിയന്‍ ഒളിംപിക് കമ്മിറ്റിക്കു കീഴിലായിരുന്നു പരിശീലനം.
പിന്നീട് നടന്നത് ദുരന്തങ്ങളുടെ കുത്തൊഴുക്കായിരുന്നു. 2015 ഓഗസ്റ്റില്‍ സിറിയയില്‍ നടന്ന അഭ്യന്തരയുദ്ധത്തില്‍ യുസ്‌റ മാര്‍ദിനിയുടെ വീട് പൂര്‍ണമായും തകര്‍ന്നു. മരണത്തിന്റെ തണുത്ത കൈകളില്‍ നിന്ന് ദൈവം കനിഞ്ഞുനല്‍കിയ ആയുസിന്റെ ഭാഗ്യവുമായി യുസ്‌റയും കുടുംബവും നാടുവിട്ടു. കാതങ്ങള്‍ നടന്നും തെരുവിലലഞ്ഞും അവര്‍ ജീവനിലേക്ക് വഴിതേടി. ഒടുവില്‍ സഹോദരി സാറയോടൊപ്പം ബോംബിന്റെയും ഷെല്ലിന്റെയും വെടിപ്പുകയുടേയും ചോരയുടേയും പകയുടേയും നാട്ടില്‍ നിന്ന് അവള്‍ പലായനം ആരംഭിച്ചു. പതിനേഴ് വയസുമാത്രമായിരുന്നു അന്നവളുടെ പ്രായം.
പലായനത്തിന്റെ നോവ്
സിറിയയില്‍ നിന്നു ലബനോനിലേക്കും അവിടെ നിന്നു തുര്‍ക്കിയിലേക്കും സഞ്ചാരം വിമാനത്തില്‍. തുര്‍ക്കിയില്‍ നിന്നു ഗ്രീസിലേക്ക് ഒരു ബോട്ടില്‍ കയറി. ആറോ ഏഴോ പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ സജ്ജമാക്കിയിട്ടുള്ള ബോട്ട്. കയറിയത് 20 യാത്രക്കാര്‍.
മുക്കിയും മൂളിയും യാത്രയാരംഭിച്ചു. ഗ്രീസിലെത്താന്‍ 45 മിനിട്ടും 10 കിലോമീറ്ററും ശേഷിക്കേ ബോട്ടിന് യന്ത്രത്തകരാറ്. കാഴ്ച ദൂരത്തിലെങ്കിലും കടലിനുള്ളില്‍ ബോട്ട് പ്രവര്‍ത്തനരഹിതമായി. ഒന്നും ചിന്തിച്ചില്ല. യുസ്‌റ വെള്ളത്തിലേക്ക് എടുത്തുചാടി. ഒപ്പം സഹോദരി സാറയും നീന്തലറിയാവുന്ന മറ്റു രണ്ടുപേരും. യുസ്‌റയുടെ നീന്തലിന്റെയും ജലപരിചയത്തിന്റെയും ബലത്തില്‍ ബോട്ട് മെല്ലെ മെല്ലേ മുന്നോട്ടുനീങ്ങി. യാത്രകളും യാതനകളും ബലഹീനമാക്കിയ ശരീരത്തിനുള്ളിലെ ഹൃദയത്തിന് അത്രക്കേറെ കരുത്തായിരുന്നു. ഇതേ ദുരിതങ്ങള്‍ സമ്മാനിച്ച കരുത്ത്. പോരാട്ട വീര്യം. മൂന്ന് മണിക്കൂറാണ് കടലില്‍ ബോട്ടും തള്ളി സംഘം നീന്തിയത്.
ബോട്ട് ഗ്രീസിലെത്തി. 'ഞാന്‍ മുങ്ങിമരിച്ചാല്‍ അതൊരു വലിയ നാണക്കേടായിരിക്കും. കാരണം ഞാനൊരു നീന്തല്‍കാരിയാണ്'- എന്നാണ് യുസ്‌റ പിന്നീട് ഇതേക്കുറിച്ച് പറഞ്ഞത്.
