മുരീദ് ബർഗൂസി: തൂലികയില്‍ ചലിച്ച പോരാട്ടം
കാലങ്ങളായി ഫലസ്തീന്‍ ജനതയെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ഇസ്‌റാഈല്‍ അധികാരികളുടെ നെഞ്ചിലേക്ക് മൂര്‍ച്ചയേറിയ ആശയങ്ങളുടെ തീപ്പന്തമെറിഞ്ഞ കവിയായിരുന്നു മുരീദ് അല്‍ ബര്‍ഗൂസി. കാലാഗ്നിയില്‍ പോലും ഭസ്മമായി പോകാത്ത കാവ്യബിംബങ്ങള്‍ കണ്ണുനീര്‍ത്തുള്ളികള്‍കൊണ്ട് വാര്‍ത്തെടുത്ത ബര്‍ഗൂസിയെ അവശത അനുഭവിക്കുന്ന ഒരു ജനതയുടെ ഉറച്ച ശബ്ദമായിരുന്നെന്ന് വിശേഷിപ്പിക്കാം.
ജനനം, വിദ്യാഭ്യാസം,
ജീവിതം
1944 ല്‍ ഇസ്‌റാഈല്‍ അധിനിവേശ പ്രദേശമായ വെസ്റ്റ് ബാങ്കിലെ റാമല്ലക്കടുത്ത് ദീര്‍ ഗസ്സാനയിലാണ് കവിയും നോവലിസ്റ്റുമായ മുരീദ് അല്‍ ബര്‍ഗൂസി ജനിച്ചത്. 1963 ല്‍ പഠനാവശ്യാര്‍ഥം ഈജിപ്തിലേക്ക് പോയ ബര്‍ഗൂസി 1967 ല്‍ കെയ്‌റോ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. 1967 ലെ യുദ്ധത്തില്‍ ഇസ്‌റാഈല്‍ വെസ്റ്റ് ബാങ്ക് പിടിച്ചെടുത്തതോടെ ജന്മദേശത്തേക്ക് മടങ്ങാനാവാതെ നീണ്ട കാലം അദ്ദേഹം കെയ്‌റോയില്‍ തങ്ങി. അതിനിടയില്‍ കുവൈത്തിലെ ഒരു ഭൗതിക കോളജില്‍ അധ്യാപകനായി മൂന്ന് വര്‍ഷം ജോലി ചെയ്തു.
കവിതയോടുള്ള അദ്ദേഹത്തിന്റെ താത്പര്യം കൂടുതല്‍ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. അല്‍ അദബ്, മവാഖിഫ്, അല്‍ കാത്തിബ്, അദ്ദലീല, അല്‍ അഹ്‌റാം തുടങ്ങിയ പല ആനുകാലികങ്ങളിലും അദ്ദേഹത്തിന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചുവന്നു. മൂന്നു വര്‍ഷ കാലയളവിലെ അധ്യാപന ജീവിതത്തിന് ശേഷം അദ്ദേഹം ഈജിപ്തിലേക്ക് മടങ്ങിയെത്തി. ഈജിപ്തില്‍ വച്ച് നോവലിസ്റ്റും പ്രമുഖ നിരൂപകയുമായ രിള്‌വാ ആശൂറിനെ വിവാഹം ചെയ്തു. പ്രശസ്ത അറബ് കവിയും സിനിമാ സംവിധായകനുമായ തമീം അല്‍ ബര്‍ഗൂസി അവരുടെ മകനാണ്.
10 വര്‍ഷങ്ങള്‍ക്ക് ശേഷം ബര്‍ഗൂസിയോട് ഈജിപ്ത് വിടാന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്ത് ഉത്തരവിട്ടു. ഇസ്‌റാഈലിനുവേണ്ടി ഈജിപ്തുകാരല്ലാത്ത കവികളെയും ബുദ്ധിജീവികളെയും സാദത്ത് പുറത്താക്കുന്ന കാലമായിരുന്നു അത്. 1977 ല്‍ ബര്‍ഗൂസി ഈജിപ്തില്‍ നിന്നു പുറത്താക്കപ്പെട്ടു. പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യയും മകനും ഈജിപ്തില്‍ തന്നെ തങ്ങി. ഭാര്യ ഈജിപ്തിലെ അയ്‌നു ശംസ് യൂനിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലിചെയ്തു. ലബനോനിന്റെ തലസ്ഥാന നഗരി ബെയ്‌റൂത്തിലേക്കായിരുന്നു ബര്‍ഗൂസിയുടെ പലായനം. അവിടെ നിന്ന് 1981 ല്‍ ബുഡാപെസ്റ്റിലേക്ക് പോയി. 13 വര്‍ഷം ബുഡാപെസ്റ്റില്‍ താമസിച്ച ബര്‍ഗൂസി, 1994 ല്‍ ഈജിപ്തില്‍ തിരിച്ചെത്തി. 1993 ല്‍ ഫലസ്തീനും ഇസ്‌റാഈലും തമ്മില്‍ കരാര്‍ ഒപ്പിട്ട ശേഷമാണ് ബര്‍ഗൂസിക്ക് ഒരിക്കല്‍കൂടി ജന്മനാട് കാണാനായത്. 30 വര്‍ഷം സ്വന്തം നാടും വീടും നിഷേധിക്കപ്പെട്ട പ്രവാസ ജീവിതത്തിനു ശേഷം പിറന്ന മണ്ണിലെത്തിയ കഥയാണ് 'റാമല്ല ഞാന്‍ കണ്ടു' എന്ന അദ്ദേഹത്തിന്റെ ആത്മകഥാപരമായ നോവലിന്റെ ഇതിവൃത്തം.
പ്രസ്തുത കൃതി മികച്ച നോവലിനുള്ള നജീബ് മഹ്ഫൂസ് അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തു. നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട നേവല്‍ എഡ്വേര്‍ഡ് സഈദിന്റെ അവതാരികയോടെ ഇംഗ്ലീഷിലുമെത്തി. അനിത തമ്പിയാണ് മലയാള പരിഭാഷ നിര്‍വഹിച്ചത്. ഇതിന്റെ തുടച്ചയായി 'ഞാന്‍ പിറന്നത് അവിടെ, ഞാന്‍ പിറന്നത് ഇവിടെ' എന്ന മറ്റൊരു പുസ്തകം കൂടി ബര്‍ഗൂസി എഴുതി. ജന്മനാട്ടില്‍ നിന്നു പുറന്തള്ളപ്പെട്ട് ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും അന്യനാട്ടില്‍ കഴിയേണ്ടി വന്ന കവി മൂന്ന് ഭൂഖണ്ഡങ്ങളിലായി 46 വീടുകളില്‍ താമസിച്ചിട്ടുണ്ട്.
രചനാ ലോകം
നേരത്തെ ഉദ്ധരിച്ച രണ്ട് നോവലിന് പുറമെ 12 ല്‍ പരം കവിതാ സമാഹാരങ്ങള്‍ ബര്‍ഗൂസി രചിച്ചിട്ടുണ്ട്. അവയെല്ലാം ഫലസ്തീന്‍ വിമോചന പോരാട്ടത്തെ ആവേശം കൊള്ളിച്ചതോടൊപ്പം വിവിധ ഭാഷകളിലൂടെ ലോകം ചുറ്റുകയുണ്ടായി. ജനാധിപത്യ ധ്വംസനത്തിനെതിരെയും അധിനിവേശത്തിനെതിരെയും ശക്തമായി തൂലിക ചലിപ്പിച്ച ബര്‍ഗൂസിയുടെ പ്രധാന കവിതാ സമാഹാരങ്ങളാണ് എരിവെയിലത്തൊരു ഫലസ്തീന്‍കാരന്‍, സഈദുല്‍ ഖറവിയും തെളിയുറവയുടെ മാധുര്യവും, അര്‍ധരാത്രി, കിനാവിലേക്ക് ഉണര്‍ന്നെണീക്കൂ, ഭൂമി രഹസ്യം വെളിപ്പെടുത്തുന്നു തുടങ്ങിയവ. 2000 ല്‍ മികച്ച കവിതാ സമാഹാരത്തിനുള്ള ഫലസ്തീന്‍ അവാര്‍ഡ് ബര്‍ഗൂസിയെ തേടിയെത്തി. പ്രമുഖ ഫലസ്തീന്‍ കവി മഹ്മൂദ് ദര്‍വീശിന്റെ അടുത്ത സുഹൃത്തുകൂടിയായിരുന്ന ബര്‍ഗൂസിയുടെ പേര് എഡ്വേര്‍ഡ് സഈദിനൊപ്പമോ ദര്‍വീശിനൊപ്പമോ ചേര്‍ത്തുവയ്ക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."