ഗ്രീസില്‍ നിന്നു ജര്‍മനിയിലേക്ക്. നടന്നും ബസിലും കള്ളവണ്ടികയറിയും ഭഗീരഥപ്രയത്‌നം തന്നെയായിരുന്നു ജര്‍മനിയിലേക്കുള്ള യാത്ര. സിറിയയില്‍ ജനിച്ചുവളര്‍ന്ന ഈ നീന്തല്‍ താരം ഇപ്പോള്‍ ജീവിക്കുന്നത് ജര്‍മനിയിലാണ്. ഇവിടെ എത്തിയ നാള്‍ മുതല്‍ ജര്‍മന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ബര്‍ലിന്‍ പ്രദേശത്തെ ഒളിംപിക്‌സ് നീന്തല്‍ക്കുളത്തില്‍ പരിശീലനവും പിന്നെ അക്കാദമിക തുടര്‍പഠനവും ആരംഭിച്ചു.
2016 റിയോ ഒളിംപിക്‌സ്
206 പതാകകള്‍ക്ക് ഏറ്റവും പിന്നില്‍ റിയോ നഗരത്തിലെ മാറക്കാന സ്‌റ്റേഡിയത്തില്‍ അണിനിരന്ന പ്രത്യേക പതാകക്കു പിന്നില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു സംഘമുണ്ടായിരുന്നു. രാജ്യത്തിന്റെ പേരുകളെഴുതിയ ജഴ്‌സിയില്ലാത്ത, പിറന്ന ദേശത്തിന്റെ കൊടിയടയാളങ്ങളില്ലാത്ത പത്തുപേരടങ്ങിയ ഒരു കുഞ്ഞു സംഘം. അഞ്ചുവളയങ്ങള്‍ മൊഞ്ചേറ്റിയ പതാകയാണ് അവര്‍ വഹിച്ചിരുന്നത്. അഭയാര്‍ഥികളുടെ സംഘം എന്ന പേരുള്ളവര്‍. അക്കൂട്ടത്തിലുണ്ടായിരുന്നു യുസ്‌റയും. മരണം വഹിച്ചെത്തുന്ന സ്‌ഫോടനങ്ങളില്‍ നിന്ന് ചിതറിത്തെറിച്ചവര്‍. ചീറ്റുന്ന തോക്കിന്‍ മുനകളില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവര്‍. മെഡിറ്ററേനിയന്‍ മണല്‍പ്പരപ്പില്‍ മുഖമമര്‍ത്തിക്കിടന്ന ഐലന്‍ കുര്‍ദിയുടെ ഓര്‍മകളില്‍ മുറിപ്പാടോടെ അവര്‍ ആ ഒളിംപിക്‌സ് തട്ടകത്തില്‍ കുതിപ്പിന്റെ താളമിട്ടു.
ജര്‍മനിയിലെത്തിയിട്ട് കഷ്ടിച്ച് ഒരുവര്‍ഷമായപ്പോഴാണ് യുസ്‌റ ഒളിംപിക് ടീമില്‍ അംഗമായത്. 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ എന്നീ ഇനങ്ങളില്‍ യുസ്‌റ മികച്ച പ്രകടനം കാഴ്ചവച്ചു. ടോക്കിയോ ഒളിംപിക്‌സില്‍ മത്സരിക്കുവാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണ് യുസ്‌റ ഇപ്പോള്‍.
അഭയാര്‍ഥികള്‍ക്കായി...
അതിനിടക്ക് അഭയാര്‍ഥികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന യു.എന്നിന്റെ ഗുഡ്‌വില്‍ അംബാസഡര്‍ എന്ന പദവി യുസ്‌റയെ തേടിയെത്തി. യുസ്‌റയുടെ ജീവിതകഥ ഗുഡ്‌നൈറ്റ് സ്റ്റോറീസ് ഫോര്‍ റിബല്‍ ഗേള്‍സ് എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. 2018 ഏപ്രില്‍ 26 ന് ബട്ടര്‍ഫ്‌ളൈ എന്ന പേരില്‍ ആത്മകഥയും പ്രസിദ്ധീകരിച്ചു. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട പുസ്തകമാണിത്. അഭയാര്‍ഥി ബോട്ടിലെ രക്ഷാപ്രവര്‍ത്തനവും ഒളിംപ്യന്‍ തുടങ്ങി പ്രതീക്ഷയുടേയും വിജയത്തിന്റേയും കുറിപ്പുകളാണത്.
ലോകമെമ്പാടുമുള്ള അഭയാര്‍ഥിക്കൂട്ടങ്ങള്‍ക്കുവേണ്ടി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ നടത്തുകയാണ് യുസ്‌റ മാര്‍ദിനിയിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."